Saturday 22 December 2018 06:33 PM IST

‘പെൺകുട്ടികൾ രാത്രിയിൽ യാത്ര ചെയ്യാതെ മാറിയിരിക്കാന്‍ പറ്റുമോ ?’, കുടുംബപ്രേക്ഷകരുടെ കീർത്തി ഒരു ഫാമിലി ഗേളാണ്

V.G. Nakul

Sub- Editor

d1

കുടുംബപ്രേക്ഷകരുടെ കീർത്തിക്കുട്ടിയാണ് ഡെല്ല. ചേച്ചിയുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളും ഇഷ്ടങ്ങളും ത്യജിക്കുന്ന കസ്തൂരിമാനിലെ കീർത്തി, ഡെല്ല ജോർജ് ചെമ്പരത്തിക്കൽ എന്ന തൊടുപുഴക്കാരി സുന്ദരിയെ ചുരുങ്ങിയ കാലത്തിനിടെ മിനിസ്ക്രീനിലെ താരമാക്കി. അതുകൊണ്ടു തന്നെ വലിയ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകർ പറയും: ‘‘ ഇത് നമ്മുടെ സ്വന്തം കൊച്ചല്ലേ...’’

‘‘എന്റെ ആദ്യ സീരിയലാണ് കസ്തൂരിമാൻ. ഒരു ആക്ടിങ് റിയാലിറ്റി ഷോയിലെ പ്രകടനം കണ്ടാണ് വിളിച്ചത്. 1500 പേരുടെ ഓഡിഷനിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരാണ് അതിൽ മത്സരിച്ചത്. വിജയിക്കുന്നവർക്ക് സീരിയലില്‍ അവസരം എന്നായിരുന്നു ഓഫർ. സമ്മാനം കിട്ടിയില്ലെങ്കിലും അക്കൂട്ടത്തിൽ ആദ്യം സീരിയലിലെത്തിയതു ഞാനാണ്’’.– പുതുമുഖത്തിന്റെ പതർച്ചകളില്ലാതെ ഡെല്ല പറഞ്ഞു തുടങ്ങി.

‘‘അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്. ഒരു ചേട്ടനും ഒരു അനിയനുമാണെനിക്ക്. കുംടുംബത്തിൽ അഭിനയ പാരമ്പര്യമൊന്നുമില്ലങ്കിലും ഞാൻ കലാ മേഖലയിലേക്കു വരണമെന്നായിരുന്നു എല്ലാവരുടെയും താത്പര്യം. ചെറുപ്പം മുതലേ പാട്ടിനും ഡാൻസിനുമൊക്കെ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതും സീരിയൽ രംഗത്തേക്കു വന്നതും’’.

d-4

കോളേജിലറിയാത്ത താരം

തോടുപുഴ ന്യൂമാൻ കോളേജില്‍ ഡിഗ്രി രണ്ടാം വർഷം പഠിക്കുകയാണിപ്പോൾ. കുട്ടികളും ടീച്ചേഴ്സുമൊക്കെ വലിയ സപ്പോർട്ടാണ്. പലരും ഇങ്ങോട്ടു വന്നു കാണും. അഭിപ്രായം പറയും. സത്യത്തിൽ, കഴിഞ്ഞ ദിവസം ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഞാനവിടെ പഠിക്കുന്ന കാര്യം കോളേജിൽ എല്ലാവരുമറിഞ്ഞതു തന്നെ.

ഇപ്പോൾ മാസത്തിൽ 10 ദിവസം വരെ ഷൂട്ടുണ്ടാകും. പഠനവും അഭിനയവും ഒന്നിച്ചു കോണ്ടു പോകാന്‍ നല്ല പാടാണ്. പ്രശ്നമാകില്ല എന്നായിരുന്നു പ്രതീക്ഷ. പക്ഷേ പരീക്ഷയൊക്കെയാകുമ്പോൾ ടഫ് ആകും. ഈ വർഷം ഷൂട്ടിങ്ങിനിടെയായിരുന്നു സെമസ്റ്റർ എക്സാം. പകൽ വന്നു പരീക്ഷയെഴുതി, രാത്രി തന്നെ തിരിച്ചു ലൊക്കേഷനിലേക്കു പോകുകയായിരുന്നു.

കോളേജിൽ ആരാധകൻമാരൊന്നുമില്ല. ഇതുവരെ പ്രപ്പോസലൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. പലരും ഈ ചോദ്യം ചോദിക്കാറുണ്ട്. എന്തു ചെയ്യാം, ഉണ്ടെങ്കിലല്ലേ പറയാൻ പറ്റൂ.

d2

തടി കൂടിയോ അതോ കുറഞ്ഞോ ?

