Monday 11 March 2019 04:37 PM IST : By അജയന്‍ തെന്മല

'പത്മശ്രീയും കര്‍ഷകശ്രീയും ഒരു വ്യക്തിക്കു കിട്ടിയത് ഒരുപക്ഷേ ബാലചന്ദ്രമേനോന് മാത്രമായിരിക്കും!'

bcm213

'വനിത' യുടെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാര്‍ഡ് ശ്രീ. ബാലചന്ദ്രമേനോന്‍ സ്വീകരിക്കുന്നതിന് സാക്ഷിയാകാന്‍ കഴിഞ്ഞ സദസ്യരില്‍ ഒരുവനാണ് ഇതെഴുതുന്നത്. മാത്രമല്ല, മൂന്നുദശകങ്ങളായി അദ്ദേഹത്തെ നിരീക്ഷിച്ച് ഏതാണ്ട് സന്തതസഹചാരിയായി, സര്‍ഗ്ഗപരമായ സകല പ്രവര്‍ത്തനങ്ങള്‍ക്കും ശ്രോതാവും ദൃഷ്ടാവുമായി ഒപ്പമുള്ളതിനാല്‍ ഈ സന്ദര്‍ഭത്തില്‍ അനുമോദനക്കുറിപ്പോ ദക്ഷിണയോ ആയി ഇത് സമര്‍പ്പിക്കണമെന്ന് തോന്നി. 'വനിത' ഒരു കുടുംബവാരികയാണ്. തീര്‍ച്ചയായും വിവിധ കുടുംബാംഗങ്ങളുടെ അഭിരുചികളും അഭിപ്രായങ്ങളും ആശയങ്ങളും പ്രതിനിധാനം ചെയ്യുന്ന പ്രസിദ്ധീകരണവുമാണ്. അതുകൊണ്ടുതന്നെ നാല്പതു വര്‍ഷത്തിനുമീതെ നീണ്ട വിഖ്യാത 'കുടുംബ ചലച്ചിത്ര സംവിധായകന്റെ' സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം തികച്ചും യുക്തവുമാണ്.

ആരുടെയും ശിഷ്യത്വമോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലനമോയില്ലാതെ 23-ാം വയസ്സില്‍ 'ഉത്രാടരാത്രി' എന്ന ചിത്രമൊരുക്കി നന്നേ ചെറുപ്പത്തില്‍ സംവിധായകന്റെ തൊപ്പിയണിഞ്ഞ ബാലചന്ദ്രമേനോന്‍ ആദ്യചിത്രത്തില്‍ 'നവാഗത സംവിധായകന്‍ സ്റ്റൈലില്‍' പുതുമുഖനടീനടന്മാരെയല്ല കൈകാര്യം ചെയ്തതെന്നോര്‍ക്കണം.  മധു, സുകുമാരന്‍, രവി മേനോന്‍, ആറന്മുള പൊന്നമ്മ, കവിയൂര്‍ പൊന്നമ്മ, ശങ്കരാടി, കുതിരവട്ടം പപ്പു, കനകദുര്‍ഗ്ഗ തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തിയത്.  കന്നിച്ചിത്രത്തിന്റെ പ്രമേയവും ഇതഃപര്യന്തം മറ്റാരും അവതരിപ്പിച്ചിട്ടില്ലാത്ത 'ഹൈപ്പോകോണ്‍ട്രിയ' എന്ന മനോവിഭ്രാന്തിയായിരുന്നു. അത്യന്തം ശുഭപ്രതീക്ഷകളുണര്‍ത്തുന്ന ഒരു സംവിധായകന്റെ ഉദയം എന്ന് അന്നത്തെ നമ്മുടെ ചലച്ചിത്ര നിരൂപകര്‍ വാഴ്ത്തിയ ചിത്രമായിരുന്നു അത്. ഭാര്യയില്ലാത്ത രാത്രി, സത്രത്തില്‍ ഒരു രാത്രി, ഉറക്കമില്ലാത്ത രാത്രി തുടങ്ങി രാത്രിപ്പടങ്ങളുടെ വേലിയേറ്റത്തിലും ഉത്രാടരാത്രി പ്രേക്ഷകഹൃദയങ്ങളില്‍ സവിശേഷമുദ്ര പതിപ്പിച്ച് നിലകൊണ്ടു.  ഉത്രാടരാത്രിയെ മേനോന്റെ ജനപ്രീയചിത്രങ്ങളായ  ഏപ്രില്‍ 18, കാര്യം നിസ്സാരം എന്നിവയെക്കാള്‍ ഇഷ്ടപ്പെടുന്ന ആസ്വാദകരുമുണ്ട്.   

