Tuesday 16 October 2018 04:41 PM IST : By സ്വന്തം ലേഖകൻ

ആശിഷ് പട്ടേൽ പുറത്ത്; മീടൂവിന് കൈ കൊടുത്ത് യഷ്‌രാജ് ഫിലിംസും

yash-raj

‘മീ ടൂ’ വിന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടുമായി വീണ്ടും ബോളിവുഡ്. ആരോപണവിധേയനായ ആശിഷ് പട്ടേലിനെ പിരിച്ചുവിട്ട് യഷ്‌രാജ് ഫിലിംസും ‘മീ ടൂ’ ക്യാംപെയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ വൈസ് പ്രസിഡന്റും ക്രിയേറ്റീവ് ഹെഡുമായിരുന്നു ആശിഷ് പട്ടേൽ. പേരു വെളിപ്പെടുത്താനിഷ്ടപ്പെടാത്ത യുവതിയുടെ തുറന്ന് പറച്ചിലിനെ തുടർന്നാണ് തീരുമാനം.

യഷ്‌രാജിന്റെ സിനിമയിൽ മികച്ച അവസരങ്ങൾ തരാമെന്ന് വാഗ്ദാനം നൽകി ആശിഷ് പട്ടേൽ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി ട്വിറ്ററില്‍ കുറിച്ചത്.

ആരോപണം വന്നതിനു പിന്നാലെ, ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്നും യുവതിയോട് സംഭവത്തെ കുറിച്ച് യഷ് രാജ് ഫിലിംസിന്റെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി അധ്യക്ഷന് പരാതി നൽകാൻ ആവശ്യപ്പെട്ടുകൊണ്ടും യഷ്‌രാജ് ഫിലിംസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.