Friday 10 May 2019 02:54 PM IST

‘അതുവരെ എന്റെ ചിറകിനു കീഴിലായിരുന്നു കുഞ്ഞാറ്റയുടെ ലോകം, അന്നാണ് ആദ്യമായി ഒരു നിബന്ധന വച്ചത്!’

Roopa Thayabji

Sub Editor

1
ഫോട്ടോ: ശ്യാം ബാബു

തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെ ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ ചേർത്തു മടങ്ങിവരികയാണ് മനോജ് കെ. ജയനും ആശയും അമൃതും. കാറിന്റെ ചില്ലുജാലകത്തിലൂടെ വഴിയിൽ കാ ണുന്ന ഓരോ കൗതുകങ്ങളും അച്ഛനെ വിളിച്ചുകാണിച്ച് അമൃത് പൊട്ടിച്ചിരിക്കുന്നു. മകന്റെ കുഞ്ഞിച്ചിരി ക്കൊപ്പം ചേരുന്നുണ്ടെന്ന് തോന്നിപ്പിക്കാൻ നന്നായി ശ്ര മിച്ചെങ്കിലും മനോജ് മുഖംമറച്ചിരുന്നു കരയുകയായിരുന്നുവെന്ന് ആശ പോലും അറിഞ്ഞത് എയർപോർട്ടിൽ എ ത്തുമ്പോഴാണ്. ‘‘ഇത്രയും വർഷത്തിനിടയിൽ ദൂരേക്ക് മോളെ വിടുന്നത് ആദ്യമായാണ്. മൂന്നാംക്ലാസു മുതൽ എന്റെ ചിറകിനു കീഴിലായിരുന്നു കുഞ്ഞാറ്റയുടെ ലോ കം. അവളെ കുഞ്ഞേ എന്നാണ് ഇപ്പോഴും വിളിക്കുന്നത്. മോളുടെ മുറിയുടെ വാതിലിൽ ‘കുഞ്ഞാറ്റാസ് റൂം’ എന്നെഴുതിയ ബോർഡുണ്ട്. ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ എഴുതിവാങ്ങിയതാണ്. ആ ബോർഡ് കാ ണുമ്പോൾ ഇനി സങ്കടം കൂടും.’’ മനോജിന്റെ കൺകോണിൽ തിളങ്ങിനിന്ന സ്നേഹത്തിന്റെ ഇത്തിരിനനവ് വാക്കുകളിലേക്കും പടർന്നു.

family

അമൃതാണ് ജീവിതത്തിലെ അമൃത് ?

സങ്കടത്തിന്റെ വലിയ അധ്യായം കഴിഞ്ഞ് ജീ വിതത്തിലേക്കു സന്തോഷങ്ങൾ നിറച്ചത് മോമാൻ, ബാറ്റ്മാൻ മുതൽ പുലിമുരുകൻ വരെ ആ നിര നീളും. ബാഹുബലിയിലെ ‘മാനപ്രാണ സങ്കടാ...’ എന്നു തുടങ്ങുന്ന തെലുങ്ക് ഡയലോഗ് കാണാപ്പാഠമാണ്. ‘സർഗ’ത്തിന്റെ റീമേ ക്ക് സമയത്താണ് ഞാൻ തെലുങ്ക് ആദ്യമായി കേൾക്കുന്നത്. ‘പുലിമുരുകൻ’ കണ്ട ശേഷം മോൻ ആശയോടു ഒരു ആവശ്യവുമായി എത്തി, ‘ലാലങ്കിളിനെ എനിക്ക് ഒന്നു കാണിച്ചുതരാമോ...’ പലവട്ടം അവൻ ലാലേട്ടനെ കണ്ടിട്ടുണ്ടെങ്കിലും ഇനി കാണുമ്പോൾ പുലിമുരുകൻ ചെരിപ്പും മാസ്കുമൊക്കെയിട്ടു അഭിനയിച്ചു കാണിക്കാൻ കാത്തിരിക്കുകയാണ്.

