Tuesday 14 May 2019 03:19 PM IST

16–ാം വയസ്സിൽ എയർഫോഴ്സിൽ, 25 ൽ വക്കീൽ! സിനിമാ നടനാകാൻ ജോലി രാജിവച്ച ബാലാജി ഭാഗ്യതാരമായ കഥ

V.G. Nakul

Sub- Editor

b1

സീരിയലിൽ അഭിനയിക്കുന്നവരുടെ പ്രധാന പരാതികളിൽ ഒന്ന് സിനിമയിൽ വേണ്ട വിധം അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. സിനിമാക്കാർ സീരിയലുകാരെ രണ്ടാംനിരക്കാരായി പരിഗണിക്കുന്നു എന്നതാണ് മറ്റൊന്ന്. എന്നാൽ അത്തരം ആരോപണങ്ങൾക്കൊക്കെ അപവാദമായി ഒരാളുണ്ട്– ബാലാജി ശർമ. സീരിയലുകളിൽ തിളങ്ങി, സിനിമയിലേക്കെത്തി, കൈനിറയേ അവസരങ്ങളും ഭാഗ്യതാരമെന്ന വിശേഷണവും നേടി സിനിമകളിൽ നിന്നു സിനിമകളിലേക്കു കുതിക്കുകയാണ് ബാലാജി. മലയാളത്തിൽ സമീപകാലത്തു വന്ന വൻ വിജയങ്ങളിൽ മിക്കതിലും ബാലാജിയുണ്ട്. ‘ദൃശ്യം’, ‘അമർ അക്ബർ അന്തോണി’, ‘മെമ്മറീസ്’, ‘ദി ഗ്രേറ്റ് ഫാദർ’, ‘ഒപ്പം’, ‘എന്നു നിന്റെ മൊയ്തീൻ’ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. അടങ്ങാത്ത ആഗ്രഹവും അതിനുവേണ്ടി പരിശ്രമിക്കുവാനുള്ള മനസ്സുമുണ്ടെങ്കിൽ ഒന്നും അപ്രാപ്യമല്ലെന്ന് ഈ തിരുവനന്തപുരത്തുകാരൻ തെളിയിച്ചിരിക്കുന്നു.

തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനി’ൽ ബാലാജി ശർമ മനസ്സുതുറക്കുകയാണ്.

ഏഴാം ക്ലാസിലെ അമ്മാവൻ

അച്ഛൻ ഹരിഹരശർമയ്ക്കും അമ്മ പാർവതി അമ്മാളിനും ഞാൻ ഒറ്റ മകനാണ്. അച്ഛന് നാഷനൽ ടെക്സ്റ്റയിൽ കോർപ്പറേഷനിലായിരുന്നു ജോലി. അമ്മ പോസ്റ്റ് മാസ്റ്ററായിരുന്നു. അഭിനയ മോഹം കുട്ടിക്കാലം മുതൽ ഒപ്പം കൂടിയതാണ്. നാലാം ക്ലാസിലാണ് ആദ്യം സ്റ്റേജിൽ കയറിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനിൽ ഒരു നാടകം അവതരിപ്പിച്ചു, ‘വെള്ളിക്കപ്പ്’ എന്ന പേരിൽ. അതിൽ ഒരു അമ്മാവന്റെ വേഷമായിരുന്നു. അതോടെ കുറച്ചു കാലത്തേക്ക് സ്കൂളിലെ ഇരട്ടപ്പേര് അമ്മാവൻ എന്നായി.

b3

പതിനാറാം വയസ്സിൽ ജോലി

അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. 86 ശതമാനം മാർക്ക് വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. എന്നാൽ, ക്ലാസ് കട്ട് ചെയ്യലും സിനിമാ കാണലും ഒക്കെയായി പ്രീഡിഗ്രി അലമ്പി. ആയിടെയാണ് കൂട്ടുകാരോടൊപ്പം ചേർന്ന് കൊച്ചിയിൽ പോയി എയർ ഫോഴ്സിലേക്കുള്ള പരീക്ഷ എഴുതിയത്. കൊച്ചി വരെ ഒരു ട്രിപ്പ് എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, എനിക്ക് സെലക്ഷൻ കിട്ടി. അങ്ങനെ പരീക്ഷയിൽ നിന്നു രക്ഷപ്പെടാൻ, പതിനാറാം വയസ്സിൽ എയർ ഫോഴ്സിൽ ചേർന്നു. അപ്പോഴും അഭിനയ മോഹം കെടാത്ത കനലു പോലെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു.

