Tuesday 26 March 2019 02:44 PM IST

ആ കഥ ജി. കാർത്തികേയന്റെ ജീവിതമാണോ? ‘നയം വ്യക്തമാക്കി’ ബാലചന്ദ്ര മേനോൻ, മമ്മൂട്ടി സഹായിച്ചതു കൊണ്ടു സംഭവിച്ച സിനിമയാണത്

V.G. Nakul

Sub- Editor

bala

‘‘പലർക്കും അറിയാത്ത ഒരു രാഷ്ട്രീയ ജീവിതം എനിക്കുണ്ട്. മൂന്നു വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഞാനൊരു രാഷ്ട്രീയ നേതാവായിരുന്നു. അവിടെ കെ.എസ്.യുവിന്റെ ആധിപത്യം പൊളിച്ച് ആദ്യമായി ചെയർമാനായ ആളാണ് ഞാൻ.

ഞാൻ രാഷ്ട്രീയം പഠിച്ചത് അവിടെ നിന്നാണ്. അതിൽ നിന്നു മനസ്സിലാക്കിയ പ്രധാന കാര്യം കുടുംബം നന്നായാൽ നാട് നന്നാകും എന്നതാണ്. സ്വയം നന്നാകുക എന്നതാണ് ഏതൊരു വ്യക്തിക്കും സമൂഹത്തിനു കൊടുക്കാവുന്ന ഏറ്റവും വലിയ സംഭാവന. അങ്ങനെയാണ് രാഷ്ട്രീയക്കാർക്ക് കുടുംബജീവിതം അന്യമല്ല എന്ന ആശയത്തിൽ നിന്ന് ‘നയം വ്യക്തമാക്കുന്നു’ സൃഷ്ടിക്കപ്പെട്ടത്’’.

ബാലചന്ദ്രമേനോൻ വനിത ഓൺലൈൻ ‘തിര’ഞ്ഞെടുപ്പി’ൽ നയം വ്യക്തമാക്കിത്തുടങ്ങി. 1991 മാർച്ച് 28 നാണ് ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ മമ്മൂട്ടിയും ശാന്തികൃഷ്ണയും നായികാനായകൻമാരായ രാഷ്ട്രീയ – കുടുംബ ചിത്രം ‘നയം വ്യക്തമാക്കുന്നു’ തിയേറ്ററിലെത്തിയത്. വി. എസ് (വി.സുകുമാരൻ) എന്ന രാഷ്ട്രീയ പ്രവർത്തകന്റെയും അയാളുടെ ഭാര്യയും കോളേജ് അധ്യാപികയുമായ വൽസല സുകുമാരൻ എന്ന വാവയുടെയും ദാമ്പത്യ ജീവിതമായിരുന്നു ‘നയം വ്യക്തമാക്കുന്നു’. മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച, മേനോൻ ടച്ചില്‍ പിറന്ന മറ്റൊരു മനോഹര ചിത്രം.

ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുമുണ്ട്

‘ഉത്രാടരാത്രി’ മുതൽ ‘എന്നാലും ശരത്’ വരെ, വ്യത്യസ്തതയില്ലാതെ ഒരു സിനിമ പോലും ഞാൻ ചെയ്തിട്ടില്ല. അങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കഥ സിനിമയാക്കണം എന്നു തീരുമാനിച്ചപ്പോൾ അയാളുടെ കുടുംബജീവിതം പശ്ചാത്തലമാക്കാൻ തീരുമാനിച്ചത്.

