Thursday 23 May 2019 05:34 PM IST

‘അതോടെ ആകെ ചിന്താക്കുഴപ്പത്തിലായി, സിനിമയും ശരിയാകുന്നില്ല, വേറെ ഒന്നും ചെയ്യാനും അറിയില്ല’! 38 വർഷത്തെ അഭിനയ ജീവിതം പറഞ്ഞ് ബൈജു സന്തോഷ്

V.G. Nakul

Sub- Editor

b5 ചിത്രങ്ങൾ – ശ്രീകാന്ത് കളരിക്കൽ

എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ബൈജു സന്തോഷ് പറയും. അവനവന്റെ ഭാഗ്യം പോ ലെ, അതെപ്പോൾ വേണമെങ്കിലും വരാം.

പന്ത്രണ്ടാം വയസ്സിൽ സിനിമയിൽ അഭിനയിക്കാൻ കുട്ടികളെ തേടി സ്കൂളിലെത്തിയ പ്രൊഡക്‌ഷൻ വണ്ടിയിൽ കയറിയപ്പോൾ തുടങ്ങിയതാണ് ബൈജുവിന്റെ സിനിമാ ജീവിതം.

ചെറുതും വലുതുമായ റോളുകളിലൂടെ മങ്ങിയും തെളിഞ്ഞും അഭിനയത്തിന്റെ 38 വർഷം കടന്നുപോയി. ഇതുവരെ കണ്ടതൊന്നുമല്ല, ഇനിയാണ് രസം എ ന്നു പറയും പോലെയാണ് ബൈജു സന്തോഷ് എന്ന തിരുവനന്തപുരംകാരന്റെ കരിയർ ഗ്രാഫ്. കഴിഞ്ഞ നാലു വർഷം അഭിനയിച്ച സിനിമകളിലൊക്കെ മറക്കാത്ത മുഖമായി ബൈജു മാറി.

‘ലൂസിഫറിലെ’ മുരുകനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാം നാം ഷാജി’ യിലെ തിരുന്ത്വോരം ഷാജി ആണ് ബൈജുവിന്റെ പുതിയമുഖം. സംസാര ശൈലിയിലും ഭാവ പ്രകടനങ്ങളിലെയും ‘ബൈജുവിസം’ കണ്ട് പുതുതലമുറ ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ‘‘എന്തരണ്ണാ, എവിടേരുന്നു ഇത്രനാളും....’’

സമയം തെളിഞ്ഞെന്നാണ് എല്ലാവരും പറയുന്നത്?

തെളിഞ്ഞോ ? അങ്ങനെ വലിയ തെളിച്ചം ഉണ്ടായതായി എനിക്കു തോന്നുന്നില്ല. എങ്കിലും മോശമല്ല. പ്രേക്ഷകർ അങ്ങനെ കരുതുന്നുണ്ടെങ്കിൽ സന്തോഷം. മുൻപൊരിക്കൽ പറഞ്ഞ പോലെ, ഇതെപ്പോഴാണ് ശരിയാകുന്നതെന്ന് നമുക്കാർക്കും പ്രവചിക്കാൻ പറ്റില്ല. സമയം എന്നു പറയുന്നത് താനേ ശരിയാകേണ്ട സംഗതിയാണ്.

എന്റെ കരിയറിൽ എക്കാലവും ഉയർച്ച താഴ്ചകളുണ്ടായിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അതുണ്ടെങ്കിലും എ ന്റെ കാര്യത്തിൽ ഒരു പൊടിക്ക് കൂടുതലായെന്നേയുള്ളൂ.

നിരന്തരമായി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുക എന്നതാണല്ലോ നടന്റെ ആഗ്രഹം. ‘ഉറിയടി’, ‘പിടികിട്ടാപ്പുള്ളി’, ‘എവിടെ’, ‘കോളാമ്പി’, ‘ജീംബൂംബാ’ തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചത്. കുറേക്കാലത്തിനു ശേഷമാണ് ഇത്രയും സിനിമകൾ അടുപ്പിച്ച് ചെയ്യുന്നത്. 93 മുത ൽ 96 വരെ ഇതേ അവസ്ഥ ഉണ്ടായിരുന്നു. പിന്നെ, വെളിച്ചം വന്നത് 99 ലാണ്.