വീട്ടിൽ പാവം കുട്ടിയാണെങ്കിലും സ്കൂളിൽ കുഞ്ഞാറ്റ വില്ലത്തിയാണെന്നാണ് കേട്ടിട്ടുള്ളത്. കൽപന ചേച്ചിയുടെ സ്വ ഭാവമാണ് മോൾക്ക് കിട്ടിയിരിക്കുന്നത്. കൂട്ടുകാർക്കിടയിൽ വ ലിയ തമാശക്കാരിയാണ്. ഡബ്സ്മാഷും മറ്റു പരിപാടികളു മൊക്കെയുണ്ട്. സമയത്തിനു റെക്കോർഡ് ബുക്ക് സബ്മിറ്റ് ചെയ്യാതിരിക്കുക, പരീക്ഷയ്ക്ക് മാർക്ക് കുറയുക തുടങ്ങിയ അലമ്പുകളുമുണ്ട്. മോനെ സ്കൂളിൽ നിന്നു വിളിച്ചുകൊണ്ടു വരാൻ ആശ ചെല്ലുമ്പോൾ ടീച്ചർമാർ വിളിപ്പിക്കും, ‘തേജയുടെ അമ്മയല്ലേ. കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.’ ടീച്ചർമാരുടെ വ ഴക്ക് കിട്ടുന്ന ദിവസം ഞാൻ വീട്ടിലില്ലെങ്കിൽ ആശയോടാണ് അവൾ ദേഷ്യം തീർക്കാറ്. ഞാനുണ്ടെങ്കിൽ മുകളിലത്തെ മു റിയിൽ കയറി മിണ്ടാതിരിക്കും.     
എനിക്ക് കുട്ടിക്കാലത്ത് വലിയ കുരുത്തക്കേടൊന്നും  ഇല്ലായിരുന്നു. കൂട്ടുകാരോടു പോലും വഴക്കിനൊന്നും പോകില്ല. ക്ലാസിൽ ബഹളം വയ്ക്കുന്നതിനും പഠിക്കാത്തതിനുമൊക്കെ ടീച്ചർമാർ ബെഞ്ചിൽ കയറ്റിനിർത്തും, അവിടെ നിന്ന് ഡെ സ്കിലേക്ക് പ്രമോഷനും  കിട്ടിയിട്ടുണ്ട്. ചേട്ടനായിരുന്നു കോ ളജിലെ അടിപിടിയും അടിപൊളിയുമൊക്കെ. ഞാൻ ആകെ ചെയ്തൊരു കുരുത്തക്കേട് ഏഴാം ക്ലാസിൽ വച്ച് പ്രോഗ്രസ് റിപ്പോർട്ടിൽ തനിയെ ഒപ്പിട്ടതാണ്. എല്ലാ വിഷയത്തിനും മൊ ട്ട കിട്ടിയ ഞാൻ ടീച്ചർ കൂടിയായ അമ്മയുടെ മുന്നിലേക്ക് എ ങ്ങനെ പ്രോഗ്രസ് കാർഡുമായി ചെല്ലാനാണ്.

മുന്പ് സങ്കടങ്ങളുടെ ഒരു കാലമുണ്ടായിരുന്നു ?

എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുന്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ്. ‘മോ ളെയും കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പൊയ്ക്കോളൂ’ എന്നാണ് അമ്മ പറഞ്ഞത്. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലാണ് പഠിച്ചത്. പിന്നീട് ഇവിടെ ചിന്മയ മിഷൻ സ്കൂളിൽ ചേർത്തു. നാട്ടിലെത്തി ഒരു വർഷം കഴിഞ്ഞ്തൊട്ടടുത്തേക്ക് അവരും താമസം മാറി വന്നു. വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ്. എന്റെ അമ്മ മരിച്ചപ്പോൾ കരുത്തോടെ കൂടെനിന്നു. പലരും കുറ്റപ്പെടുത്തിയപ്പോഴും ‘ഒന്നുമോർത്ത് സങ്കടപ്പെടരുത്’ എന്നാണ് അമ്മ പറഞ്ഞത്. ആത്മീയഗുരുവായ രാഘവേന്ദ്രസ്വാമിയുടെ അടുത്ത് ഞാൻ ആദ്യമായി പോകുന്നതും അമ്മ പറഞ്ഞിട്ടാണ്.  
ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി.