സിനിമ തേടാൻ ജോലി കളഞ്ഞു

9 വർഷം എയർ ഫോഴ്സിൽ ജോലി ചെയ്തു. അതിനിടെ ഡിഗ്രിയും എൽ.എൽ.ബിയും എടുത്തു. ഒരു പ്രൊഫഷനൽ കോഴ്സ് സ്വന്തമാക്കിയതോടെ, സിനിമയെന്ന ലക്ഷ്യവുമായി, ജോലി രാജി വച്ച് നാട്ടിലേക്കു പോന്നു. ജോലി കളഞ്ഞ് സിനിമയ്ക്കു വേണ്ടി ശ്രമിച്ചിച്ച് എന്തെങ്കിലും തരത്തിൽ പാളിപ്പോയാൽ ജീവിക്കണമല്ലോ. അതിനാണ് വക്കീലായത്. അഭിനയ മോഹം തലയ്ക്കു പിടിച്ച് തിരിച്ചു വന്നതിൽ അച്ഛനും അമ്മയും കുറ്റം പറഞ്ഞില്ല. ഒറ്റ മോനാണല്ലോ. അവർ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു.

b5

സിനിമയിൽ

ഒറ്റജീവിതമല്ലേ ഉള്ളൂ. അതിൽ തന്നെ, ആഗ്രഹിച്ചതെന്തെങ്കിലുമൊക്കെ സ്വന്തമാക്കണമല്ലോ. അങ്ങനെ മടങ്ങി വന്ന്, ആദ്യത്തെ ആറ് മാസം സിനിമയ്ക്കായി ശ്രമിച്ചു. അങ്ങനെയാണ് അമ്മയുടെ സഹപ്രവർത്തകനായിരുന്ന മഹേഷ്മിത്ര വഴി അദ്ദേഹം തിരക്കഥയെഴുതിയ ‘നാടൻപെണ്ണും നാട്ടുപ്രമാണിയും’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. അതിനു മുമ്പ് എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത്, ലീവിനു വന്നപ്പോൾ ‘മീൻ തോണി’ എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. ‘നാടൻപെണ്ണും നാട്ടുപ്രമാണിയും’ കഴിഞ്ഞ് അത്തരത്തിൽ കുറേ തല കാണിക്കൽ വേഷങ്ങൾ കിട്ടിയെങ്കിലും കരിയറിൽ വഴിത്തിരിവുണ്ടായതും ശ്രദ്ധേയമായ ഒരു കഥാപാത്രം കിട്ടുന്നതും ‘ഒഴിമുറി’യിലാണ്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

b2

സീരിയലിലേക്ക്

സിനിമയില്‍ വേഗപ്പോക്ക് വേഷങ്ങൾ കുറേയായപ്പോൾ എനിക്കു തന്നെ തോന്നി, ഇതു ശരിയാകില്ല, ആളുകൾ ശ്രദ്ധിക്കണമെങ്കിൽ മറ്റെന്തെങ്കിലും വേണം എന്ന്. സിനിമയാണ് ലക്ഷ്യമെങ്കിലും മുഖം കാണിക്കൽ മാത്രമായാൽ പ്രശ്നമാകും. അങ്ങനെയാണ് ആങ്കറിങ് തുടങ്ങിയതും അതു വഴി സീരിയലിൽ അവസരം ലഭിച്ചതും. ‘അലകൾ’ ആണ് ആദ്യ സീരിയൽ. അതിലെ മുരുകൻ എന്ന കഥാപാത്രം ഹിറ്റായി. തുടർന്ന് സീരിയലുകളുടെ ഒഴുക്കായിരുന്നു. ‘മാനസപുത്രി’, ‘അലകൾ’, ‘കായംകുളം കൊച്ചുണ്ണി’, ‘മൂന്നുമണി’ തുടങ്ങി ഞാൻ ചെയ്ത സീരിയലുകളിൽ കൂടുതലും വലിയ ഹിറ്റുകളായിരുന്നു. പലതും അഞ്ഞൂറും അറുന്നൂറും എപ്പിസോഡുകൾ വരെ പോയി.