ഏതു സാഹചര്യത്തിലും കഥാപാത്രം നന്നായി അവതരിപ്പിക്കുകയാണ് നടന്റെ ജോലി. അതിപ്പോൾ കുറേയധികം സീനിലുള്ള കഥാപാത്രം ആകണമെന്നില്ല.

‘ആട് 2’ വിൽ ഞാന്‍ മൂന്നോ നാലോ സീനിലേ ഉള്ളൂ. പ ക്ഷേ, കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അതേപോലെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലെ വക്കീൽ വേഷം. അതിലെ ‘നീ തീർന്നെടാ തീർന്ന്’ എന്ന ഡയലോഗൊക്കെ വലിയ ഹിറ്റായി.

b3

ബൈജു സന്തോഷ് ആയതെങ്ങനെ ?

എന്റെ പേര് ബി.സന്തോഷ് കുമാർ എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ബൈജു. അന്ന് ഫീൽഡിൽ അധികം ബൈജുമാരൊന്നുമില്ലാത്തതിനാൽ സിനിമയിലും അതായി പേര്. പിന്നീട് സീരിയലിലും മിമിക്രിയിലും സിനിമയിലുമെല്ലാം ബൈജുമാരുടെ തിരക്കായി. ആദ്യ കാലത്തൊന്നും പേരിനെക്കുറിച്ചോ, പേരിന്റെ കുഴപ്പത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് പിന്നീടു തോന്നിയതാണെല്ലാം. അങ്ങനെ, ന്യൂമറോളജി പ്രകാരം പേരിന് 11 അക്ഷരങ്ങളെങ്കിലും വേണമെന്നു പറഞ്ഞപ്പോഴാണ് ബൈജുവിന്റെ കൂടെ സന്തോഷും ചേർത്ത് ബൈജു സന്തോഷായത്. അതു നന്നായി എന്നാണ് പിന്നീടുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്.

ഞാൻ പൊതുവേ ജ്യോതിഷത്തിലൊന്നും വിശ്വസിക്കുന്ന ആളല്ല. എന്നു കരുതി ഇത്തരം ചിലതിലൊക്ക വിശ്വസിക്കാതെ ജീവിക്കാനുമാകില്ല. ഉദാഹരണത്തിന് വാസ്തു. എന്നെ സംബന്ധിച്ച് വിശ്വസിക്കേണ്ട ഒരു സംഗതിയാണത്. അനുഭവസ്ഥനായതുകൊണ്ടാണ് പറയുന്നത്. വീടിന്റെ കന്നിമൂലയിൽ ഞാനൊരു ബാത് റൂം പണിതു. അത് അവിടെ പാടില്ലെന്നൊരു വിശ്വാസമുണ്ട്.അതിന്റെ യുക്തി എന്തായാലും രണ്ടു മൂന്നു വർഷം ഭയങ്കര കാലക്കേടായിരുന്നു. നോക്കിയപ്പോൾ, അതവിടെ നിന്നു മാറ്റണമെന്നു പറഞ്ഞു. അല്ലെങ്കിൽ അത് ഉപയോഗിക്കാതിരുന്നാൽ മതിയത്രേ. അങ്ങനെ അവിടേക്കുള്ള ടാപ്പുകളൊക്കെ അടച്ചു. ഇപ്പോൾ കുഴപ്പങ്ങളൊന്നുമില്ല.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വേണ്ട ശ്രദ്ധ നൽകിയിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?

