Wednesday 09 June 2021 09:01 AM IST : By സ്വന്തം ലേഖകൻ

‘പട്ടിണിയും ഒറ്റപ്പെടലും ഒരുപാട് അനുഭവിച്ചെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ ശ്രമിച്ചയാൾ...’! ആദ്യമായി അഭിനയിച്ച സിനിമ കാണാതെ മടക്കം

basil-joseph

ആദ്യമായി അഭിനയിച്ച സിനിമ കാണാന്‍ കാത്തുനിൽക്കാതെ പ്രിയപ്പെട്ടവരുടെ കുഞ്ഞേട്ടൻ പോയി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലാണ് കുഞ്ഞേട്ടൻ അഭിനയിച്ചത്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്. പ്രിയപ്പെട്ട കുഞ്ഞേട്ടനെ അനുസ്മരിച്ച് ബേസില്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ബേസിൽ ജോസഫിന്റെ കുറിപ്പ് –

മിന്നൽ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്‌റ് ആയി വരികയും പിന്നീട് അസാധ്യമായ നർമ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി . എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പടർത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം . പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ , ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രെമിച്ചിരുന്ന അച്ഛൻ കുഞ്ഞേട്ടൻ , ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട് . എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു . ആദരാഞ്ജലികൾ .