സത്യത്തിൽ തടി കൂടിയോ കുറഞ്ഞോ എന്ന കണ്‍ഫ്യൂഷനിലാണ് ഞാൻ. ചിലർ പറയുന്നത്, പണ്ട് തടി കൂടുതലായിരുന്നു, ഇപ്പോൾ കുറഞ്ഞു എന്നാണ്. മറ്റു ചിലർ പറയുന്നത് നേരെ തിരിച്ചും. ഞാൻ വർക്കൗട്ട് ചെയ്യാറില്ല. പഠനവും അഭിനയവുമെല്ലാം കൂടിയാകുമ്പോൾ സമയം കിട്ടാറില്ല.

നോ പ്ലാനിങ്

ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരുപാടൊന്നും ചിന്തിക്കാറില്ല. അതിൽ പലതും നടക്കാറില്ല എന്നതാണ് കാര്യം. അഭിനയരംഗത്തു തുടരണോ അതോ പഠനം തുടരണോ എന്നിങ്ങനെ യാതോരു പ്ലാനുമില്ല. ഇന്നുവരെ ഇങ്ങനെ പോയി. നാളത്തേതു നാളെ.

അഭിനയം പണ്ടു മുതലേ പാഷനാണ്. പഠനത്തോടൊപ്പം അതും മുന്നോട്ടു കൊണ്ടു പോകണമെന്നുണ്ട്. മറ്റൊന്ന്, അഭിനയ രംഗത്ത് ആർക്കും ആരുടെയും ഭാവി പ്രവചിക്കാനാകില്ല എന്നതാണ്. പരമാവധി ശ്രമിക്കാം എന്നേയുള്ളൂ.

സിനിമയിൽ അവസരങ്ങൾ വന്നിരുന്നു. സീരിയലിന്റെ ഡേറ്റുമായി ഒത്തു പോകാത്തതിനാൽ ഒഴിവായി. സീരിയലിൽ തുടർന്നാൽ സിനിമയിൽ അവസരം കിട്ടില്ലെന്നു കേട്ടിട്ടുണ്ട്. പക്ഷേ, നമുക്കു യോജിച്ച ഒരു കഥാപാത്രം വന്നാൽ വിളിക്കും എന്നു തന്നെയാണു പ്രതീക്ഷ. സിനിമ തന്നെ ചിന്തിച്ചിരുന്നാൽ അവിടെയുമില്ല ഇവിടെയുമില്ല എന്നായിപ്പോകും.

d-3

ഫാമിലി ഗേൾ

പുതിയ കാലത്തെ പെൺകുട്ടികൾ വളരെ ബോൾഡാണെന്നത് സത്യം. പക്ഷേ, എന്നെ സംബന്ധിച്ച് ഞാൻ പുതുമയോടൊപ്പം പാരമ്പര്യത്തിലും വിശ്വസിക്കുന്നയാളാണ്. നമ്മൾ വളരെ സ്ട്രോങ്ങാണെന്നു പറഞ്ഞു നടക്കേണ്ടതില്ല. ശ്രദ്ധിച്ചില്ലങ്കിൽ വീഴാൻ ഒരു നിമിഷം മതി. എപ്പോഴും എന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണു ഞാൻ മുന്നോട്ടു പോകുക. എന്നു കരുതി എല്ലാവരും അങ്ങനെയാകണമെന്നുമില്ല.

ഇക്കാലത്ത് സ്ത്രീകൾ സുരക്ഷിതരാണെന്നു പറയാനാകില്ല. ഞാൻ പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ്. പല വാർത്തകളും കേൾക്കുമ്പോൾ പേടി തോന്നും. എന്നു കരുതി പേടിച്ച് ഒളിച്ചിരിക്കാനും പാടില്ല. പലരും പറയുന്നത്, ഒരു പെൺകുട്ടി രാത്രിയിലിറങ്ങി നടന്നാൽ പ്രശ്നമാണെന്നാണ്. എന്നു കരുതി രാത്രിയിൽ യാത്ര ചെയ്യാതെ മാറിയിരിക്കാന്‍ പറ്റുമോ ? നമ്മൾ നമ്മളെ സംരക്ഷിക്കുകയെന്നതാണ് പ്രധാനം. പുതിയ കാലത്തെ കുട്ടികൾ എവിടേക്കും പെട്ടെന്നു ചായുന്നവരാണ്. അത്തരം സന്ദർഭങ്ങളിൽ കൃത്യമായി ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കുക എന്നതാണു പ്രധാനം.