കോമഡി, വില്ലൻ, സഹനായകൻ തുടങ്ങി എല്ലാത്തരം കഥാപാത്രങ്ങളെയും ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴും ബ്രാൻഡ് ചെയ്യപ്പെടുക എന്ന പ്രശ്നമുണ്ട്. ആദ്യം ചെയ്തു വരുന്ന വേഷങ്ങളനുസരിച്ചോ, അല്ലെങ്കിൽ ചെയ്തു വിജയിപ്പിച്ച ക ഥാപാത്രങ്ങൾക്കനുസരിച്ചോ അങ്ങനെ സംഭവിക്കാം. അത് പൊലീസെങ്കിൽ പൊലീസ്, മന്ത്രിയെങ്കിൽ മന്ത്രി. മറ്റു വേഷങ്ങളിലേക്കു വിളിക്കാതിരിക്കുകയും ഇത്തരം വേഷങ്ങളിലേക്കു മാത്രം വിളിക്കുകയും ചെയ്യുമ്പോൾ അതു തന്നെ ചെയ്യേണ്ട അവസ്ഥയാകും. ആ വല പൊട്ടിച്ചു പുറത്തു കടന്നാൽ രക്ഷപ്പെട്ടു. ബാലതാരമായി വന്നതും മറ്റൊരു ഘടകമാണ്. മുപ്പതിലധികം സിനിമകളിൽ ഞാൻ ബാലതാരമായി. അതിൽ പ ല സിനിമകളും ഹിറ്റായി. അതോടെ ആളുകളുടെ മനസ്സിൽ പയ്യൻ ഇമേജായി. ഇപ്പോൾ കഷ്ടിച്ച് അതു മാറി വരുന്നതേയുള്ളൂ.

ഇരുപതു വർഷത്തിനുള്ളിൽ വന്ന തലമുറയ്ക്ക് എന്റെ പഴയ സിനിമകളെക്കുറിച്ചൊന്നും അറിയില്ല. 12 ാം വയസ്സിലാണ് ഞാന്‍

ആദ്യ സിനിമയായ മണിയൻപിള്ള അഥവാ മണിയൻപിള്ളയിൽ അഭിനയിച്ചത്. അൻപതാം വയസ്സിലും അഭിനയിക്കുന്നു. ആ സന്തോഷത്തിൽ ഞാൻ തൃപ്തനാണ്.

ബാലതാരത്തിൽ നിന്നുള്ള പ്രമോഷൻ അൽപം പിശക് കഥാപാത്രങ്ങളിലേക്കായിരുന്നു. ?

പണ്ട് മുതലേ രൂപത്തേക്കാൾ വലിയ ശബ്ദമാണ്. അതിന്റെതായ ഒരു വില്ലനിസമുണ്ടല്ലോ. അതുകൊണ്ടായിരിക്കും അ ത്തരം റോളുകൾ കൂടുതലും വന്നത്.

ആ സമയത്തു തന്നെ നായക വേഷങ്ങളും ചെയ്തിരുന്നു. ജഗതിച്ചേട്ടൻ സംവിധാനം ചെയ്ത ‘കല്യാണ ഉണ്ണികളി’ൽ ഞാനും മഹേഷുമായിരുന്നു നായകൻമാർ. ജയറാമും സിദ്ദിഖും കൂടി ചെയ്യേണ്ടിയിരുന്ന കഥാപാത്രങ്ങളായിരുന്നു അതെന്നാണ് പറഞ്ഞു കേട്ടത്. പക്ഷേ, 10 വർഷം പെട്ടിയിലിരുന്ന ശേഷമാണ് സിനിമ തിയറ്ററിലെത്തിയത്. അത് കൃത്യസമയത്ത് ഇറങ്ങിയെങ്കിൽ കരിയർ ചിലപ്പോൾ മറ്റൊന്നാകുമായിരുന്നു. തുടർന്ന് ‘സ്റ്റാർട്ട് ആക്‌ഷൻ ക്യാമറ’, ‘ദി പ്രസിഡന്റ ്’ എന്നീ സിനിമകളിലൊക്കെ നായകനായെങ്കിലും അവയും റിലീസായില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ അതു നന്നായി എന്നു തോന്നുന്നു. ഇല്ലെങ്കിൽ നായകനായി കുറേ പടങ്ങളൊക്കെ ചെയ്ത് എന്നേ ഫീൽഡ് ഔട്ട് ആയേനെ.