'ഉത്രാടരാത്രി' മുതല്‍ 'എന്നാലും ശരത്' വരെ മേനോന്റെ ഒട്ടുമിക്ക ചിത്രങ്ങളും കണ്ടയാള്‍ എന്ന നിലയ്ക്ക് ഒരു വസ്തുത അടിവരയിട്ടു സമര്‍ത്ഥിക്കാന്‍ സന്നദ്ധനാണ്. ഷക്കീലച്ചിത്രങ്ങളുടെ ഇക്കിളി തരംഗമായപ്പോഴും ബാലചന്ദ്രമേനോന്റെ ചലച്ചിത്രസങ്കല്പവും സമീപനവും അതിലൂടെ ആവിര്‍ഭവിക്കയോ ആവിഷ്‌കൃതമാകയോ ചെയ്യുന്ന സാംസ്‌കാരികമൂല്യത്തിന്റെ സന്ദേശവും കടുകിടെ വ്യതിചലിക്കാതെ അച്ഛനുമമ്മയും കുഞ്ഞുങ്ങളും ചേര്‍ന്ന കുടുംബസദസുകളോട് ഇണങ്ങി നിന്ന് അദ്ദേഹം സംവദിച്ചു.

യേശുദാസിന്റെ ശബ്ദം പ്രകേഷപണയോഗ്യമല്ലെന്നും അമിതാഭ് ബച്ചന്റെ പൊക്കം ശാപമാണെന്നുമൊക്കെ വിധിയെഴുതിയവര്‍ കാലയവനികയില്‍ അജ്ഞാതരായി മറഞ്ഞിട്ടും രണ്ടുപേരുടെയും യശസ്സിനും തെല്ലും മങ്ങലില്ലാതെ ഇന്നും എന്നും ഒളി ചിതറുകയാണെന്ന് ഓര്‍ക്കുക.  'ഇടതും വലതും' അറിയാത്ത സംവിധായകന്‍ എന്ന് അക്കാലത്ത് ചലച്ചിത്രലോകത്തിന്റെ ബൈബിളെന്നു കരുതപ്പെട്ടിരുന്ന നാന മുഖപ്രസംഗമെഴുതി ആക്രമിച്ചിട്ടും തരിമ്പും കൂസാതെ പത്മശ്രീ ഭരത് ബാലചന്ദ്രമേനോന്‍ എന്ന അഭിധാനത്തിലേക്കുയര്‍ന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അദ്ദേഹം ബഹുമുഖപ്രതിഭ ആകയാലാണ്.  ഇവിടുത്തെ 'പരസ്പര'സഹായസംഘങ്ങള്‍ അല്ലെങ്കില്‍ 'മ്യൂച്ചല്‍ അഡ്മിറേഷന്‍ ക്ലബ്ബുകള്‍' പതിച്ചു കൊടുത്ത പുരസ്‌കാരങ്ങളല്ല അദ്ദേഹം നേടിയെടുത്തത്.  സ്വകപോല കല്പിത കഥകളും കഥാപാത്രങ്ങളും ലളിതസുന്ദരമായ ആഖ്യാനശൈലിയും വശ്യമനോഹരഗാനങ്ങളും അവയുടെ ഹൃദ്യചിത്രീകരണപാടവവും മേനോന്‍ ചിത്രങ്ങളെ എപ്പോഴും ശ്രദ്ധേയമാക്കി.  

