Monday 15 October 2018 09:51 AM IST : By സ്വന്തം ലേഖകൻ

ആഷിഖ് അബു സിനിമകളിൽ ഇനി ‘സമാന്തര പരാതി സെൽ’; പുതിയ തുടക്കവുമായി ‘ഒ.പി.എം’

ashique-abu

തങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ‘ഐ.സി.സി’ അഥവാ ഒരു സമാന്തര പരാതി സെൽ പ്രവർത്തിക്കുന്നതായിരിക്കുമെന്നും എല്ലാ വിധത്തിലുള്ള തൊഴിൽ പീഡനങ്ങളും, പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്നും ആഷിഖ് അബുവും റിമ കല്ലിങ്കലും. ഇരുവരുടെയും നേതൃത്വത്തിലുള്ള ‘ഒ.പി.എം’ നിർമ്മിക്കുന്ന ചിത്രങ്ങളിലാണ് ഈ സംവിധാനം പ്രവർത്തിക്കുകയെന്ന് ആഷിഖ് അബു ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. തോഴിലിടത്തെ പീഡന പരാതികൾ സിനിമയിൽ വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ച സാഹചര്യത്തിലാണ്, ‘സുരക്ഷിത തൊഴിലിടം, എല്ലാവർക്കും’ എന്ന ആശയവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു.

അതേ സമയം തമിഴ് സിനിമയില്‍ ‘മീ ടൂ’ ആരോപണങ്ങള്‍ പഠിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് നടികര്‍സംഘം നേതാവ് വിശാലും വ്യക്തമാക്കി. ബോളിവുഡിന്റെ വിവിധ മേഖലകളില്‍ നിന്നുയരുന്ന തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ പരാതികള്‍ പഠിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.