Wednesday 01 August 2018 02:33 PM IST

‘പഞ്ചാരയാകുമെന്ന് പേടിച്ച് ജ്യൂസു പോലും എനിക്ക് തന്നില്ല’; ചുള്ളൻ ‘ഇബിലീസായി’ മാറിയ ഫിറ്റ്നസ് സീക്രട്ട് പങ്കുവച്ച് ആസിഫ് അലി

Rakhi Parvathy

Sub Editor

asif-makeover

ഒരു ‘ഇബിലീസിനായുള്ള’ മലയാളക്കരയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. യുവ–കുടുംബ പ്രേക്ഷകരുടെ പ്രിയനായകൻ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആസിഫ് അലി–മഡോണ ജോഡി ആദ്യമായൊരുമിക്കുന്ന ചിത്രം, പുതുമയുള്ള പ്രമേയം, കരുത്തുറ്റ താരനിര അങ്ങനെ തുടങ്ങി ഇബിലീസിനായി കാത്തിരിക്കാനുള്ള കാരണങ്ങൾ നിരവധി.

പ്രേക്ഷകരുടെ ആകാംക്ഷയേറ്റി ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ട്രെയിലറിൽ ആസിഫിന്റെ ‘ഇബിലീസ്’ മേക്ക് ഓവർ കണ്ട പ്രേക്ഷകർ ആദ്യമൊന്നമ്പരന്നു. ഭാരം കുറച്ച് ചുള്ളൻ ലുക്കിലെത്തിയ ആസിഫ് അലിയെയാണ് പ്രേക്ഷകർക്ക് കാണാനായത്.

ചുരുങ്ങിയ സമയം കൊണ്ടുള്ള ആസിഫ് അലിയുടെ ഈ മേക്ക് ഓവർ രഹസ്യം എന്തെന്നായി പിന്നെ പ്രേക്ഷകരുടെ ചോദ്യം. അതിനുള്ള ഉത്തരവും ആസിഫ് അലി തന്നെ പറയുകയാണ്. 10 കിലോ ടാർഗറ്റ് വച്ച് കഷ്ടപ്പെട്ട് 8 കിലോ വരെ കുറയ്ക്കുകയായിരുന്നു എന്ന് ആസിഫ് പറയുന്നു. വനിത ഓൺലൈനിനു നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫ് ഫിറ്റ്നസ് സീക്രട്ട് പരസ്യമാക്കിയത്.

ib-2

എന്തൊക്കെയായിരുന്നു ആ തയാറെടുപ്പുകൾ?

ബി ടെക്കിന്റെ ആദ്യ ആഴ്ച മുതൽ ഡയറ്റും വർക്കൗട്ടും തുടങ്ങിയതാണ്. ബി ടെക് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞായിരുന്നു ഇബിലീസിന്റെ ഷൂട്ട്. 10 കിലോ ടാർഗറ്റ് വച്ചിട്ട് എട്ടു കിലോ വരെ വളരെ കഷ്ടപ്പെട്ട് കുറച്ചു. കൊല്ലംകോടാണ് സിനിമ ചെയ്തിരുന്നത്. 40 ഡിഗ്രി ചൂടിൽ ആയിരുന്നു ഈ കഷ്ടപ്പെട്ട ഡയറ്റ്. മൂന്നു മണിക്കൂറോളം എക്സർസൈസ്, ഭക്ഷണം രാവിലെ മധുരക്കിഴങ്ങ്, എഗ് വൈറ്റ്സ്, ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ചീര. എഗ് വൈറ്റ്സ്, വൈകിട്ട് ഒരു ഫുൾ ചിക്കൻ, എഗ് വൈറ്റ്സ്. ജ്യൂസു പോലും എനിക്ക് തരില്ല മധുരത്തിന്റെ അളവ് കയറാതിരിക്കാൻ. അങ്ങനെ മൂന്നു മണിക്കൂർ വർക്കൗട്ടും ഈ ഭക്ഷണ ക്രമവും കൊണ്ട് പതിയെ 8 കിലോ കുറച്ചു. പിന്നെ മീശയും താടിയും എടുത്ത് മേക്കപ്പ് ടെസ്റ്റിന് വന്നപ്പോൾ ഓകെ ആണ് എന്ന ഒരു സാറ്റിസ്ഫാക്‌ഷനുണ്ട്. ആ നിമിഷത്തിലാണ് ഡെഡിക്കേഷൻ എന്നതൊക്കെ സ്വയം തോന്നുന്നത്.

ഇബിലീസ്’ ആ പേരിൽ തന്നെ വെറൈറ്റിയാണല്ലോ? എന്താണ് ചിത്രത്തിന്റെ പ്രത്യേകതകൾ?

ഇബിലീസ് ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി സിനിമയാണ്. ഒരു സാങ്കൽപ്പിക ഗ്രാമവും അവിടത്തെ കുറെ വിശ്വാസങ്ങളും അവിടുത്തെ കഥാപാത്രങ്ങൾ എന്നിവയൊക്കെയാണ് ഇബിലീസ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ചെയ്തതും രോഹിതിന്റെ ഒപ്പമാണ്. അതും ഒരു ഔട്ട് ഓഫ് ദി ബോക്സ് സിനിമ ആയിരുന്നു. ഇബിലീസ് പിറന്നതും ആ സൗഹൃദക്കൂട്ടിൽ നിന്നു തന്നെയാണ്. ഈ സിനിമയിൽ എഡിറ്റർ മാത്രമാണ് പുതിയ ടെക്നീഷ്യൻ. ഓമനക്കുട്ടനിൽ വളരെ ഇൻട്രോവെർട്ട് ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രോഹിതിന് വളരെ വ്യക്തത ഉണ്ടായിരുന്നു എങ്ങനെ ആയിരിക്കണം ഓമനക്കുട്ടൻ എന്നത്. സംസാരവും പെരുമാറ്റവും വരെ വ്യത്യസ്തം. ബി ടെക്കിനു ശേഷം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇബിലീസ്. ബിടെക്കിലെ ആനന്ദിൽ നിന്നും ഇബിലീസിലെ വൈശാഖൻ എന്ന നായകനിലേക്ക് എത്താൻ 12 വയസ്സാണ് കുറയ്ക്കേണ്ടിയിരുന്നത്. ഒരു പയ്യനിലേക്ക് എത്താൻ വേണ്ടി നടത്തിയ തയാറെടുപ്പും കഥാപാത്രത്തെ പഠിക്കലും എല്ലാം വളരെ ആവേശത്തോടെയാണ് അതുകൊണ്ടു ചെയ്തത്.

iblees-cover