Wednesday 03 April 2019 11:52 AM IST : By സ്വന്തം ലേഖകൻ

ആര്യനും ബോളിവുഡിലേക്ക്! തുടക്കം കരൺ ജോഹറിനൊപ്പം

aryan-khan

മറ്റൊരു താരപുത്രൻ കൂടി ബോളിവുഡിലേക്ക്. സാക്ഷാൽ ഷാരൂഖ് ഖാന്റെ മൂത്തമകൻ ആര്യൻ ഖാനാണ്, കരൺ ജോഹർ ചിത്രത്തിലൂടെ ബി ടൗണിൽ അരങ്ങേറാൻ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ അഭിനയത്തിലല്ല ആര്യന്റെ തുടക്കം. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ‘തക്തി’ൽ സഹസംവിധായകനായാണ് ആര്യൻ പ്രവർത്തിക്കുകയത്രേ.

രൺവീർ സിങ്ങും കരീന കപൂറുമാണ് ‘തക്തി’ലെ താരങ്ങൾ. മുൻപും പല താരങ്ങളുടെയും മക്കളെ ബോളിവുഡിന് പരിചയപ്പെടുത്തിയ കരൺ ജോഹർ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മകനെയും സിനിമയിലേക്കു കൈപിടിച്ചു കയറ്റുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 21 വയസ്സുകാരനാണ് ആര്യന്‍.

ആര്യൻ ഫിലിം മേക്കിംഗ് പഠിക്കുകയാണെന്നും ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ ചേരാൻ അവന് ആഗ്രഹമുണ്ടെന്നും മുൻപ് ഒരു അഭിമുഖത്തിൽ ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു. “ആര്യൻ സിനിമാസംവിധാനവും എഴുത്തുമാണ് പഠിക്കുന്നത്. സുഹാനയ്ക്കാണ് അഭിനയത്തോട് താൽപര്യം. ഫിലിം മേക്കിങ് കോഴ്സ് കഴിഞ്ഞാൽ കരണിനൊപ്പം അസിസ്റ്റന്റായി ചേരാൻ ആര്യൻ ആഗ്രഹിക്കുന്നുണ്ട്”.– ഷാരൂഖ് പറഞ്ഞതിങ്ങനെ.

ആലിയ ഭട്ട്, വിക്കി കൗശൽ, ഭൂമി പാട്നേക്കർ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങി വലിയൊരു താരനിര തന്നെ അണി നിരക്കുന്ന ചിത്രമാണ് ‘തക്ത്’. 2020ല്‍ ആണ് റിലീസ്. ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. മുഗൾ കാലഘട്ടമാണ് കഥാ പശ്ചാത്തലം.