Monday 06 July 2020 12:52 PM IST

ദുബായിലേക്ക് എല്ലാ വർഷവും ഒരു പൊതിയെത്തും, അതിൽ നിറയെ സ്നേഹത്തിന്റെ രുചികളായിരിക്കും! എന്റെ അമ്മച്ചിയുടെ കരുതൽ ഒന്നു കൂടി അനുഭവിക്കാൻ എനിക്കായില്ലല്ലോ?

V.G. Nakul

Sub- Editor

a1

അൽഫോൺസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അൽഫോൺസാമ്മയുടെ വേഷവും ആ പരമ്പരയും അശ്വതിക്കു നേടിക്കൊടുത്തത്. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം പാതി വഴിയിൽ നിന്നപ്പോൾ മറ്റു രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സർവകാല ഹിറ്റുകളായി. അതിൽ ഒന്ന് ‘അൽഫോൺസാമ്മ’. മറ്റൊന്ന് ‘കുങ്കുമപ്പൂ’.

അൽഫോൺസാമ്മയിൽ കരുണയുടെ മഹാപ്രവാഹമായ അൽഫോൺസാമ്മയെങ്കിൽ, കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തി. രണ്ടും തന്റെതായ അഭിനയ ശൈലിയിലൂടെ മികച്ചതാക്കാൻ അശ്വതിക്കായി. ഇപ്പോഴും ഈ കഥാപാത്രങ്ങളിലൂടെ അശ്വതി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

വിവാഹ ശേഷം സീരിയൽ വിട്ട് കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമായ അശ്വതിക്ക് ലോക്ക് ഡൗൺ കാലം സമ്മാനിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത വേദനകളിലൊന്നാണ്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരിലൊരാൾ അശ്വതിയെ വിട്ടു പോയി. അശ്വതിയുടെ അമ്മയുടെ അമ്മ രാജമ്മ മാത്യുവിന്റെ മരണം അശ്വതിയിൽ സൃഷ്ടിച്ച വേദന ഇപ്പോഴും വിട്ടു പോയിട്ടില്ല. തന്റെ പ്രിയപ്പെട്ട അമ്മച്ചിയെ അവസാനമായി ഒന്നു കാണാനാകാത്തതിന്റെ, ആ നെറ്റിയിൽ ഒരു അന്ത്യചുംബനം നൽകാനാകാത്തതിന്റെ വേദയോടെയാണ് അശ്വതി ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയത്.

‘‘ഞാനും അനിയത്തിമാരും ദുബായിൽ ആണ്. ഞങ്ങളെ അവസാനമായി ഒന്നു നേരിൽ കാണമെന്ന് അമ്മച്ചിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് അമ്മച്ചി പറയുകയും ചെയ്തു. പക്ഷേ സാധിച്ചില്ല... ഇത്ര വേഗം അമ്മച്ചി പോകുമെന്ന് പ്രതീക്ഷിച്ചതല്ലല്ലോ...’’.– പറഞ്ഞു തുടങ്ങിയപ്പോൾ അശ്വതിയുടെ വാക്കുകൾ ഇടറി. ശബ്ദത്തിൽ സങ്കടത്തിന്റെ കനം.

‘‘അമ്മച്ചിക്ക് 92 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങള്‍ക്ക് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. എന്നെയും അനിയത്തിമാരെയും അവസാനമായി ഒരു നോക്ക് കാണണമെന്നു വലിയ ആഗ്രഹമായിരുന്നു. ലോക്ക് ഡൗൺ കാരണം ഞങ്ങൾക്ക് ദുബായിൽ നിന്നു നാട്ടിലെത്താൻ സാധിച്ചില്ല. ഒടുവില്‍ ആ മോഹം ബാക്കിവച്ച് കഴിഞ്ഞ മെയ് 3–ാം തീയതി അമ്മച്ചി പോയി. മരണ സമയത്ത് ഞങ്ങളുടെ മമ്മി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളു. ഞങ്ങളുടെ പപ്പ ബോംബെയിലും കുടുങ്ങിപ്പോയിരുന്നു.

ഞാനും എന്റെ അനിയത്തിമാരും ദുബായിലിരുന്ന്, വിഡിയോ കോളിലൂടെയാണ് അമ്മച്ചിയുടെ മരണാനന്തര ചടങ്ങുകള്‍ കണ്ടത്. അമ്മച്ചിയുടെ അവസാന നിമിഷങ്ങളിൽ ഞങ്ങൾക്കാർക്കും ഒപ്പമുണ്ടാകാൻ സാധിക്കാത്തതിൽ വലിയ സങ്കടമുണ്ട്. ഇപ്പോഴും അതിന്റെ വേദന മാറിയിട്ടില്ല’’.

a3

അമ്മയായ അമ്മച്ചി

എന്റെ അമ്മ അമ്മച്ചിയുടെ ഒറ്റമോളാണ്. അച്ഛന്റെ അമ്മയും അപ്പനും മമ്മിയുടെ അപ്പനും ഞങ്ങൾ തീരെ കുഞ്ഞുങ്ങളായിരിക്കെ മരിച്ചു. മമ്മിയുടെ കല്യാണം കഴിഞ്ഞ് പപ്പയും മമ്മിയും പപ്പയുടെ നാടായ പാലക്കാട് തച്ചമ്പാറയിലേക്കു വന്നപ്പോൾ അമ്മച്ചിയും ഒപ്പം വന്നു. കളക്ട്രേറ്റിലെ സൂപ്രണ്ടായിരുന്നു അമ്മച്ചി. ട്രാൻസ്ഫറായി പാലക്കാടെത്തി സെറ്റിൽ ആകുകയായിരുന്നു.