അപ്പോഴും ഉപ്പുകണ്ടം ബ്രദേഴ്സ്, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാട്ടുപ്പെട്ടി മച്ചാൻ, കല്യാണക്കച്ചേരി തുടങ്ങി ഞാൻ സഹനായകനായ പല സിനിമകളും വലിയ ഹിറ്റുകളായിരുന്നു. അന്നൊക്കെ കൂട്ടത്തിൽ കളിക്കുക എന്നതാണ് വഴി. ഒറ്റയ്ക്ക് കളിച്ചാൽ ആരെങ്കിലും കാണാൻ വരണ്ടേ...

b2

സിനിമയില്ലാത്ത കാലത്തെ അതിജീവിച്ചത് ?

വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം അങ്ങനെ പല പരിപാടികൾ ചെയ്തു. എങ്കിലും സിനിമയില്ലാത്തതിൽ നിരാശ തോന്നിയിരുന്നു. അറിയാവുന്ന ജോലിക്കായി ആരും വിളിക്കുന്നില്ല എന്നത് സങ്കടകരമാണല്ലോ. പക്ഷേ, അതൊന്നും പുറത്തു കാണിച്ചിട്ടില്ല. ഇതിനിടയിലും നമ്മളെ താൽപര്യമുള്ളവരൊക്കെ വിളിച്ച് ചില വേഷങ്ങൾ തന്നു. ‘ഈ അടുത്ത കാലത്ത്’ കണ്ട് സംവിധായകൻ രഞ്ജിത്ത് വിളിച്ചിരുന്നു. ‘വാട്സൺ’ എന്ന കഥാപാത്രം അസ്സലായിരിക്കുന്നു എന്നു പറഞ്ഞു. ഞാനപ്പോൾ മനസ്സിൽ വിചാരിച്ചത്, ‘നിങ്ങളെടുക്കുന്ന സിനിമയിലൊന്നും നമ്മളെ വിളിക്കുന്നില്ലല്ലോ’ എന്നാണ്.

അതിനുശേഷം ‘സ്പിരിറ്റി’ൽ സുരാജ് ചെയ്ത കഥാപാത്രത്തിനായി വിളിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. ഒരിക്കൽ ഫോണിൽ സംസാരിക്കുന്നതിനിടെ, ‘എനിക്കൊരു നല്ല സിനിമയിലഭിനയിച്ചിട്ട് ഈ പണി നിർത്തണം’ എന്ന് അദ്ദേഹത്തോടു പറഞ്ഞു. അതുകഴിഞ്ഞാണ് ‘പുത്തൻ പണ’ത്തിലേക്കു വിളിച്ചത്. അതിലെ ‘ന്യൂട്രൽ കുഞ്ഞപ്പന്‍’ ബ്രേക്കായതോടെ ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ വന്നു തുടങ്ങി.

പിന്നെ, പണി നിർത്തണം എന്ന തോന്നൽ മാറി. ഈ പണി കുറച്ച് നാൾ കൂടി തുടരാം എന്ന മൂഡിലായി.

സിനിമ ഇല്ലാതിരുന്ന കാലത്ത് സുഹൃത്തുക്കൾ ഒപ്പം നിന്നോ ?

അങ്ങനെയൊന്നും ആരുമുണ്ടാകില്ല. അങ്ങനെ പ്രതീക്ഷിക്കാനും പാടില്ല. ജയിക്കുന്നവർക്കു പിന്നിലാണ് എപ്പോഴും ആൾക്കൂട്ടം. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും. തോറ്റവന് തണലായി സ്വന്തം നിഴൽ മാത്രമേ കാണൂ. അതിൽ വിഷമിച്ചിട്ടു കാര്യമില്ല.

സിനിമയിൽ ആർക്കും ആരെയും ഒരു പരിധിക്കപ്പുറം സ ഹായിക്കാൻ പറ്റില്ല. ആരും അതിനു വേണ്ടി മെനക്കെടാറില്ല എന്നതാണ് സത്യം. നമ്മളുടെ സമയം ശരിയാകുമ്പോൾ ബാക്കിയൊക്കെ താനേ വരും.