രാഷ്ട്രീയം എനിക്കന്യമല്ല. സാധാരണ രാഷ്ട്രീയ സിനിമകളൊക്കെ, ത്രില്ലർ എന്ന പേരിൽ, ഡബിൾ മീനിങ് ഡയലോഗുകളൊക്കെ കുത്തി നിറച്ച്, ജീവിച്ചിരിക്കുന്ന ആളുകളെ കളിയാക്കുന്ന തരം സൃഷ്ടികളാണ്. നേതാക്കൻമാരുടെ ഡമ്മികളെ കഥാപാത്രങ്ങളാക്കി, അവരിൽ സകല ദൂഷ്യവും ആരോപിച്ച് ജനങ്ങളുടെ കൈയടി വാങ്ങുന്നവയാണ് കൂടുതലും. ഞാൻ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. എല്ലാ രാഷ്ട്രീയക്കാരും ഇങ്ങനെയാകണമെന്ന് നിർബന്ധമുണ്ടോ. ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുമുണ്ട്. രാഷ്ട്രീയത്തിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. കുടുംബസദസ്സുകളിലൊക്കെയിരിക്കുമ്പോൾ, അവരുടെ ഭാര്യമാർ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും എന്റെ മനസ്സിൽ കയറിയിരുന്നു. അതൊക്കെ ചേർത്തു വച്ചാണ് ‘നയം വ്യക്തമാക്കുന്നു’ ഒരുക്കിയത്.

n2

ഉണ്ട കൈയിലുണ്ടാകണം

രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകളിൽ മന്ത്രിയെ വില്ലനായി അവതരിപ്പിച്ചാൽ മാത്രമേ വിജയിക്കൂ എന്നൊരു ധാരണയുണ്ടല്ലോ. മിക്കവാറും മന്ത്രിയെ വെടി വയ്ക്കുന്നതാകും ക്ലൈമാക്സ്. രാഷ്ട്രീയ സിനിമയെടുക്കാനാണെങ്കിൽ ഒരു ഉണ്ട കൈയിലുണ്ടാകണമെന്നർത്ഥം. പക്ഷേ, എന്തുകൊണ്ട് നല്ല മനസ്സുള്ള ഒരു മന്ത്രി ഉണ്ടായിക്കൂടാ എന്നാണ് ഞാൻ ചിന്തിച്ചത്. ആ ചിന്തയാണ് മമ്മൂട്ടിയുടെ കഥാപാത്രമായ വി.എസിന്റെ പിറവിക്കു കാരണം.

ഞാനൊരു മന്ത്രിയാകുകയാണെങ്കിൽ വി.എസിന്റെ മാനസികാവസ്ഥയാകും എനിക്കുണ്ടാകുക. ആ കഥാപാത്രത്തിന്റെ ഹൃദയം എന്റെതായിരുന്നു. മന്ത്രിയായതിന്റെ പേരിൽ മൂല്യങ്ങൾ മറക്കുന്ന രീതിയോട് ഒരു കുടുംബനാഥൻ എന്ന നിലയിൽ എനിക്കെതിർപ്പുണ്ട്. ആ സന്ദേശം സിനിമയിലൂടെ കൊടുക്കുകയെന്നതായിരുന്നു ലക്ഷ്യം. ആ സമയത്ത് എംഎം ഹസനുമായും ജി. കാർത്തികേയനുമായും ചെറിയാൻ ഫിലിപ്പുമായും ടി.എൻ ബഷീറുമായുമൊക്കെ ഇതേക്കുറിച്ച് ആലോചിച്ചിരുന്നു.

കുടുംബം നോക്കാതെ നാട് നന്നാക്കുന്നവർക്കുള്ള മറുപടി

സിനിമയുടെ ക്ലൈമാക്സിൽ മന്ത്രിയായ വി.എസ്, വാവ പഠിപ്പിക്കുന്ന കോളേജിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്നിട്ട്, വേദിയിൽ വച്ച് അവരോട് പരസ്യമായി മാപ്പ് പറയുകയാണ്. വേദിയിൽ നിന്ന് അയാൾ പറയുന്നത്, ‘കുടുംബമാണ് നാടിന്റെ അടിത്തറ. കുടുംബം നന്നായാൽ നാട് നന്നാകും. എന്റെ കുടുംബം നന്നായി മുന്നോട്ടു കൊണ്ടു പോകുന്നതിൽ പരാജയപ്പെട്ട എനിക്ക് ഒരു മന്ത്രിയായിരിക്കാൻ യോഗ്യതയില്ല’ എന്നാണ്. സ്വന്തം കുടുംബം നോക്കാതെ നാട് നന്നാക്കാൻ ഇറങ്ങുന്നവർക്കുള്ള മറുപടിയായിരുന്നു അത്. അടുത്ത ഡയലോഗിൽ, ‘എന്റെ വാവയെ തിരിച്ചു തരൂ’ എന്നാണ് അയാൾ പറയുന്നത്. വർഷങ്ങൾക്കു ശേഷം ഇതേ സ്റ്റൈലിൽ വന്ന മറ്റൊരു ക്ലൈമാക്സാണ് ‘കഥ പറയുമ്പോൾ’.

