Wednesday 11 December 2019 03:02 PM IST

കുന്ദമംഗലത്തു നിന്ന് ബോളിവുഡിലേക്ക്! ഹിന്ദി സിനിമയിൽ മലയാളിയുടെ വിജയഗാഥ, കയ്യടിക്കാം ഡാരിയസ് യാർമിലിന്

Priyadharsini Priya

Sub Editor

darius1

ബോളിവുഡിൽ പോയി ചങ്കുംവിരിച്ചു നിന്ന് വിജയം വരിച്ച അധികം മലയാളികളൊന്നുമില്ല. അവിടെയാണ് യാതൊരു വിധത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാതെ ഒരു കോഴിക്കോട്ടുകാരൻ വ്യത്യസ്തനാകുന്നത്. കുന്ദമംഗലത്ത് നിന്ന് ബോളിവുഡിലേക്ക് ഒരു സ്വപ്നത്തിന്റെ മാത്രം ദൂരമേ ഉള്ളൂ എന്ന് തെളിയിച്ചിരിക്കുകയാണ് ഡാരിയസ് യാർമിൽ. തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കമാൻഡോ 3 എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഒരു മലയാളി ആണെന്ന് തിരിച്ചറിയുമ്പോൾ പലർക്കും അവിശ്വസനീയതയാണ്. ആക്ഷൻ ഹീറോ വിദ്യുത് ജംവൽ നായകനായ കമാൻഡോ 3 തിയറ്ററുകളിൽ തരംഗം സൃഷ്‌ടിക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്നതും തിരക്കഥാകൃത്തായ ഡാരിയസിന്റെ പേരാണ്. മലയാള മീഡിയം സ്‌കൂളിൽ പഠിച്ച് ബോളിവുഡ് വരെയെത്തിയ വിശേഷങ്ങൾ ‘വനിതാ ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് ഡാരിയസ് യാർമിൽ.

ഫ്ലൈറ്റ് ടു മുംബൈ 

എന്റെ വിദ്യാഭ്യാസം മുഴുവൻ നാട്ടിലായിരുന്നു. കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും എടുത്തു. ദേവഗിരി കോളജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളുമായി ചേർന്ന് ഫിലിം ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പഠനത്തിനു ശേഷം നേരെ സിനിമാ പഠനത്തിനായി മുംബൈയിലേക്ക്. അവിടെ സുഭാഷ് ഗായിയുടെ ‘വിസിലിങ് വുഡ് ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ’ സംവിധാനം പഠിക്കാൻ ചേർന്നു. സ്ക്രിപ്റ്റ് റൈറ്റിങ്ങിൽ അശ്വനി മല്ലിക്ക് ആയിരുന്നു അവിടുത്തെ എച്ച്ഒഡി. ഡയറക്ഷൻ കോഴ്‌സിന്റെ മൂന്നാം വർഷം അവരുടെ ട്രെയിനിങ് സെക്ഷനിൽ കൂടി പങ്കെടുത്തു. അതോടെ കൂടുതൽ ആത്മവിശ്വാസമായി. കോഴ്സ് കഴിഞ്ഞു കുറച്ചുകാലം അസോസിയേറ്റ് ആയി ജോലി ചെയ്ത ശേഷമാണ് എഴുത്തിലേക്ക് തിരിഞ്ഞത്.  

darius8

ക്ലിക്കായി ‘കമാൻഡോ 3’ 

ഡയറക്ഷൻ കോഴ്സ് കഴിഞ്ഞയുടൻ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷനിലാണ് എനിക്ക് പ്ലെയ്സ്മെന്റ് കിട്ടിയത്. അതിനുശേഷം യഷ് രാജ് ഫിലിംസിലുണ്ടായിരുന്ന ഹബീബ് ഫൈസലിനൊപ്പമാണ് ആദ്യമായി തിരക്കഥ എഴുതിയത്. അതിനിടെ ധർമ്മ പ്രൊഡക്ഷൻ ചെയ്ത ഒരു പടത്തിൽ ഡയറക്ഷൻ അസിസ്റ്റൻഡ് ആയി ജോലി ചെയ്തിരുന്നു. കരൺ മൽഹോത്രയായിരുന്നു ഡയറക്ടർ. ഋത്വിക് റോഷനും കരീനയുമായിരുന്നു അതിലെ താരങ്ങൾ. പടം എന്തുകൊണ്ടോ നടന്നില്ല. ഡയറക്ഷൻ അസിസ്റ്റൻഡ് ആയതുകൊണ്ട് ക്രിയേറ്റിവ് ആയിട്ടുള്ള കാര്യങ്ങളിൽ കോർഡിനേറ്റ് ചെയ്യാനുള്ള അ‌വസരം ലഭിച്ചു. നാലു റൗണ്ട് ഇന്റർവ്യൂ കഴിഞ്ഞശേഷമാണ് എനിക്കാ സിനിമയിലേക്ക് അവസരം ലഭിച്ചത്. 

ഹബീബ് ഫൈസലിനൊപ്പം സഹകരിച്ചു പ്രവർത്തിക്കുമ്പോഴാണ് കമാൻഡോ 3 യുടെ നിർമാതാവായ വിപുൽ ഷായുടെ പ്രൊഡക്ഷൻ കമ്പനി സൺഷൈൻ പിക്ചേർഴ്‌സിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചത്. അങ്ങനെയാണ് കമാന്‍ഡോ 3 യിലേക്ക് എത്തുന്നത്. മിലിട്ടറി ആക്ഷൻ ത്രില്ലർ ലൈനിലാണ് കമാൻഡോ ത്രീയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് എനിക്ക് സിനിമയുടെ തിരക്കഥ എഴുതാനുള്ള കരാർ ലഭിച്ചത്. അതിൽ വലിയ അതിശയവും സന്തോഷവും തോന്നി. 