അതേ പോലെ, പല സിനിമകളുടെയും പോസ്റ്ററിൽ നമ്മുടെ തല കാണില്ല. പോസ്റ്റര്‍ കാണുമ്പോൾ, ‘ഒരു കാലത്ത് നീ എന്റെ പോസ്റ്റർ അടിക്കേണ്ടി വരും’ എന്ന് മനസ്സിൽ തോന്നും. അത്തരത്തിൽ ഒരുപാട് ‘പണിക്കാർ’ സിനിമയിലുണ്ട്. നമ്മൾ ആർക്കും ശല്യമാകാതെ മുന്നോട്ടു പോകുകയെന്നതാണ് പ്രധാനം. നടനെന്ന നിലയിൽ ഞാൻ അൽപം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. സിനിമയ്ക്കൊപ്പമുള്ള 38 വർഷത്തെ ജീവിതത്തിന്റെ നേട്ടമാണത്. 300 സിനിമകളിൽ ഇതിനകം അഭിനയിച്ചു.

b4

ജീവിതം സിനിമയിൽ മുങ്ങിപ്പോയി എന്നു തോന്നൽ ഉണ്ടായിട്ടുണ്ടോ?

ചെറുപ്പത്തിലേ താരപരിവേഷം കിട്ടിയതിന്റെ പ്രശ്നങ്ങളുണ്ടാകാം. പഠനം പൂർത്തിയാക്കാൻ പറ്റിയില്ല. എം.ജി കോളജി ൽ നിന്നു പ്രീഡിഗ്രി കഴിഞ്ഞതോടെ പരിപാടി നിർത്തി. ഇരുപത്തിനാലു വയസ്സൊക്കെ ആയപ്പോൾ ആകെ ചിന്താക്കുഴപ്പത്തിലായി. സിനിമയും ശരിയാകുന്നില്ല. വേറെ ഒന്നും ചെയ്യാൻ അറിയുകയും ഇല്ല എന്ന അവസ്ഥ.

സാമ്പത്തികമായി വലിയ പ്രശ്നങ്ങളൊന്നും ഒരു കാലത്തുമുണ്ടായിട്ടില്ല. ഞാനങ്ങനെ പൈസ അടിച്ചു കളയുന്ന ആളല്ല. അച്ഛന് ബിസിനസ്സ് ആയിരുന്നു. അമ്മ സർക്കാർ ഉദ്യോഗസ്ഥയും. എനിക്ക് രണ്ട് ചേട്ടൻമാരാണ്. മൂത്തയാൾ പൊലീസ്. രണ്ടാമൻ വിദേശത്താണ്.

അച്ഛൻ കുടുംബപരമായി വലിയ ധനികനായിരുന്നു. പിന്നീട് ബിസിനസ്സിൽ ഒരുപാട് നഷ്ടം വന്നു. തീപ്പെട്ടിക്കമ്പനി തുടങ്ങാൻ എടുത്ത ലോൺ കുടിശികയായി ഒരു ലക്ഷത്തിനു മേലെയായി. 28 വർഷം മുൻപാണെന്ന് ഒാർക്കണം. അച്ഛൻ പെട്ടെന്ന് മരിച്ചു. വീട് ജപ്തിയാകുമെന്ന അവസ്ഥ. ആ കടം ഞാനാണ് തീർത്തത്.

ചൂടൻ പ്രതികരണ രീതിയാണ് ബൈജുവിന്റേത് എന്ന് കേട്ടിട്ടുണ്ട്?

കേട്ടതെല്ലാം സത്യമാകണമെന്നില്ലല്ലോ? ഞാ ൻ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്ന ആളാണ്. പദവി അനുസരിച്ച് ബഹുമാനം കൂട്ടാനും കുറയ്ക്കാനുമൊന്നും എനിക്കറിയില്ല. ഇങ്ങോട്ട് മോശമായി സംസാരിച്ചാൽ മാത്രമെ ഞാനും തിരിച്ച് അങ്ങനെ സംസാരിക്കൂ. അതും മനഃപൂർവമല്ല, അങ്ങനെ ശീലിച്ചു പോയി. പണ്ടത്തേതിൽ നിന്ന് ഒരുപാട് മാറിയെന്നാണ് എനിക്കു തോന്നുന്നത്. പ്രായത്തിനൊപ്പം ‘ബൈ വൺ ഗെറ്റ് വൺ’ പോലെ കിട്ടുന്ന സംഗതിയാണല്ലോ പക്വതയും. എ നിക്കും അത് വന്നിട്ടുണ്ടാകണം.

