Thursday 07 May 2020 04:47 PM IST

ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം കുഞ്ഞു സിഫ്രാന്റെ ഉണര്‍ത്തു പാട്ട്; വൈറല്‍ വിശേഷങ്ങളുമായി പാട്ട് കുടുംബം

Binsha Muhammed

covid-song

കോവിഡിന്റെ കണ്ണികള്‍ അറുക്കാന്‍ കരുതലും കാവലുമൊരുക്കി ക്ഷമയോടെ കാത്തിരിക്കുകയാണ് ഒരു ജനത. അതിജീവനം വ്രതമാക്കി കോവിഡിനെതിരെ നാം സന്ധിയില്ലാ സമരം തുടരുമ്പോള്‍ ഇതാ ഒരു ഉണര്‍ത്തുപാട്ട്. പാട്ടിന്റെ കിളിക്കൊഞ്ചലുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ സിഫ്രാന്‍ എന്ന കുഞ്ഞു മിടുക്കനാണ് കോവിഡ് പോരാളികള്‍ക്ക് ആദരമെന്നോണം ഗാനം സമര്‍പ്പിക്കുന്നത്. പതിവു പോലെ സിഫ്രാനൊപ്പം ഉപ്പ നിസാമും ഉമ്മ മെഹ്‌റുന്നിസയും ഈ ഉണര്‍ത്തുപാട്ടിന്റെ പിന്നണിയില്‍ ഉണ്ട്. 'ഭയപ്പെടേണ്ട നമ്മളിന്ന് കരുതലാകുക... അകത്തിരുന്ന് ദൂരെ ദൂരെ മാറി നില്‍ക്കുക...' എന്ന ഗാനം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുമ്പോള്‍ പാട്ടിനു പിന്നിലെ മധുര സ്വരത്തിനുടമ എട്ടു വയസുകാരന്‍ സിഫ്രാനും ഉപ്പ നിസാം തളിപ്പറമ്പും വനിത ഓണ്‍ലൈനുമായി മനസു തുറക്കുകയാണ്.

പോരാളികള്‍ക്കായി ഈ ഗീതം

നമ്മളെയൊക്കെ കൊല്ലാന്‍ തക്ക ശക്തിയുള്ള വൈറസ്. അത് നമ്മുടെ ഒരുപാട് സഹോദരങ്ങളുടെ ജീവനെടുത്തു, ഒരുപാട് പേര്‍ ആശുപത്രിയിലാണ്.  അത്രയേ എനിക്കറിയൂ. അവര്‍ക്കു വേണ്ടിയാണ് എന്റെയീ പാട്ട്- കുഞ്ഞു മനസിന്റെ നിഷ്‌ക്കളങ്കതയോടെ സിഫ്രാന്‍ പറഞ്ഞു തുടങ്ങുകയാണ്. 

കൊറോണയെ ഓടിക്കാന്‍ പൊലീസും ഡോക്ടര്‍മാരും നമ്മുടെ കൂടെയുണ്ടെന്ന് ഉപ്പ പറഞ്ഞു. അവര്‍ക്കു വേണ്ടിയാണ് ഈ പാട്ടു പാടിയത്. പാട്ടു കേട്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നല്ലതു പറഞ്ഞു. എല്ലാവര്‍ക്കും നന്ദി- സിഫ്രാന്‍ പറയുന്നു. 

ഉത്തരവാദിത്തമുള്ള കലാകാരന്‍ എന്ന നിലയ്ക്കാണ് ഇങ്ങനെയൊരു സംഗീതോപഹാരത്തിന് രൂപം കൊടുക്കുന്നത്. നമുക്ക് വേണ്ടി ഉണര്‍ന്നിരിക്കുന്ന പോരാളികള്‍ക്കുള്ള സമര്‍പ്പണമാണ് ഈ പാട്ട്. സര്‍വോപരി കോവിഡ് എന്ന മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കുന്ന, അതിനെ അതിജീവിച്ച പോരാളികള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഞങ്ങളുടെ ഈ പാട്ട്. സിഫ്രാനൊപ്പം, ഞാനും ഭാര്യ മെഹ്‌റുന്നിസയും ഈ പാട്ടിന്റെ പിന്നണിയിലുണ്ട്.- നിസാം പറയുന്നു. 

ഈ ഗാനം മാനവര്‍ക്ക് ഒരു ഉണര്‍ത്തുപാട്ട് എന്ന വിശേഷണത്തോടെയാണ് പങ്കുവച്ചിരിക്കുന്നത്. ഷുക്കൂര്‍ ഉടുമ്പുംതലയാണ് ഈ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഞാന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കുട്ടന്‍ സൗപര്‍ണികയാണ് ഈ പാട്ടിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. 

പൂര്‍ണമായും സാമൂഹിക അകലം പാലിച്ചാണ് ഈ പാട്ട് തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ പാടി റെക്കോഡ് ചെയ്ത ശേഷം ബിനീഷ് പ്രോഗ്രാം ചെയ്ത് എടുക്കുകയായിരുന്നു. 

കാത്തിരിക്കുന്നു പുതിയ അവസരങ്ങള്‍ക്കായ്

ആല്‍ബം ഗാനങ്ങളിലൂടെയും കവര്‍ സോംഗുകളിലൂടെയുമാണ് സിഫ്രാനും ഞങ്ങളും സോഷ്യല്‍ മീഡിയക്ക് പരിചിതരാകുന്നത്. ജന്നത്ത് എന്ന പേരില്‍ ഇറക്കിയ ആല്‍ബം കവര്‍, ഖല്‍ബാണ് ഫാത്തിമ കവര്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് വലിയ ബ്രേക്ക് നല്‍കിയത്. മണിച്ചേട്ടന്റെ കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ സിഫ്രാന്‍ പാടിയിട്ടുണ്ട്. ഇതേ ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്തിട്ടുമുണ്ട്. സൗബിന്‍ ഷാഹിറിന്റെ അമ്പിളിയാണ് സിഫ്രാന്‍ അഭിനയിച്ച മറ്റൊരു ചിത്രം. ഇപ്പോള്‍ സ്റ്റാര്‍ പ്ലസിന്റെ ഒരു സംഗീത റിയാലിറ്റി ഷോയ്ക്കായുള്ള ഗ്രൂമിങ്ങിലാണ് സിഫ്രാന്‍. മൈലാഞ്ചി, പട്ടുറുമാല്‍ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയാണ് ഞാന്‍ സംഗീത വഴിയില്‍ സജീവമാകുന്നത്. മെഹ്‌റുന്നിസ പട്ടുറുമാലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത് - നിസാം പറഞ്ഞു നിര്‍ത്തി.