തിരിഞ്ഞുനോക്കുന്പോൾ വിഷമമുണ്ടോ?

ഞങ്ങൾ രണ്ടുപേർക്കും ആ തീരുമാനം കൊണ്ട് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു. ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പി.

പ്ലസ്ടുവിന് 85.2 ശതമാനം മാർക്കുണ്ട് മോൾക്ക്. അക്കൗണ്ടൻസിയിൽ ചോയ്സ് സ്കൂളിലെ ടോപ്സ്കോറായ 96ഉം അവൾക്കാണ്. റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉർവശിയുടെ നന്പരിലേക്ക് ആശയുടെ ഫോണിൽ നിന്നു മോൾ വിളിച്ചു, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു. കലാരഞ്ജിനി ചേച്ചിയുടെ മകൻ അന്പാടിയും കൽപനയുടെ മോൾ ശ്രീമയിയും എന്റെ ചേട്ടന്റെ മക്കളുമെല്ലാം ചെന്നൈയിലുണ്ട്. പക്ഷേ, ക്രൈസ്റ്റിൽ തന്നെ ബിഎ മീഡിയ ആൻഡ് കമ്യൂണിക്കേഷനു ചേരണമെന്ന് കുഞ്ഞിനായിരുന്നു നിർബന്ധം.

മോളുടെ പ്ലസ്ടുവിന്റെ ഗ്രാജ്വേഷൻ സെറിമണി. ചോയ്സ് എംഡി ജോസ് തോമസിനൊപ്പം എന്നെയും ആശയെയും ഇരുത്തി. ഒരാഴ്ച കഴിഞ്ഞ് അമൃതിന്റെ പ്രീസ്കൂൾ അനുവൽ ഡേയ്ക്കും ഞാനും ആശയും കൂടി ചെന്നു. അന്നും ജോസ് തോമസ് ഉണ്ട്. എന്നെ കണ്ടപ്പോൾ അദ്ദേഹത്തിനു സംശയം, ‘എന്താ ഇവിടെ.’ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു, ‘ഒരാൾ ഇറങ്ങുന്പോൾ അടുത്തയാൾ തുടങ്ങിയല്ലേ...’ കുഞ്ഞാറ്റയും മോനും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്.

manoj

ശ്രീമയിയും കുഞ്ഞാറ്റയും ഒരേ ക്ലാസിലായിരുന്നു ?

ശ്രീമയിയും കുഞ്ഞാറ്റയും ആമിയും റിച്ചിയുമായിരുന്നു സ്കൂ ളിലെ ഗ്യാങ്. പരീക്ഷയുടെ തലേദിവസം പേന പൂജിക്കാൻ എല്ലാവരും കൂടിയാണ് അന്പലത്തിൽ പോയിരുന്നത്. ചിഞ്ചി (ശ്രീമയി) കൽപനയുടെ മരണശേഷം ഭയങ്കര റെസ്പോൺസിബിളായി എന്നു മോൾ പറയും. അവൾക്ക് ഉർവശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. മോളാണ് ചിഞ്ചിയെ എല്ലായിടത്തും കൊണ്ടുപോകുന്നത്.
കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്കൂളിലേക്ക് പോയിരുന്നു. ‘മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചർ ആശയെയാണ് വിളിച്ചത്. കൽപനയുടെ മൃതദേഹം ഹൈദരാബാദിൽ നിന്നു കൊണ്ടുവന്നപ്പോൾ ‘പബ്ലിക്കിനു മുന്നിൽ കരയാൻ ഇഷ്ടമില്ല, ഒരു റൂമിൽ വച്ച് അമ്മയെ കാണണം’ എന്നവൾ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയിൽ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്.