ദാസേട്ടൻ വഴി വന്ന എനർജി

വെള്ളയമ്പലത്ത് ദാസേട്ടന്റെ തരംഗിണി സ്റ്റുഡിയോയുടെ അടുത്തായിരുന്നു എന്റെ വീട്. ദാസേട്ടൻ സ്റ്റുഡിയോയിലേക്കു പോകുമ്പോഴൊക്കെ ഞാനൊരു മതിലിന്റെ മുകളിൽ പിള്ളേരുമായി കമ്പനിയടിച്ചിരിക്കുന്നത് സ്ഥിരമായി കാണാറുണ്ട്.

ഒരു ദിവസം ദാസേട്ടൻ വണ്ടി നിർത്തി ചോദിച്ചു. ‘വെറുതേ സമയം കളയാതെ എന്തെങ്കിലും പഠിച്ചു കൂടെ’. എല്ലാം പഠിച്ചു കഴിഞ്ഞെന്ന് ഞാൻ അപ്പോൾ തന്നെ മറുപടിയും പറഞ്ഞു. ദാസേട്ടൻ എന്നിട്ടും വിടുന്നില്ല. ‘ എങ്കിൽ പോയി പഠിച്ചതെല്ലാം റിവിഷൻ ചെയ്യൂ’ എന്നായി. ‍ഞാൻ തല കുലുക്കി സമ്മതിച്ചു. ദാസേട്ടൻ തിരികെ വരുമ്പോഴും ഞാനും കമ്പനിക്കാരും അവിടെത്തന്നെയുണ്ട്. വണ്ടി നിർത്തി, എന്നെയൊന്ന് നോക്കി. ‘നന്നാകൂല്ല, അല്ലേ’ എന്ന മട്ടിലൊരു ആംഗ്യം കാണിച്ചിട്ട് പോയി. ആ സംഭവം ഞാൻ വീണ്ടുമോർക്കുന്നത് കൊല്ലൂർ മൂകാംബികയിൽ വച്ചാണ്. ‘അരവിന്ദന്റെ അതിഥികൾ’ സിനിമയുടെ ഷൂട്ടിനായി പോയതാണ് ഞാ ൻ. ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ ജന്മദിനത്തിൽ മൂകാംബിക ദേവിയെ തൊഴാനായി ഇറങ്ങുന്ന ദാസേട്ടൻ. പ്രഭ ചേച്ചിയും ഒപ്പമുണ്ട്.

ഞാൻ ഒരു ഈശ്വര വിശ്വാസിയല്ല. എന്റെ കാണപ്പെട്ട ദൈവങ്ങൾ സൂര്യനും ചന്ദ്രനും മാത്രമാണ്. പക്ഷേ, ‘അമ്പലത്തിൽ വരുന്നില്ലേ, വാ...’ എന്നു ദാസേട്ടൻ വിളിച്ചപ്പോൾ കൂടെ പോകാനാണ് തോന്നിയത്. ദീപാരാധന കണ്ടു തൊഴുതു. അദ്ദേഹം എന്റെ നെറ്റിയിൽ പ്രസാദം തൊട്ടു തന്നു. വല്ലാത്തൊരു നിമിഷമായിരുന്നു അത്. വലിയ എനർജി ശരീരത്തിലേക്ക് ഇരച്ചു കയറും പോലെ തോന്നി. അതിപ്പോഴും എന്നിലുണ്ട്. ചില അനുഭവങ്ങൾ യുക്തി കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. ഞാനതിന് മെനക്കെടാറുമില്ല.