Monday 02 December 2019 11:00 AM IST

‘ലൊക്കേഷനിൽ ഒന്നു വരൂ, സംവിധായകനെ കണ്ടിട്ട് പൊയ്ക്കോളൂ’! അശ്വതി മനസ് തുറക്കുന്നു

V.G. Nakul

Sub- Editor

aswathy-new

അൽഫോൺസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അൽഫോൺസാമ്മയുടെ വേഷവും ആ പരമ്പരയും അശ്വതിക്കു നേടിക്കൊടുത്തത്. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം പാതി വഴിയിൽ നിന്നപ്പോൾ മറ്റു രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സർവകാല ഹിറ്റുകളായി. അതിൽ ഒന്ന് അൽഫോൺസാമ്മ. മറ്റൊന്ന് ‘കുങ്കുമപ്പൂ’. അൽഫോൺസാമ്മയിൽ കരുണയുടെ മഹാപ്രവാഹമായ അൽഫോൺസാമ്മയെങ്കിൽ, കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തി. രണ്ടും തന്റെതായ അഭിനയ ശൈലിയിലൂടെ മികച്ചതാക്കാൻ അശ്വതിക്കായി. ഇപ്പോഴും ഈ കഥാപാത്രങ്ങളിലൂടെ അശ്വതി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അടുത്തിടെയായി പ്രേക്ഷകർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, അശ്വതി എവിടെപ്പോയി?

കുറച്ചു കാലമായി അശ്വതിയെ അഭിനയ രംഗത്ത് സജീവമായി കാണാറില്ല. അതിനുള്ള ഉത്തരം അശ്വതി തന്നെ പറയട്ടെ,

‘ഇപ്പോൾ, കുടുംബത്തോടൊപ്പം ദുബായിൽ ആണ്. അഭിനയം നിർത്തിയിട്ടില്ല. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. അതു കഴിഞ്ഞ് ‘മനസ്സറിയാതെ’ യിൽ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും വന്നു. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഭർത്താവിനൊപ്പം യുഎഇയിലേക്ക് വന്നത്. ഇവിടെ ഷോർട് ഫിലിംസിൽ അഭിനയിക്കുന്നുണ്ട്. ആറു മാസം മുമ്പ് ‘H2O’ എന്ന ഒരു ഷോർട് ഫിലിം ചെയ്തു. ഞാൻ അഭിനയരംഗം നിന്ന് വിട്ടിട്ടേയില്ല. വിടണം എന്ന ആഗ്രഹവുമില്ല. നല്ല അവസരങ്ങൾ വരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ, സീരിയലിലും സിനിമയിലും നല്ല റോളുകളിലൂടെ മടങ്ങി വരാൻ തയാറെടുക്കുന്നു’’.

ജീവിതത്തിലെയും അഭിനയ രംഗത്തെയും പുതിയ വിശേഷങ്ങൾ ‘വനിത ഓൺലൈനി’ലൂടെ അശ്വതി പറഞ്ഞു തുടങ്ങിയതിങ്ങനെ.

പാളിപ്പോയ തുടക്കം

2007 ൽ ആണ് തുടക്കം. ‘തകധിമി’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സജീവമായത്. അതിനു മുമ്പ് ചെറിയ ചില ആൽബങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. റിയാലിറ്റി ഷോയിൽ വന്ന ശേഷമാണ് സെൻട്രൽ പിക്ചേഴ്സ് നിർമിച്ച ‘കാണാക്കുയിൽ’ എന്ന സീരിയലില്‍ അവസരം ലഭിച്ചത്. അതിൽ ഡബിൾ റോൾ ആയിരുന്നു. ‘കാണാക്കുയിൽ’ അധികകാലം മുന്നോട്ടു പോയില്ല. സീരിയലിൽ ഒരു ബ്രേക്ക് ലഭിച്ചത്, 2008 ൽ ‘അൽഫോൺസാമ്മ’യിലൂടെയാണ്. ‘കാണാക്കുയിൽ’ തീർന്ന ഉടൻ അൽഫോസാമ്മയിലേക്കു വിളിച്ചു.