ഇവിടെ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിൽ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാൽ ചിഞ്ചി ആശയോടു വി ളിച്ചു ചോദിച്ചു, ‘എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’ ‘എനിക്ക് മൂന്നു പെൺമക്കളാണ്’ എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യവിവാഹത്തിലെ മോൾ യുകെയിലാണ്. അവിടെ പത്താംക്ലാസിലാണ് ശ്രീയ. അവളെക്കുറിച്ചു മാത്രമേ ആശയ്ക്ക് സങ്കടമുള്ളൂ. വർഷത്തിൽ രണ്ടു പ്രാവശ്യം ആശ അങ്ങോട്ടുപോയി മോളെ കാണും.

daughter

ആശ വരുന്പോൾ ആശങ്കകളുണ്ടായിരുന്നോ ?

എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്നമായിരുന്നു. മോളുടെ ആറാംക്ലാസിലെ ഓണപ്പരീക്ഷയുടെ സമയത്താണ് അമ്മ മരിച്ചത്. സിനിമകളുടെ തിരക്കു കാരണം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. സെക്കൻഡ് ടേമിൽ മോളെ ചോയ്സിൽ ചേർത്തു, തൽക്കാലത്തേക്ക് ഹോസ്റ്റലിലും നിർത്തേണ്ടിവന്നു.

അന്നുവരെ എന്റെ നെഞ്ചിൽ കിടത്തിയായിരുന്നു കുഞ്ഞാ റ്റയെ ഉറക്കിയിരുന്നത്. മോളെ കൊണ്ടുവിട്ട് പോരും വഴി വണ്ടിയിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു. വീട്ടിലെത്തിയ പാടേ ഹോസ്റ്റലിലേക്ക് വിളിച്ചു, ‘യാതൊരു കുഴപ്പവുമില്ല’ എന്നാണു മറുപടി. വല്ല വിധത്തിലും ഉറങ്ങിയെന്നു വരുത്തി പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ഹോസ്റ്റലിലെത്തി. ‘രാത്രി മോളും കരച്ചിലായിരുന്നു. മനോജ് വിഷമിക്കേണ്ടെന്നു കരുതി പറയാതിരുന്നതാണ്’ എന്നു വാർഡൻ പറഞ്ഞു. മോൾ പിന്നീട് ഓക്കെയായെങ്കിലും എനിക്ക് സമാധാനമില്ലായിരുന്നു. രണ്ടാം വിവാഹം ചെയ്യാമെന്ന തീരുമാനത്തിൽ വേഗമെത്തിയത് അങ്ങനെയാണ്. ഒരു ദിവസം രാത്രി ഞാൻ മോളോടു ചോദിച്ചു, ‘അച്ഛന്റെ ജീവിതത്തിലേക്ക് അമ്മയെ പോലെ ഒരാളെ കൊണ്ടുവന്നാൽ വിഷമമാകുമോ.’

‘അച്ഛനെന്താ കൊണ്ടുവരാത്തെ’ എന്നായിരുന്നു മോളുടെ മറുപടി. അന്ന് ആശ ഡിവോഴ്സ് കഴിഞ്ഞ് യുകെയിലാണ്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ മോളെ ഹോസ്റ്റലിൽ നിന്ന് കൊണ്ടുവന്നു. ആശയോടാണ് മോൾക്ക് അടുപ്പം കൂടുതൽ. അവർ തമ്മിലാണ് രഹസ്യങ്ങൾ പങ്കിടുന്നത്. ഞാൻ ഷൂട്ടിങ്ങിനു പോകുന്പോൾ ആശയും കുഞ്ഞാറ്റയും ഒന്നിച്ചാണ് കിടക്കുന്നത്. പിന്നെയല്ലേ മോൻ വന്നത്. ഉർവശിയുടെ മോൻ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് മോളെ കൊണ്ടുപോയത്. ഇപ്പോഴും ഉർവശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ആശയെ വിളിക്കും.