എനിക്കങ്ങനെ തോന്നിയിട്ടില്ല

‘ഒഴിമുറി’ കഴിഞ്ഞതോടെ സിനിമയിൽ സജീവമായി. അതോടെ സീരിയലുകൾ കുറഞ്ഞു. സിനിമയിൽ അവസരങ്ങൾ വന്നതോടെ സീരിയലുകളിലേക്ക് ആരും വിളിക്കാതായി. സിനിമയാണ് ലക്ഷ്യം എന്നതിനാൽ നല്ല അവസരങ്ങൾ വന്നാൽ മാത്രം സീരിയലുകളിൽ അഭിനയിക്കാം എന്നു ഞാനും തീരുമാനിച്ചു.

സിനിമയിൽ ഹാപ്പിയാണെങ്കിലും എന്റെ കഴിവ് പ്രകടിപ്പിക്കാൻ പറ്റിയ നല്ല കഥാപാത്രങ്ങൾ ഇപ്പോഴും ചെയ്തിട്ടില്ല. സിനിമ കൊണ്ട് ജീവിക്കാം എന്ന സിറ്റുവേഷനുണ്ട്. സീരിയലുകളെക്കാൾ, മെച്ചപ്പെട്ട ജീവിത സാഹചര്യം സിനിമ തരുന്നു. മാസം രണ്ടു പടമൊക്കെ ചെയ്താൽ സുരക്ഷിതമാണ്. ചെറിയ വേഷമാണെങ്കിലും കഴിഞ്ഞ മാസം മൂന്നു പടം ചെയ്തു. എന്നെ സംബന്ധിച്ച്, ഒരിക്കൽ പോലും സീരിയൽ നടൻ എന്ന നിലയിൽ സിനിമയിൽ രണ്ടാം കിടക്കാരനെന്ന തോന്നലുണ്ടായിട്ടില്ല. ആരും അങ്ങനെ പരിഗണിച്ചിട്ടുമില്ല. കരിയർ തുടങ്ങിയിട്ട് ഇപ്പോൾ പത്തൊമ്പത് വർഷമായി.

ഇനി നായകൻ

‘ദൃശ്യം’ മുതലാണ് വലിയ സിനിമകളിലേക്കുള്ള കൂടുതൽ അവസരങ്ങൾ വന്നു തുടങ്ങിയത്. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച്, ഡയലോഗ് പറയുമ്പോൾ നമ്മളും ശ്രദ്ധിക്കപ്പെടും. അതോടൊപ്പം ചെയ്ത സിനിമകളെല്ലാം വിജയിക്കുകയും ചെയ്തു. അതും ഗുണമായി. എം.ബി പത്മകുമാർ സംവിധാനം ചെയ്ത ‘ടെലിസ്കോപ്പ്’ എന്ന ചിത്രത്തിൽ നായകനായി. അത് ഉടൻ പ്രദർശനത്തിനെത്തും. അതിലെ മനുഷ്യൻ എന്ന എന്റെ ക്യാരക്ടറിന് പ്രേംനസീർ സാംസ്ക്കാരിക ഫൗണ്ടേഷന്റെ മികച്ച സഹനടനുള്ള അവാർഡും കിട്ടി. ഇനിയിപ്പോൾ ‘സച്ചിൻ’, ‘ജാലിയൻവാലാബാഗ്’, ‘ഉറിയടി’, ‘കുട്ടിമാമ’ തുടങ്ങി കുറേ സിനിമകൾ റിലീസ് ചെയ്യാനുണ്ട്.

b4

കോടതി കാണാത്ത വക്കീൽ

ഭാര്യ സ്മിതയും മകൾ നവോമികയുമാണ് എന്റെ ലോകം. ഇനിയും ആങ്കറിങ് ചെയ്യണമെന്നുണ്ട്. നല്ല അവസരം വരാനായി കാത്തിരിക്കുന്നു. വക്കീലാണെങ്കിലും ഞാനിതു വരെ കോടതി കണ്ടിട്ടില്ല. പ്രാക്ടീസ് ചെയ്യണമെന്നുണ്ട്്. ബാർ അസോസിയേഷൻ അംഗമാണ്. ജീവിതത്തിൽ വക്കീലാണെങ്കിലും സിനിമയിൽ കിട്ടിയതിൽ പലതും പൊലീസ് വേഷങ്ങളായിരുന്നു. പത്തു പതിനഞ്ചു സിനിമകളിൽ പൊലീസായി.