മമ്മൂട്ടി എന്നെ സഹായിച്ചു

മമ്മൂട്ടി എന്നെ സഹായിച്ച സിനിമയാണ് ‘നയം വ്യക്തമാക്കുന്നു’. എന്റെ വിതരണ കമ്പനി ബാധ്യതകളിൽ പെട്ടപ്പോൾ, ഒരു മമ്മൂട്ടി ചിത്രം ചെയ്താൽ കടം തീർക്കാം എന്നുറപ്പായിരുന്നു. ‘തീർച്ചയായും താങ്കൾക്കു വേണ്ടി ഞാനൊരു പടം ചെയ്യാം, എപ്പോഴാണോ ഫ്രീയാകുന്നത് അപ്പോൾ വിളിക്കാം’ എന്നു മമ്മൂട്ടി പറഞ്ഞിരുന്നു. അങ്ങനെ മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് അഭിനയിച്ച ചിത്രമാണത്. അഭിനയിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് കഥാപാത്രം ഇഷ്ടപ്പെട്ടു. മമ്മൂട്ടി ഒരേ നിറമുള്ള വേഷം ധരിച്ച ഏക ചിത്രവും അതാകും. വെള്ളയും വെള്ളയുമായിരുന്നു വി.എസിന്റെ കോസ്റ്റ്യൂം. ‘ഈ സിനിമയിൽ ഞാൻ അഭിനയിക്കുന്നില്ല, ബാലചന്ദ്രമേനോനെ അനുകരിക്കുന്നതേയുള്ളൂ’ എന്ന് മമ്മൂട്ടി എന്നോടു പറഞ്ഞിട്ടുണ്ട്.

‘നയം വ്യക്തമാക്കുന്നു’ ജി.കാർത്തികേയന് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി അതിന് ബന്ധമുണ്ടെന്നൊക്കെ ചർച്ച വന്നിരുന്നു. പക്ഷേ, കാർത്തികേയൻ മന്ത്രിയായിരുന്നു, ഭാര്യ ടീച്ചറും എന്ന സാമ്യമേ ഉള്ളൂ.

n1

നിരാശയുടെ ഫോൺവിളികൾ

ഇപ്പോഴും ‘നയം വ്യക്തമാക്കുന്നു’ ടിവിയിൽ വരുമ്പോൾ ഒരുപാട് പേർ വിളിക്കും. എന്താ അതു പോലെ ഒരു സിനിമ ഇപ്പോ എടുക്കാത്തതെന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ, ടി.വിയിൽ വന്നപ്പോൾ ഹിറ്റായതല്ലാതെ, തിയേറ്ററിൽ ഒരു മമ്മൂട്ടി ചിത്രം നേടേണ്ട വിജയം ആ ചിത്രത്തിനു സ്വന്തമാക്കാനായില്ല. അതാണ് സങ്കടം. പ്രതീക്ഷിച്ച വിജയം നേടാത്തതിൽ വലിയ നിരാശയുണ്ട്. ടി.വിയിൽ കണ്ട്, നന്നായിരിക്കുന്നു എന്ന് പലരും വിളിച്ചു പറയുമ്പോൾ വേദന തോന്നും.

നമുക്കു പറ്റിയ പണിയല്ല

കോളേജ് പഠനം കഴിഞ്ഞതോടെ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ ഹൃദയം വച്ച് പെരുമാറാൻ കഴിയില്ലെന്നു മനസ്സിലായി. വളരെ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന ആളാണ് ഞാൻ. അങ്ങനെയൊരാള്‍ക്ക് രാഷ്ട്രീയം പറ്റില്ല. എെന്ന പലരും രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചതാണ്. വലിയ ഓഫറുകളും വന്നു. പക്ഷേ ഞാൻ ഒഴിഞ്ഞു. എനിക്കൊരിക്കലും അതിനോടു നീതി പുലർത്താനാകില്ല.