Saturday 24 August 2019 09:33 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ’ എന്നു കാമുകൻ, ‘ഇല്ല’ എന്ന് കണ്ണിൽ ചോരയില്ലാത്ത കാമുകി! ആ പ്രണയസാഫല്യത്തിന് 7 വയസ്സ്

aswathy-new

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. വേറിട്ട ശൈലിയിലൂടെ അവതാരക എന്ന നിലയിൽ ചുരുങ്ങിയ കാലത്തിനിടെ അശ്വതി തന്റെ ഇടമുറപ്പിച്ചു.

എഴുത്തുകാരി എന്ന നിലയിലും സാന്നിധ്യമറിയിച്ചിട്ടുള്ള അശ്വതി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അശ്വതി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പ്രണയിച്ച് വിവാഹിതയായ അശ്വതിയുടെ വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കുമെന്ന പ്രതീക്ഷയില്ലാതിരുന്ന സമയത്തെ കാമുകനുമായുള്ള സംസാരത്തെക്കുറിച്ചാണ് അശ്വതി കുറിച്ചിട്ടുള്ളത്. കാത്തിരിപ്പിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ് അശ്വതിയും ശ്രീകാന്തും ഒരുമിച്ചത്. ആ സന്തോഷവും അവര്‍ പങ്കുവച്ചു.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ:

വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്ളീഷേ ചോദ്യം : ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല.
കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം...ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവിൽ വന്നിരുന്നില്ല).
കാമുകി: ഓഹ്, അതല്ലെന്ന്... എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താൽ ഒരു രസോണ്ടാവൂല്ല ?
കാമുകൻ : (തലയിൽ കൈവച്ച്)

കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയെടുത്ത് ഫ്രെയിം ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ ?
Happy anniversary my love

അശ്വതിയുടെ പോസ്റ്റ് ഇതിനോടകം വൈറലാണ്.