Monday 13 December 2021 04:34 PM IST

‘പപ്പയ്ക്ക് എന്താ പറ്റിയത്?’: ഏറ്റവും സങ്കടപ്പെട്ടത് മകൻ ആരോമൽ: ബെൽസ് പാൾസിയെ ജയിക്കാൻ മനോജ്

Binsha Muhammed

Senior Content Editor, Vanitha Online

beena-antony-manoj

ചെറുതെങ്കിലും യുദ്ധസമാനമായ ഒരു സാഹചര്യത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ് നടനും ബീന ആന്റണിയുടെ ഭർത്തുവുമായ മനോജ് കുമാർ. നേരമിരുട്ടി വെളുത്തപ്പോൾ തന്റെ ഷേപ്പ് മാറ്റിയ ബെൽസ് പാൾസിയെക്കുറിച്ച് യൂട്യൂബ് വിഡിയോയിൽ മനോജ് തമാശയായാണ് കുറിച്ചതെങ്കിലും ആരാധകർ അത് വേദനയോടെയാണ് കേട്ടത്. തന്റെ മുഖം കണ്ട് പരിചയിച്ചവർക്ക് ഈ ‘പുതിയ മുഖം’ ഒരു പക്ഷേ വിഷമമുണ്ടാക്കും എന്ന് മനോജ് പറഞ്ഞപ്പോൾ ആ വേദന ഇരട്ടിയായി. ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സകളിലൂടെ മനോജ് ‘പഴയ മനോജായി’ തിരികെ വരാനൊരുങ്ങുമ്പോൾ ആശങ്കപ്പെട്ട ആരാധകരെ ആശ്വസിപ്പിച്ച് ഭാര്യ ബീന ആന്റണി വരികയാണ്. നവംബർ 28ന്റെ ആ രാത്രിയിൽ തന്റെ പ്രിയപ്പെട്ടവന് സംഭവിച്ച പരീക്ഷണത്തെക്കുറിച്ച് ബീന ആന്റണി മനസുതുറക്കുന്നു, ‘വനിത ഓൺലൈനോട്.’

‘എന്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത്, ചുണ്ടിന്റെ അരികിൽ എന്തോ വല്ലാത്തൊരു ഫീൽ. മനു അന്ന് അങ്ങനെയാണ് എന്നോട് പറയുന്നത്. എന്തുപറ്റി എന്ന് ആരായുമ്പോഴും അദ്ദേഹത്തിന് കൃത്യമായി പറയാൻ കഴിയുന്നില്ല. സാരമില്ലെന്ന് ആശ്വസിപ്പിച്ച് അന്ന് ഉറങ്ങാൻ കിടന്നു.

രാവിലെ എഴുന്നേൽക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാൻ എന്റെ ജോലികളിലേക്ക് കടന്നു. ചായ ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക്. എന്നെ വിളിച്ച് അടുക്കളയിലേക്ക് എത്തിയപ്പോൾ തലേന്നു രാത്രിയിലത്തെ ആ പ്രശ്നം രൂക്ഷമായതായി പറഞ്ഞു. ഇക്കുറി സംഗതി ഇത്തിരി സീരിയസായിരുന്നു. പല്ലു തേച്ചിട്ട് വെള്ളം വായിൽ കൊണ്ട് വെള്ളം തുപ്പിയപ്പോൾ സൈഡ് വഴി ഒഴുകിപ്പോയെന്ന് മനു പറഞ്ഞു. അപ്പോൾ ഞാനും അൽപം ടെൻഷനായി. പക്ഷേ പുറത്തു കാട്ടിയില്ല, എന്നാലാകും വിധം സമാധാനിപ്പിച്ചു. അപ്പോഴും ഞാൻ മനുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്കൊന്ന് ആശുപത്രി വരെ പോകാം, എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാൻ ശ്രദ്ധിക്കുന്നത്. മനുവിന്റെ മുഖം ഒരു വശത്തേക്ക് കോഡിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലെപ്പോഴോ ഡോക്ടർ കൂടിയായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്ട്രോക്കായിരിക്കുമോ എന്ന ടെൻഷനായിരുന്നു എനിക്കും മനുവിനും. വിഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛൻ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാൻ പറഞ്ഞും പരിശോധന തുടർന്നു. പേടിക്കേണ്ടടാ... ഇത് സ്ട്രോക്കല്ല. ബെൽ പാൾസിയാണെന്ന് അന്നേരം അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.

അന്ന് ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടർമാരില്ല. ഒടുവിൽ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിലേക്ക്. എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ പിന്നാലെയെത്തി. കുഞ്ഞച്ഛൻ പറഞ്ഞത് ഡോക്ടർമാർ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും, ട്രീറ്റ്മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ ഉള്ളുവെന്നും പറഞ്ഞത് പകുതി ആശ്വാസമായി.

ഏറ്റവും സങ്കടപ്പെട്ടത്, മകൻ ആരോമൽ മനോജാണ്. പപ്പയ്ക്ക് എന്താ പറ്റിയതെന്ന് വിഷമത്തോടെ ചോദിച്ചു. അപ്പോഴും മനുവിന്റെ മുമ്പിൽ ഞങ്ങൾ എല്ലാ വിഷമവും മാറ്റിവച്ച് ആത്മവിശ്വാസം പകർന്ന് നിന്ന്. പക്ഷേ ഞാനും അവനും മാത്രമായ നിമിഷം വല്ലാതെ വേദനിച്ചു.

ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പുരോഗമിക്കുകയാണ്. പഴയപോലെ മനു തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാവരും പ്രാർത്ഥിക്കണം.– ബീന ആന്റണി പറഞ്ഞു നിർത്തി.