Thursday 17 January 2019 02:17 PM IST : By സ്വന്തം ലേഖകൻ

സൂര്യയുടെ മകനും സിനിമയിലേക്ക്! ദേവിന്റെ തുടക്കം നായകനായി

dev-new

തെന്നിന്ത്യയിലെ ക്യൂട്ട് ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും സിനിമയിലും ജീവിതത്തിലും വിജയതാരങ്ങളാണ്. സിനിമാ കുടുംബത്തിൽ നിന്നാണ് സൂര്യയുടെ വരവ്. അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാറും അനിയൻ കാർത്തിയും താരങ്ങളാണ്. ജ്യോതികയുടെ സഹോദരി നഗ്മയും ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർ നായികയായിരുന്നു.

ഇപ്പോൾ സൂര്യ – ജ്യോതികമാരുടെ മകൻ ദേവാണ് സിനിമാകുടുംബത്തിൽ നിന്ന് വെള്ളിത്തിരയിലേക്കെത്തുന്ന പുത്തൻ താരം. എട്ടാം വയസ്സിസാണ് ദേവ് മാതാപിതാക്കളുടെ കൈപിടിച്ച് അഭിനയ രംഗത്തേക്കെത്തുന്നത്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് ദേവ്.

സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുക. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്. ഇതു സംബന്ധിച്ച കാസ്റ്റിങ് കോള്‍ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് ഏക നിബന്ധന.