വിവാഹജീവിതത്തിൽ നമ്മൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യും. ആറുവർഷത്തോളം പൊരുത്തപ്പെടാൻ പല രീതിയിൽ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയത്. 11 വർഷത്തോളം ഇങ്ങനെ കഴിഞ്ഞ ശേഷമാണ് ആശ വിവാഹമോചനത്തിനു തയാറായത്. ആ അനുഭവങ്ങളിലൂടെ ജീവിതത്തെ പച്ചയായി തിരിച്ചറിഞ്ഞതു കൊണ്ട് അവയെ ഒഴിവാക്കി ജീവിക്കാൻ പഠിച്ചു എന്നതാണ് ഇപ്പോഴത്തെ വലിയ കാര്യം.

മക്കളുടെ കാര്യത്തിൽ കർക്കശക്കാരനാണോ ?


ഇതുവരെ മക്കളോട് ദേഷ്യം കാണിച്ചിട്ടില്ല, ഒന്നിനും നിർബന്ധിച്ചിട്ടുമില്ല. മൂന്നാംക്ലാസ് വരെ മോൾ പാട്ടും ഡാൻസും പഠിച്ചു, പിന്നീട് നിർത്തി. അവൾക്ക് വെസ്റ്റേൺ മ്യൂസിക് ആണ് ഇഷ്ടം. പഠിക്കാതെ തന്നെ നന്നായി പാടും. എന്റെ ഒരു വിഷമവും മോളെ അറിയിച്ചിട്ടില്ല. ലിഫ്റ്റിൽ കയറുന്പോൾ ഞങ്ങൾ രണ്ടുംപേരും കൂടി ഡാൻസ് ചെയ്യും. ഡോർ തുറക്കുന്പോൾ ഒന്നുമറിയാത്തതു പോലെ നിൽക്കും. ഇത് സ്ഥിരം കലാപരിപാടിയാണ്.

കുറച്ചുനാൾ മുന്പ് ആശ കുഞ്ഞാറ്റയ്ക്കു വേണ്ടി ശുപാർശയുമായെത്തി, മോൾക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങണം. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാൻ അച്ഛൻ സമ്മതിക്കുമോ എന്നായിരുന്നു മോളുടെ പേടി. അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനൊത്തൊന്നുമല്ല ഞാൻ ജീവിച്ചത്. അതുകൊണ്ടു തന്നെ അഭിരുചി അനുസരിച്ച് ജീവിക്കാൻ മകളെ അനുവദിക്കും. പക്ഷേ, ഞാൻ വളരെ അഭിമാനിയാണ്. എന്റെ അഭിമാനത്തിനു കോട്ടം തട്ടുന്ന രീതിയിൽ ജീവിക്കരുത് എ ന്നു പറഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലേക്ക് പഠിക്കാൻ പോകും മുമ്പാണ് കുഞ്ഞാറ്റയോട് ആദ്യമായി ഒരു നിബന്ധന വച്ചത്, ‘നമുക്കേ നമ്മളെ സൂക്ഷിക്കാനാകൂ. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്പോൾ വളരെ ശ്രദ്ധിക്കണം. മോശമായ സ്വഭാവമു ള്ളവരെ തിരിച്ചറിയണം.’

പെൺമക്കൾ എല്ലാ കാലവും കൂടെയുണ്ടാകില്ലല്ലോ ?

അത് കരുതിയല്ലല്ലോ നമ്മൾ മക്കളെ സ്നേഹിക്കുന്നത്. എനിക്ക് മോളോടു കുറച്ചു അടുപ്പം കൂടുതലുണ്ട്. ഈയിടെ ഒരു സംഭവമുണ്ടായി. കോളജിൽ ചേർന്ന് കുറച്ചുദിവസം കഴി ഞ്ഞപ്പോൾ മോൾക്ക് ചെറിയ പനി. ടിക്കറ്റ് എടുത്തുകൊടുക്കൂ. പനി മാറിയിട്ട് തിരികെ വിടാമെന്ന് ആശ പറയുന്നുണ്ട്. എല്ലാവർക്കും കൂടി അങ്ങോട്ടു പോകാനും കഴിയില്ല. 83 വയസ്സായെങ്കിലും അച്ഛൻ ഇപ്പോഴും കച്ചേരികൾ നടത്തുന്നുണ്ട്. പ്രായത്തിന്റേതായ കുറച്ച് അസുഖമൊക്കെ ഉള്ളതിനാൽ അച്ഛനെ ഒറ്റയ്ക്കാക്കാനാകില്ല.