wathy new 5

മനസില്ലാ മനസോടെ അൽഫോൺസാമ്മയിൽ

‘കാണാക്കുയിൽ’ പ്രേക്ഷകർ സ്വീകരിക്കാത്തത് എന്നെപ്പോലെ ഒരു തുടക്കക്കാരിയെ സംബന്ധിച്ച് വലിയ വേദനയായിരുന്നു. കുറച്ച് എപ്പിസോഡുകൾ കൊണ്ട് അത് തീർന്നല്ലോ എന്നത് സങ്കടമായി. അതിനിടെയാണ് അൽഫോൺസാമ്മയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷിബുവിന്റെ കോൾ വരുന്നത്. ആദ്യം 36 വയസുള്ള കന്യാസ്ത്രീയുടെ വേഷം എന്നു പറഞ്ഞപ്പോള്‍ താൽപര്യം തോന്നിയില്ല. ‘ലൊക്കേഷനിൽ ഒന്നു വരൂ, സംവിധായകനെ കണ്ടിട്ട് പൊയ്ക്കോളൂ’ എന്നു പറഞ്ഞു. അങ്ങനെയാണ് മനസില്ലാമനസ്സോടെ ചെന്നത്. സംവിധായകനെ കണ്ടപ്പോഴാണ്, 18 വയസ് തൊട്ട് 36 വയസു വരെയുള്ള കാലഘട്ടമാണ് കാണിക്കുന്നത് എന്നറിഞ്ഞത്. കോസ്റ്റ്യൂം ടെസ്റ്റ് നടത്തിയ ശേഷം കണ്ടിന്യൂ ചെയ്യുകയല്ലേ എന്ന് സംവിധായകൻ ചോദിച്ചു. അങ്ങനെയാണ് അൽഫോൺസാമ്മ ആയത്.

പ്രേക്ഷകരുടെ സ്നേഹം

അൽഫോൺസാമ്മ വലിയ വിജയമായി. പ്രേക്ഷകർ ആ കഥാപാത്രത്തെ മനസ്സിലേറ്റി. പാലാ–ഭരണങ്ങാനം ഭാഗത്ത് ഒരു ദിവസം ഞാൻ പോയപ്പോൾ, ആരും മനസ്സിലാക്കില്ല എന്നു കരുതിയെങ്കിലും ഞെട്ടിപ്പോയി. പള്ളിയിലേക്കു കയറിയപ്പോൾ അവരുടെ മുമ്പിൽ അൽഫോൺസാമ്മ വന്നു എന്ന രീതിയിൽ ആളുകൾ ചുറ്റും കൂടി. തലയിൽ കൈ വച്ച് പ്രാർത്ഥിക്കാനൊക്കെ പലരും ആവശ്യപ്പെട്ടു. ആ കഥാപാത്രം അത്ര വലിയ അനുഭവമാണ് സമ്മാനിച്ചത്.

നായികയിൽ നിന്നു വില്ലത്തിയിലേക്ക്

‘അൽഫോൺസാമ്മ’ കഴിഞ്ഞ ഉടൻ തന്നെയായിരുന്നു ‘കുങ്കുമപ്പൂവ്’ വന്നത്. അതിൽ പക്കാ നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു. വിളിച്ചപ്പോഴേ അവർ അതു പറഞ്ഞിരുന്നു. കേട്ടപ്പോൾ എനിക്കും താൽപര്യം തോന്നി. ഒരു പോസിറ്റീവ് ചെയ്തു, ഇനി ഒരു നെഗറ്റീവ് ചെയ്താൽ പെർഫോമൻസിന് കൂടുതൽ സാധ്യതയുണ്ടാകുമല്ലോ. ലൊക്കേഷനില്‍ ചെന്നപ്പോൾ മുടിയെല്ലാം കട്ട് ചെയ്ത്, സ്ട്രെയിറ്റൺ ചെയ്ത് പുതിയ ഗെറ്റപ്പിലേക്കു മാറ്റി. ‘കുങ്കുമപ്പൂ’ ഒറ്റ ആഴ്ചയ്ക്കുള്ളിൽ വലിയ ഹിറ്റായി. നെഗറ്റീവ് ആയിരുന്നു എങ്കിലും അമല എന്ന ക്യാരക്ടറിനോട് പ്രേക്ഷകർക്ക് ദേഷ്യം തോന്നിയിരുന്നില്ല. ഒരിക്കൽ മാത്രമാണ് മറിച്ച് സംഭവിച്ചത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പ്രായമുള്ള ഒരു അപ്പച്ചൻ വന്നിട്ട് കുറേ ചൂടായി. നാലു വർഷം ‘കുങ്കുമപ്പൂ’ ഉണ്ടായിരുന്നു. കാണാക്കുയിൽ, അൽഫോൺസാമ്മ, കുങ്കുമപ്പൂ, മനസ്സറിയാതെ എന്നീ 4 സീരിയലുകള്‍ ചെയ്തു. മനസ്സറിയാതെ വന്നത് 2015 ൽ ആണ്. അത് കുറച്ച് എപ്പിസോഡിന് ശേഷം നിന്നു പോയി.