അദ്ദേഹം പരിചയപ്പെടുത്തിയ പുതുമുഖങ്ങള്‍ താരപദവിയിലേക്കുയര്‍ന്നു.  ശോഭന, ലിസി, കാര്‍ത്തിക, പാര്‍വ്വതി, നന്ദിനി, ഉഷ, ആനി - ഇങ്ങനെ നായികമാരുടെ ഒരു നിര തന്നെയുണ്ട്.  മണിയന്‍പിള്ള രാജു, ഷാനവാസ്, ബൈജു, യദു കൃഷ്ണന്‍ എന്നി നടന്മാരും മേനോന്റെ കണ്ടെത്തലുകളാണ്.  പില്ക്കാലത്ത് സംസ്ഥാന അവാര്‍ഡു നേടിയ കോസ്റ്റ്യൂമര്‍ കീഴില്ലം വേലായുധന്‍, ചിത്രം ഗോപാലകൃഷ്ണന്‍, മഹാദേവന്‍ തമ്പി (സ്റ്റില്‍സ്) ഗായകര്‍ കെ.ജി. മാര്‍ക്കോസ്, ബാലഗോപാലന്‍ തമ്പി ഗായികമാര്‍ ജാനകീദേവി,. ചിത്രകല, കലാദേവി, പ്രീത, എഡിറ്റര്‍ രാമന്‍ നായര്‍, സംവിധായകന്‍ വിജി തമ്പി ഇങ്ങനെ പട്ടിക നീളുന്നു.  ആദ്യം പുറത്തുവന്ന ചിത്രം വേറെയെങ്കിലും ഉര്‍വ്വശി നായികയായ ആദ്യപടം 'എന്റെ അമ്മു നിന്റെ ചക്കി അവരുടെ തുളസി' യാണ്.  വാണിജ്യ സിനിമയില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ രംഗപ്രവേശം ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും എന്ന സിനിമയിലൂടെയായിരുന്നു.  ചിങ്ങോലി ദേവദാസ്, ആലപ്പുഴ രാജശേഖരന്‍ നായര്‍ എന്നീ ഗാനരചയിതാക്കളെ പരിചയപ്പെടുത്തിയത് മേനോനാണ്.

ഒരു നിര്‍മ്മാതാവിനെയും ഭിക്ഷാപാത്രമെടുക്കാന്‍ ഇടയാക്കിയില്ലെന്നു മാത്രമല്ല 50 ഉം, 75 ഉം, 100 ഉം ഹൗസ്ഫുള്‍ ആയി ഓടിയ ചരിത്രമാണ് മേനോന്‍ ചിത്രങ്ങളില്‍ ഉള്ളത്.  നന്നാശ്ശേരില്‍ ഫിലിംസ് ലക്ഷ്മിപ്രീയ കംമ്പയിന്‍സ് , സെന്റ് മാര്‍ട്ടിന്‍ ഫിലിംസ്, റമീസ് റീന മൂവീസ്, മലബാര്‍ മൂവി മേക്കേഴ്‌സ്, ഗജരാജ ഫിലിംസ്, ഐശ്വര്യ സിനി ആര്‍ട്ട്‌സ്, അജിത സിനി ആര്‍ട്ട്‌സ്, കെ.റ്റി.ആര്‍. ഫിലിംസ്,  കൃഷ്ണ കലാ ക്രീയേഷന്‍സ് എന്നിങ്ങനെ തുടങ്ങുന്ന ഒരുപിടി നിര്‍മ്മാതാക്കളെ മലയാള സിനിമയ്ക്ക് അദ്ദേഹം പരിചയപ്പെടുത്തി.  ഇന്നും റ്റി.വി. ചാനലുകളില്‍ ആവര്‍ത്തിച്ച് മേനോന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു.  

കാര്യം നിസ്സാരം, പ്രശ്‌നം ഗുരുതരം, നയം വ്യക്തമാക്കുന്നു എന്നിങ്ങനെ പത്രമാസികകളില്‍ സന്ദര്‍ഭാനുസരണം ശീര്‍ഷകങ്ങള്‍ ഉദ്ധരിക്കുന്നതും, വാഹനങ്ങള്‍ക്കു പിന്നില്‍ 'ഇഷ്ടമാണ് .... പക്ഷേ'  'ശേഷം കാഴ്ചയില്‍' എന്നൊക്കെ എഴുതിവയ്ക്കുന്നതും പുതിയ റ്റി.വി. പരിപാടിക്ക് 'കാര്യം നിസ്സാര'മെന്ന പേരും മേനോന്‍ ചിത്രങ്ങളുടെ ജനപ്രീയസ്വഭാവവും സ്വീകാര്യതയും വിളിച്ചോതുന്നു.  'നീയാര് യേശുദാസോ' എന്ന് ചോദിക്കും പോലെ 'നീ ബാലചന്ദ്രമേനോനോ? എന്ന ചോദ്യം മലയാളിയുടെ ശൈലീനിഘണ്ഡുവില്‍ കയറിപ്പറ്റി.  പല സിനിമകളിലും ബാലചന്ദ്രമേനോനെപ്പറ്റി സംഭാഷണമധ്യേ പരാമര്‍ശം വരുന്നു.  ജനമനസ്സുകളില്‍ അദ്ദേഹം സൃഷ്ടിച്ച ഒരു 'സകലകലാവല്ലഭ'ന്റെ പ്രതിഛായ ഇന്നും അതേപടി തുടരുന്നു.  