ഓർമവച്ച നാൾ മുതൽ അമ്മച്ചി ഒപ്പമുണ്ട്. എന്നെയും എന്റെ അനിയത്തിമാരെയും വളർത്തിയത് അമ്മച്ചിയാണ്. സ്കൂളിൽ ചേർക്കാനും പി.ടി.എ മീറ്റിങ്ങിനുമൊക്കെ അമ്മച്ചിയാണ് വരിക. മമ്മയും പപ്പയുമൊന്നും വന്നിട്ടേയില്ലെന്നു പറയാം. അമ്മച്ചിയെയാണ് സ്കൂളിലുള്ളവർക്കും അറിയുക. ഞാന്‍ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചാൽ പിറ്റേദിവസം അമ്മച്ചി സ്കൂളിൽ ഹാജരായിരിക്കും. അമ്മച്ചിയുടെ ലോകം ഞങ്ങളായിരുന്നു.

a2

ജീവിത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിച്ചത് അമ്മച്ചിയാണ്. ‘ഇന്നത് ചെയ്യരുത് മക്കളേ, ഇന്നതേ ചെയ്യാവൂ’ എന്നു പറഞ്ഞു വളർത്തിയത് അമ്മച്ചിയാണ്. മമ്മി കൂടെയുണ്ടെങ്കിലും എന്നെയും എനിക്കു താഴെയുള്ള രണ്ട് അനിയത്തിമാരെയും കൈവെള്ളയിലാണ് അമ്മച്ചി കൊണ്ടു നടന്നത്. ദേഷ്യക്കാരിയും വാശിക്കാരിയുമൊക്കെയാണെങ്കിലും ഞങ്ങളുടെ കാര്യത്തിൽ അതൊന്നും കാണിച്ചിട്ടേയില്ല.

അമ്മച്ചിയുടെ പെൻഷൻ വരുന്ന ദിവസം എനിക്കും അനിയത്തിമാർക്കും ആഘോഷമാണ്. പുതിയ ഡ്രസ്, ഫുഡ്, ഗോൾഡ് ഒക്കെയായി ഷോപ്പിങ്ങിന്റെ ബഹളമാണ്. അമ്മച്ചിയുടെ പെൻഷൻ പൈസ മൊത്തം ഞങ്ങൾക്കു വേണ്ടിയാണ് ചെലവാക്കിയിരുന്നത്.

അമ്മച്ചി പോയിട്ടില്ല

ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ അമ്മച്ചി പോയി എന്നു വിശ്വസിക്കുവാനാകുന്നില്ല. ഒരു പക്ഷേ അമ്മച്ചിയുടെ മരണം നേരിൽ കാണാത്തതു കൊണ്ടുമാകാം. ഞങ്ങളെ ദൈവം അതു നേരിൽ കാണിക്കാതിരുന്നതുമാകാം എന്നു തോന്നുന്നു. നേരില്‍ കണ്ടിരുന്നെങ്കിൽ ഏതു രീതിയിലാകും ഞങ്ങൾ പ്രതികരിക്കുകയെന്നും ഉറപ്പില്ല. അത്രയും പ്രിയപ്പെട്ട ഒരാളാണല്ലോ ഇല്ലാതെയായത്...ഇപ്പോഴും ഞങ്ങളെ കാത്ത് അമ്മച്ചി നാട്ടിലുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്...

ആ രുചി ഇനിയില്ലല്ലോ

എല്ലാവർഷവും അമ്മച്ചി ഞങ്ങൾക്ക് ഓരോ പൊതി കൊടുത്തയയ്ക്കും. എനിക്കിഷ്ടപ്പെട്ട മാങ്ങാ അച്ചാറും ഇഞ്ചിക്കറിയുമൊക്കെ ആ പൊതിയിലുണ്ടാകും. കഴിഞ്ഞ തവണ അമ്മച്ചി അയച്ച പ്രസിമോൾ എന്നെഴുതിയ പൊതിയുടെ മുകളിൽ അമ്മച്ചി കൈവച്ച് നിൽക്കുന്ന ആ പടം കഴിഞ്ഞ ദിവസം ഫോണിൽ വീണ്ടും കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി.

92 വയസ്സുവരെ അമ്മച്ചിക്ക് ദൈവം ആയുസ്സു കൊടുത്തല്ലോ. എന്റെ മക്കളെ വരെ കാണാൻ പറ്റിയല്ലോ. അധികം കഷ്ടപ്പെടുത്താതെ തിരികെ വിളിച്ചല്ലോ...അതൊക്കെയാണു സമാധാനം.