aswathy new 4

കുടുംബം എന്ന ശക്തി

പാലക്കാടാണ് നാട്. ഞാൻ ജനിച്ചത് ദുബായിലാണെങ്കിലും പഠിച്ചതും വളർന്നതും പാലക്കാട്ടാണ്. പപ്പ തോമസ് ചെറിയാൻ ദുബായിലായിരുന്നു. മമ്മി സിമി. രണ്ട് അനിയത്തിമാർ, ടോളിയും നിറ്റുവും. എല്ലാവരും ഇപ്പോൾ യുഎഇ യിൽ ആണ്. കുഞ്ഞിലേ മുതൽ കുടുംബം വലിയ പിന്തുണ നൽകി. 5 വയസ് തൊട്ടേ ഡാൻസ് പഠിച്ചിരുന്നു. അഭിനയ രംഗത്തേക്കു വന്നില്ലായിരുന്നു എങ്കിൽ ഞാൻ ഒരു നർത്തകി ആകുമായിരുന്നു. ചെറുതിലേ സ്റ്റേജ് പ്രോഗ്രാംസ് ചെയ്തിരുന്നു. അമ്മയുടെ അമ്മയായിരുന്നു വലിയ താൽപര്യം കാട്ടിയത്. വിവാഹ ശേഷം ഭർത്താവും പറയുന്നത്, നീ വെറുതെ ഇരിക്കരുത് എന്നാണ്.

സിനിമ എന്ന മോഹം

അൽഫോൺസാമ്മയ്ക്കും കുങ്കുമപ്പൂവിനും ഇടയിൽ ‘ഒരു നുണക്കഥ’ എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ് നടൻ വിവേക് ആദ്യമായി അഭിനയിച്ച മലയാള ചിത്രമാണ്. പക്ഷേ, അത് ശ്രദ്ധിക്കപ്പെട്ടില്ല. അന്നും ഇന്നും എന്നും സിനിമയാണ് ആഗ്രഹം. ‘കുങ്കുമപ്പൂവ്’ തുടങ്ങുന്നതിന് ഒരു മാസം മുമ്പായിരുന്നു കല്യാണം. കുടുംബത്തിന്റെയും സീരിയലിന്റെയും തിരക്കുകൾ വന്നതോടെ ഞാൻ പിന്നീട് സിനിമയിൽ ശ്രമിച്ചില്ല എന്നതാണ് സത്യം.

aswathy new 2

പ്രണയം, വിവാഹം

എന്റെയും ജെറിന്റെയും പ്രണയവിവാഹമായിരുന്നു. ഓർക്കുട്ട് വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി. ഇരു വീട്ടുകാരും സമ്മതിച്ച്, 2010 ൽ ആയിരുന്നു വിവാഹം. ഞങ്ങൾക്ക് രണ്ട് മക്കൾ. മൂത്തയാൾ ജോഹന്ന ജെറിൻ ഗ്രേറ്റ് 2 വിന് പഠിക്കുന്നു. ഇളയവൾ ബ്രിയന്ന ജെറിന് 4 വയസ്. ജെറിൻ അബുദാബിയില്‍ ഐ.ടി മാനേജരായി ജോലി ചെയ്യുന്നു.

aswathy new 3

മരിച്ചയാൾക്ക് ദീർഘായുസ് നേർന്നാൽ

ജീവിത്തത്തിൽ ധാരാളം മണ്ടത്തരങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓർമയിൽ നിൽക്കുന്നത് ഒരു ചടങ്ങിനിടെയുണ്ടായതാണ്. ഞാൻ ഒരിടത്ത് ഒരു വ്യക്തിയുടെ മെമ്മോറിയൽ പ്രോഗ്രാമിനു വേണ്ടി പോയി. മൈക്ക് എപ്പോഴും എനിക്ക് പേടിയാണ്. അഭിനയിക്കാം, പക്ഷേ പ്രസംഗിക്കാനാകില്ല. മൈക്ക് കയ്യിൽ കിട്ടിയാൽ ‘ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല സാറേ...’ എന്നു പറയും പോലെ ആകെക്കൂടെ ഒരു വിറയലാണ്. അന്നും ആശംസ പറയാൻ ക്ഷണിച്ചതും ഞാൻ മൈക്കിന് മുന്നിൽ നിന്ന് വിറയ്ക്കാൻ തുടങ്ങി. എങ്ങനെയൊക്കെയോ സംസാരിച്ചു. കുറേക്കഴിഞ്ഞപ്പോൾ ആളുകൾ ഭയങ്കര ചിരി. ഞാൻ കരുതി എന്റെ ഗംഭീര പ്രസംഗം കേട്ടിട്ടാണെന്ന്. തൃപ്തിയോടെ സീറ്റിൽ വന്നിരുന്നപ്പോഴാണ് അടുത്തിരുന്ന എം.എൽ.എ കാര്യം പറഞ്ഞത്, ‘മോള് ഇപ്പൊ ആശംസ പറഞ്ഞ് ദീർഘായുസു നേർന്നില്ലേ, അയാളുടെ ഓർമപ്പരിപാടിയാണ് ഇത്’ എന്ന്. കക്ഷി മരിച്ചിട്ട് 15 വർഷമായത്രേ. അത് കേട്ടപ്പോൾ ആ നിമിഷം ഭൂമി പിളർന്ന് താഴേക്കു പോയാൽ മതി എന്നായിരുന്നു എനിക്ക്.