Friday 25 October 2024 11:24 AM IST : By സ്വന്തം ലേഖകൻ

മാമാ പൊണ്ണിന് സ്നേഹമുത്തം, കുസൃതി കാട്ടിയും ചേർത്തണച്ചും ബാല: പ്രണയ സുന്ദര നിമിഷങ്ങൾ: വിഡിയോ

bala-741

കുഞ്ഞുനാളിലേ ഹൃദയത്തിൽ കൂടുകൂട്ടിയ പ്രണയം സാക്ഷാത്കരിക്കപ്പെടുകയാണ്. വിവാദങ്ങളും ആരോപോണങ്ങളുമെല്ലാം മാറ്റിർത്തി ‘മാമാ പൊണ്ണ്’ കോകിലയുടെ കൈപിടിച്ച ബാലയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ.

‘‘ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ഇവിടെ കേരളത്തിൽ വന്നതിനുശേഷമാണ് അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത്. മാമനെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്’’.– പറയുന്നത് നടൻ ബാലയുടെ ഭാര്യ കോകില. വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ബാലയും കോകിലയും.

ചെറുപ്പം മുതല്‍ മനസ്സില്‍ സൂക്ഷിച്ച കോകിലയുടെ പ്രണയമാണ് കഴിഞ്ഞ ദിവസം പാവക്കുളം ക്ഷേത്രത്തില്‍ പൂവണിഞ്ഞത്. കോകിലയുടെ ഡയറി കണ്ടിട്ടാണ് വിവാഹത്തിന് സമ്മതംമൂളിയതെന്ന് ബാലയും. ഇരുവരും തമ്മിലുള്ള വിവാഹവാര്‍ത്തയും ചിത്രങ്ങളും ഞൊടിയിടയിലാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. വിവാഹച്ചടങ്ങിനു ശേഷം നടന്ന വിരുന്ന് സല്‍കാരത്തില്‍ നിന്നുള്ള ബാലയുടെയും കോകിലയുടെയും ചിത്രങ്ങളും വിഡിയോയും സൈബറിടത്ത് ശ്രദ്ധേയമായി.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്ന വിഡ‍ിയോയും കോകിലയ്ക്ക് ബാല സ്നേഹ ചുംബനം നൽകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ആ സ്നേഹ നിമിഷങ്ങൾ. കേക്ക് കൊടുക്കുമ്പോള്‍ കോകിലയുടെ കയ്യില്‍ കടിച്ച് കുസൃതി കാട്ടിയും പ്രിയസഖിയെ ചേര്‍ത്തണച്ച് നെറ്റിയില്‍ മുത്തമിടുകയും ചെയ്യുന്ന ബാലയ്ക്ക് ആശംസപ്രവാഹമാണ്. ‘കോകില ബാലയെ പൊന്നുപോലെ നോക്കു’മെന്നാണ് കമന്‍റുകള്‍.

കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ‘‘എന്റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്. പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസ്സിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്റെ അമ്മയ്ക്ക് ഇപ്പോൾ പ്രായമായി. ഈ അവസ്ഥയിൽ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവൾ ഈ ഇഷ്ടം പറയുന്നത്. എനിക്കും അത് നല്ലതാണെന്നു തോന്നി.

ചേട്ടനും വിവാഹത്തിന് വരാൻ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളുമായി തിരക്കിലാണ്. മാധ്യമങ്ങളിൽ നിന്നുള്ള ലൈവ് വിഡിയോ അവരെല്ലാം കണ്ടിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ ശരീരത്തിനുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ മാറി വരുന്നു. അതിനു കാരണം കോകിലയുടെ സ്നേഹവും പരിചരണവുമാണ്. ന്യായമായ രീതിയിൽ ഞങ്ങളുടെ വിവാഹം നടക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അത് അതുപോലെ തന്നെ ചെയ്തു.

ബാലയുടെ മാമന്റെ മകളാണ് കോകില. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് പാവക്കുളം ക്ഷേത്രത്തില്‍വച്ചു നടന്ന വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിച്ചത്. ചെറുപ്പം മുതലെ ബാലയെ ഇഷ്ടമായിരുന്നുവെന്നും താരത്തെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും കോകില മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു. ഈ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി.

ചെന്നൈയിലേക്ക് മാറില്ല. കേരളത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങളെ അങ്ങനെ ഇട്ടേച്ച് പോകില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നത് മുടങ്ങില്ല. എന്റെ അനുഭവത്തില്‍ ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. ഇപ്പോൾ അത് പറഞ്ഞാൽ മനസ്സിലാകില്ല. മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയുടെ വഴിയാണ്,’’ ബാല പറഞ്ഞു.

കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്.’’-വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഒരിക്കൽ പോലും വെളിപ്പെടുത്തിയിരുന്നില്ല. 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.