Thursday 15 November 2018 01:54 PM IST : By സ്വന്തം ലേഖകൻ

അതിർത്തിയിൽ പാക്കിസ്ഥാനിലേക്കു മിഴികൾ നട്ട് സല്ലുവും കത്രീനയും; ‘ഭാരത്’ഫസ്റ്റ് ലുക്ക് എത്തി

bharath-new

സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്ന‘ഭാരത്’ഫസ്റ്റ് ലുക്ക് എത്തി. ഇന്ത്യ–പാക്കിസ്ഥാന്‍ അതിർത്തിയായ വാഗയിൽ ഗെയിറ്റിനപ്പുറം പാക്കിസ്ഥാനിലേക്കു മിഴിനട്ടു നോക്കി നിൽക്കുന്ന താരങ്ങളാണു ചിത്രത്തിൽ.

ബ്ലാക്ക് സ്യൂട്ടാണ് സൽമാന്റെ വേഷം. സാരി ധരിച്ച് ഷാൾ പുതച്ച് കത്രീനയും. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ഭാരത്’ 2014 – ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ സിനിമ ‘ഓഡ് റ്റു മൈ ഫാദർ’ ന്റെ റീമേക്കാണെന്നു പറയപ്പെടുന്നു. 1947– ലെ വിഭജകാലത്തു നടന്ന സംഭവങ്ങളും വിഭജനാനന്തര ഇന്ത്യയുടെ 70 വര്‍ഷത്തെ ചരിത്രവും ചിത്രം പറഞ്ഞുപോകുന്നുണ്ടത്രേ. ‘ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര’ എന്നാണ് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

അമൃതസറിലുള്ള യഥാർത്ഥ വാഗ അതിർത്തിയിലല്ല സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഫസ്റ്റ് ലുക്കിനു പിന്നിലെ മറ്റൊരു കൗതുകം. വാഗയിൽ സുരക്ഷാസേന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പഞ്ചാബിലെ ലുധിയാനയിലെ ബല്ലോവൽ ഗ്രാമത്തിൽ താൽക്കാലികമായൊരുക്കിയ സെറ്റിലാണ് സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത്. പാക്കിസ്ഥാനിൽ ചിത്രീകരിക്കേണ്ട ദൃശ്യങ്ങളും ചിത്രത്തിലുണ്ടായിരുന്നെങ്കിലും അതിനും അനുമതി പ്രശ്നമുള്ളതുകൊണ്ട് താൽക്കാലിക സെറ്റ് ഒരുക്കുകയായിരുന്നു. ‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭാരതി’നുണ്ട്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്’. ‘സുല്‍ത്താന്‍’ ഈ കൂട്ടുകെട്ടിന്റെ ചിത്രമാണ്.

മുംബൈ, ഡൽഹി, അബുദാബി, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിലാണ് ‘ഭാരത്’ ചിത്രീകരിക്കുന്നത്. ജാക്കി ഷ്റോഫ്, തബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതുൽ അഗ്നിഹോത്രിയുടെ റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡും ഭൂഷൺ കുമാറിന്റെ ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററിലെത്തും.