'അമ്മയാണെസത്യം' എന്ന ആദ്യ ഗ്രന്ഥത്തിന് ആത്മാംശം അല്പം കുടുമെങ്കിലും 'ഇത്തിരി നേരം ഒത്തിരിക്കാര്യം' എന്ന പുസ്തകം ഒട്ടേറെ സവിശേഷതകളുള്ള സിനിമാസംബന്ധിയായ ഗ്രന്ഥമാണ്.  ''ഇന്ത്യയില്‍ ഒരു ഭാഷയിലും ഇത്തരമൊരു ബൃഹദ്ഗ്രന്ഥം സിനിമാ വിഷയകമായി ഉണ്ടായിട്ടില്ല'' എന്നാണ് വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചത്.  അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഡല്‍ഹി ആസ്ഥാനമായുള്ള കൊണാര്‍ക്ക് പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്.  ആ ഗ്രന്ഥം 2018 ലെ മുബൈ ഫിലിം ഫെസ്റ്റിവലില്‍ സിനിമ സംബന്ധിയായ പുസ്തകത്തിനുള്ള പ്രത്യേക പുരസ്‌കാരം നേടുകയുണ്ടായി.

വിസ്തരഭയത്താല്‍ ബാലചന്ദ്രമേനോന് കിട്ടിയ പുരസ്‌കാരങ്ങള്‍ എണ്ണിപ്പറയുന്നില്ല.  രണ്ടാമത് ചിത്രം 'രാധ എന്ന പെണ്‍കുട്ടി'ക്ക് കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ചു. നല്ല സംവിധായകനുള്ള (ഏപ്രില്‍ 18) ഉം നല്ല നടനുമുള്ള (സമാന്തരങ്ങള്‍) ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടി.  അനശ്വര നടന്മാരായ തിക്കുറിശ്ശി, മുതുകുളം, സത്യന്‍, പ്രേംനസീര്‍,  ഭരത് ഗോപി, തിലകന്‍ എന്നിവരുടെ പേരിലുള്ള അവാര്‍ഡുകള്‍ ബാലചന്ദ്രമേനോനു ലഭിച്ചു.  ഫിലിം ക്രിട്ടിക്‌സിന്റെ ചലച്ചിത്രരത്‌ന പുരസ്‌കാരം, രാജീവ് ഗാന്ധി അവാര്‍ഡ് തുടങ്ങി ഒട്ടേറെ ആദരങ്ങള്‍ വേറെയും. പത്മശ്രീയും കര്‍ഷകശ്രീയും ഒരു വ്യക്തിക്കു കിട്ടിയത് ഒരു പക്ഷേ ബാലചന്ദ്രമേനോന് മാത്രമായിരിക്കും. ദേശീയതലത്തില്‍ നല്ല നടനടക്കം മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മേനോന്‍ ചിത്രം കേരള സംസ്ഥാന അവാര്‍ഡ് പരിഗണനയില്‍ വന്നപ്പോള്‍ 'നാനാമണ്ഡലങ്ങളിലെ സമഗ്ര സംഭാവന' എന്ന പലവക ലിസ്റ്റിലായിച്ചുരുങ്ങി.  ഇങ്ങനെ 'നാനാവിധം' എന്ന ലേബലില്‍ അവാര്‍ഡു കൊടുക്കരുതെന്ന് അന്ന് ബാലചന്ദ്രമേനോന്‍ പ്രതികരിക്കുകയുണ്ടായി. 