കമാൻഡോ ടീമിൽ നിന്ന് വലിയ പിന്തുണയാണ് എനിക്ക് ലഭിച്ചത്. പുതുമുഖങ്ങളെ വളർത്തിക്കൊണ്ടു വരാൻ താല്പര്യമുള്ള ഒരു ടീമിനൊപ്പം പ്രവർത്തിച്ചതിൽ സന്തോഷമുണ്ട്. തിയറ്ററുകളിൽ സിനിമ മികച്ച വിജയമാണ് നേടുന്നത്. ഇപ്പോൾ അവരുടെ മറ്റൊരു പ്രൊജക്റ്റിനു വേണ്ടിയും തിരക്കഥ എഴുതുന്നുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. 

മീഡിയം എന്തായാലും എഴുത്ത് ഇഷ്ടം 

പഠിച്ചത് സംവിധാനം ആണെങ്കിലും എനിക്ക് കുറച്ചുകൂടി സംതൃപ്തി തരുന്ന മേഖല എഴുത്തായിരുന്നു. അതാണ് സ്ക്രിപ്റ്റ് റൈറ്റിങ് തിരഞ്ഞെടുത്തത്. ഇപ്പോഴും എന്റെ പ്രധാന ലക്ഷ്യം സംവിധായകനായി വളരുക എന്നതാണ്. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ പേര് നേടിയെടുത്തശേഷം പതിയെ സംവിധാനത്തിലേക്ക് കടക്കാം എന്ന് കരുതുന്നു.

കുട്ടിക്കാലം മുതലേ എഴുത്തിനോട് താല്പര്യം ഉണ്ടായിരുന്നു. ഹൈസ്‌കൂൾ പഠിക്കുമ്പോൾ ചെറുകഥാ രചനയ്ക്ക് ജില്ലാതലത്തിൽ ഫസ്റ്റ്, സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഒക്കെ കിട്ടിയിട്ടുണ്ട്. മലയാള മീഡിയം സ്‌കൂളിലായിരുന്നു പഠനം. അതുകൊണ്ടുതന്നെ അന്നത്തെ എഴുത്ത് മലയാളത്തിലായിരുന്നു. ഇംഗ്ലിഷിനോട്‌ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. പ്ലസ് ടു കഴിയുന്നത് വരെ ഇംഗ്ലിഷ് അത്ര വശമുണ്ടായിരുന്നില്ല. പിന്നെ ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞപ്പോൾ കോൺഫിഡൻസ് തോന്നിത്തുടങ്ങി. 

daruis2

അഭിനയത്തോട് 'നോ' 

ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അഭിനയം എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയിട്ടില്ല. അതൊരിക്കലും എന്റെ ലക്ഷ്യമോ മേഖലയോ അല്ല. അഭിനയത്തോട് ഒട്ടും താല്പര്യം തോന്നിയിട്ടില്ല. കഴിവില്ലാത്ത ഒരു കാര്യത്തിന് വേണ്ടി പരിശ്രമിച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പോൾ സംവിധാനവും എഴുത്തും മാത്രമേ ചിന്തയിലുള്ളൂ... 

മലയാള സിനിമ ഇപ്പോൾ മനസ്സിലില്ല. ബോളിവുഡിൽ നിന്ന് ധാരാളം വർക്കുകൾ വരുന്നുണ്ട്. മലയാളത്തിൽ നിന്ന് നല്ല അവസരം വരുകയാണെങ്കിൽ അത് നിഷേധിക്കുകയും ചെയ്യില്ല. മലയാളത്തേക്കാൾ ഒന്നുകൂടി മുകളിലും, ജോലിയുടെ അന്തരീക്ഷം നല്ലതായതു കൊണ്ടും ബോളിവുഡിൽ നിൽക്കാനാണ് താല്പര്യം. ഞാനിവിടെ കംഫർട്ടബിൾ ആണ്.

darius6

എന്റെ കുടുംബം നാട്ടിലുണ്ട്. ഭാര്യ ശ്രിന്ദ മംഗലാപുരത്ത് കാനറാ ബാങ്കിലാണ് ജോലി ചെയ്യുന്നത്. രണ്ടു സഹോദരിമാർ ഉണ്ട്. ഒരാൾ ഡോക്ടറാണ്, മറ്റൊരാൾ എൻഐടിയിൽ റിസർച്ച് ചെയ്യുന്നു. 

പേരിനു പിന്നിൽ? 

മതപരമായോ ജാതീയമായോ വിശ്വാസം ഇല്ലാത്ത ഒരാളാണ് ഞാൻ. അതുകൊണ്ട് ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ അറിയപ്പെടാനും താല്പര്യമില്ല. മതം ഉപേക്ഷിച്ച ശേഷം എനിക്ക് ഞാൻ തന്നെ ഇട്ട പേരാണ് ഡാരിയസ് യാർമിൽ. കോഴിക്കോട് ഒരു ഡാരിയസ് മാർഷൽ ഉണ്ടായിരുന്നു. അദ്ദേഹത്തോടുള്ള ഇഷ്ടം കാരണം ആ പേര് തിരഞ്ഞെടുത്തു. യാർമിൽ ഒരു ചെക്കോസ്ലോവാക്യൻ പേരാണ്. രണ്ടും നല്ല കോമ്പിനേഷൻ അല്ലേ!! 

darius5
Tags:
  • Celebrity Interview
  • Bollywood
  • Movies