പക്ഷേ, തനിയെ ഓട്ടോറിക്ഷയിൽ കയറി ഡോക്ടറെ  കാണാൻ മോൾ പോയി. ആദ്യമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് പോകേണ്ടി വന്നത്. ഹോസ്റ്റലിൽ തിരിച്ചെത്തിയെന്നു പറഞ്ഞ് മോൾ വിളിച്ചപ്പോൾ ഞാനോർത്തത് മറ്റൊരു കാര്യമാണ്. അഞ്ചാംക്ലാസിൽ പഠിക്കുന്പോൾ അവൾക്കു ചിക്കൻപോക്സ് വന്നു. 18 ദിവസം കഴിഞ്ഞാണ് കുളിപ്പിച്ചത്. ആ 18 ദിവസവും തറയിൽ വേപ്പില വിരിച്ച് മോളെയും കെട്ടിപ്പിടിച്ചാണ് ഞാൻ കിടന്നത്. ഞാൻ ‘മോസ് ആൻഡ് ക്യാറ്റി’ൽ അഭിനയിക്കുന്ന സമയമാണ്. രാവിലെ ഷൂട്ടിങ്ങിനു പോകുമ്പോൾ എനിക്കു കുറ്റബോധമാണ്. അസുഖം വന്നാൽ ഷൂട്ടിങ് മുടങ്ങും. പക്ഷേ, ദൈവം കൂടെയുണ്ടായിരുന്നു. ചിക്കൻ പോക്സ് എന്റെ അടുത്തുകൂടി പോലും വന്നില്ല.

മകൾ സിനിമയിൽ വരുമോ ?


മോൾക്ക് അഭിനയത്തിൽ താൽപര്യമുണ്ട്, സ്കൂളിൽ എല്ലാ പരിപാടികൾക്കും ചേരാറുണ്ടായിരുന്നു. ദുൽഖറാണ് മോളുടെ ഇഷ്ട നടൻ. എന്റെ എല്ലാ സിനിമകളും ഇഷ്ടമാണെങ്കിലും തമാശ സിനിമകളോടു കുറച്ച് ഇഷ്ടം കൂടും. ‘സീനിയേഴ്സും’ ‘നേര’വും എത്ര കണ്ടാലും മോൾ ചിരി നിർത്തില്ല.

ഞാനും ഉർവശിയും സിനിമാക്കാരാണ്. മോളുടെ ജീനിൽ സിനിമ ഏതായാലുമുണ്ടാകും. നടിയാകണമെന്നാണ് ആഗ്രഹ മെങ്കിൽ വലിയ സന്തോഷം. മോളെ അഭിനയിപ്പിക്കാമോ എന്നു ചിലരൊക്കെ ചോദിക്കാറുണ്ട്. പക്ഷേ, പഠിത്തം കഴിഞ്ഞു മതി അതൊക്കെ. സിനിമ മോശം മേഖലയാണെന്ന ധാരണ യൊന്നും എനിക്കില്ല. പണ്ട് സിനിമയിൽ ചില മോശം കാര്യങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ഇന്ന് അങ്ങനെയല്ല. അതുകൊണ്ടാണ് ഒരുപാട് പുതിയ ആളുകൾ വരുന്നതും.

സിനിമയിൽ ഞാൻ വില്ലനാകുന്നതിൽ മോൾക്ക് പരിഭവമൊന്നുമില്ല, ഇടയ്ക്കിടയ്ക്ക് നായകനും ആകുന്നുണ്ടല്ലോ. പക്ഷേ, മോന് എന്നെ ആരും തല്ലുന്നത് ഇഷ്ടമല്ല. അതുകണ്ടാൽ സൂപ്പർഹീറോയായി അവൻ ചാടിവീഴും.