സര്‍ക്കാര്‍ സ്റ്റുഡിയോ ആയ ചിത്രാജ്ഞലിയില്‍, പാക്കേജ് പദ്ധതികളുമായി ആര്‍ട് ഫിലിമുകള്‍ മാത്രം സാമ്പത്തിക പരാധീനത സമ്മാനിച്ച ആദ്യ നാളുകളില്‍ തന്റെ ചിത്രങ്ങളുടെ പണിപ്പുര അവിടെയാക്കി വാണിജ്യ സിനിമാക്കാരും അവിടം വിനിയോഗിക്കാന്‍ പ്രേരണയേകിയത്  ബാലചന്ദ്രമേനോന്‍ എന്ന സംവിധായകനാണ്  (കാര്യം നിസ്സാരം, പ്രശ്‌നം ഗുരുതരം, ഏപ്രില്‍ 18, ആരാന്റെ മുല്ല കൊച്ചുമുല്ല, അച്ചുവേട്ടന്റെ വീട്, തുടങ്ങി ദേശീയ പുരസ്‌കാരം ലഭിച്ച സമാന്തരങ്ങള്‍ അടക്കം). അങ്ങനെ സംസ്ഥാനത്തോടും സമൂഹത്തോടും സംസ്‌കാരത്തോടും പ്രതിജ്ഞാബദ്ധതതയുള്ള ഒരു ചലച്ചിത്രകാരനെ നമുക്കു മേനോനില്‍ കാണാം.  

അഭ്രപാളികള്‍ക്കപ്പുറം അക്ഷര ലോകത്ത് അജയ്യമയാ ഒരു സ്ഥാനം ബാലചന്ദ്രമേനോന്‍ സ്വായത്തമാക്കി.  എം.ടി. വാസുദേവന്‍ നായര്‍ മേനോന്റെ ഭാഷാശൈലിയെ താരതമ്യം ചെയ്യ്തത് ആംഗലസാഹിത്യത്തിലെ 'ചാള്‍സ് ലാംബി'നോടാണ്. ഒ.എന്‍.വി. കുറുപ്പ് അഭിപ്രായപ്പെട്ടത് ... ''ഗുരുത്വം എന്നതിന്റെ ഗുരുത്വം - അതിന്റെ ഘനം ഉള്‍ക്കൊണ്ടയാളാണ് ബാലചന്ദ്രമേനോന്‍  അങ്ങനെയുള്ളയാള്‍ ഉന്നതിയില്‍, ഔന്നത്യത്തില്‍ എന്തുമെന്നതില്‍ സംശയം വേണ്ട.  ശ്രീ ബാലചന്ദ്രമേനോന്റെ ജീവിതം തന്നെ ചെറുപ്പക്കാര്‍ക്കുള്ള ഒരു സന്ദേശമായി എനിക്കു തോന്നുന്നു'' എന്നാണ്.

2018 ല്‍  ബാലചന്ദ്രമേനോന്‍ നേടിയത് ഇന്ത്യയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒന്നാണ്.  സ്വന്തമായി രചനയും സംവിധാനവും അഭിനയവും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ലോകമെമ്പാടുമുള്ള ചലച്ചിത്ര കലാകാരന്മാര്‍ക്കിടയില്‍  ബാലചന്ദ്രമേനോന്‍ ഒന്നാമനാണെന്ന് ലിംഗാ ബുക്ക് ഓഫ് റെക്കാര്‍ഡ് 2018 വെളിപ്പെടുത്തിയിരിക്കുന്നു. വിശ്രുത അമേരിക്കന്‍ സംവിധായകന്‍ വൂഡിഅലന്‍ ആണ് രണ്ടാമത്.  

ഫോര്‍മുലാ ചിത്രങ്ങളും വിവിധ ടെന്‍ഡുകളും, സൂപ്പര്‍ താരങ്ങളും, ന്യൂജനറേഷന്‍ പടങ്ങളും സ്യൂഡോ ബുദ്ധിജീവി സിനിമകളുമെല്ലാം മാറി മാറി അരങ്ങുവാണ മലയാള ചലച്ചിത്രരംഗത്ത് സ്വന്തം കഴിവും പരിശ്രമവും കൊണ്ട് നിശബ്ദമായി സാര്‍ത്ഥകമായ ചലച്ചിത്ര സപര്യ നിര്‍വ്വഹിക്കുന്ന കലയുടെ, സിനിമയുടെ ഒരു നിത്യോപാസകന്‍ -   അതാണ് ബാലചന്ദ്രമേനോന്‍.....  സിനിമയിലൂടെ സാഹിത്യരചനയിലൂടെ, പ്രഭാഷണങ്ങളിലൂടെ നമ്മോടു സദാ സംവദിക്കുന്ന ബാലചന്ദ്രമേനോന്‍!

-അജയന്‍ തെന്മല: 8281024367