Tuesday 25 September 2018 04:06 PM IST : By സ്വന്തം ലേഖകൻ

മണാലിയില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘത്തിലെ 140 പേര്‍; താൻ സുരക്ഷിതനെന്ന് കാർത്തി

dev111

മഴക്കെടുതിയിൽ പെട്ട്, കുളു മണാലിയിൽ കുടുങ്ങി തമിഴ് സിനിമ സംഘം. കാർത്തി നായകനാകുന്ന ‘ദേവ്’ എന്ന ചിത്രത്തിന്റെ സംവിധായകനുൾപ്പടയുള്ള അണിയറ പ്രവർത്തകരും അഭിനേതാക്കളുമാണ് അപകടാവസ്ഥയിൽ കുരുങ്ങിയത്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം മണാലിയിൽ റോഡ് ഗതാഗതം പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്. വഴിയില്‍ കുടുങ്ങിക്കിടന്ന താന്‍ ചെന്നൈയില്‍ എത്തിയെന്നും എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മണാലിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.

ചിത്രീകരണത്തിനായി ആറു ദിവസം മുമ്പാണ് സംഘം മണാലിയില്‍ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ മഴയിലും മണ്ണിടിച്ചിലിലും റോഡ് തകര്‍ന്നതിനാള്‍ ഹില്‍സ്റ്റേഷനിലെ ലൊക്കേഷനിലേക്ക് പോകാന്‍ കഴിയാതെ കാര്‍ത്തി തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. ഒരു ആശയവിനിമയവും സാധ്യമല്ലാതെ സംവിധായകന്‍ അടക്കമുള്ള 140 പേര്‍ മലമുകളിലെ ലൊക്കേഷനില്‍ കുടുങ്ങികിടക്കുകയാണെന്നും കാര്‍ത്തി പറഞ്ഞു.

മലമുകളിലുള്ള ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നും പാലങ്ങള്‍ പലതും തകര്‍ന്നിരിക്കുന്നതിനാല്‍ ഉടനേ തിരിച്ച് വരാന്‍ കഴിയില്ലന്നും 28 മണിക്കൂർ കഴിഞ്ഞേ റോഡ് യാത്രായോഗ്യമാകൂ എന്നും സംവിധായകന്‍ രജത് രവിശങ്കര്‍ അറിയിച്ചത് ആശ്വാസം പരത്തുന്നു. ദേവ് ടീമിനെ എത്രയും പെട്ടെന്ന് സുരക്ഷിതമായി ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.