Friday 11 October 2019 06:47 PM IST

‘നന്നു’എന്റെ ലോകം, ഇനി സ്വപ്നം മോളുടെ വിവാഹം! മനസ്സ് തുറന്ന് ദേവി അജിത്

V.G. Nakul

Sub- Editor

d1

മകളുടെ വിവാഹം, സിനിമാ സംവിധാനം, ഡാൻസ് ഡ്രാമയായ ‘കരുണ’ എന്നിങ്ങനെ വലിയ ആഗ്രങ്ങളിലേക്കുള്ള യാത്രയിലാണ് ദേവി അജിത്ത് ഇപ്പോൾ. സിനിമയിൽ നല്ല അവസരങ്ങൾ തേടി വരുന്നതിനൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളും ലഭിക്കുന്നു. കരിയറിലും ജീവിതത്തിലും നല്ല നിമിഷങ്ങളുടെ കാലം.

മകളെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ ദേവി വാചാലയായി. ‘നന്നു’ എന്ന തന്റെ പൊന്നുമോളെപ്പറ്റി പറയുമ്പോൾ ആ അമ്മ തിരയടങ്ങാത്ത കടൽ പോലെ തുടിക്കുന്നു. മകള്‍ വളർന്ന് ജോലിയൊക്കെ നേടി വലിയ കുട്ടിയായെങ്കിലും ഇപ്പോഴും വീടിന്റെ സ്വീകരണ മുറിയിലെ ചിത്രത്തിൽ തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന ആ കുട്ടിക്കുറുമ്പിയാണ് അവൾ തനിക്കെന്ന് ദേവി പറയുന്നു.

അവതാരക, നിർമാതാവ്, നടി, നർത്തകി എന്നീ നിലകളിൽ മലയാളികളുടെ ഇഷ്ടം നേടിയ ദേവി അജിത് പുതിയ പ്രതീക്ഷകൾ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുന്നു.

d6

നന്നു... എന്റെ ലോകം

നന്ദന എന്നാണ് മോളുടെ പേര്. നന്നു എന്നാണ് ഞാൻ വിളിക്കുന്നത്. മോൾ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോൾ 24 വയസ്സ്. വേർപാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോൾക്ക്. എങ്കിലും അവൾ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേർന്ന് അവളെ വളർത്തിയത്.

d3

24–ാം വയസ്സിൽ വിധവ

അജി മരിച്ചപ്പോൾ എനിക്ക് കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. അത് മോളെ വളർത്താനുള്ളതായിരുന്നില്ല. 24 വയസ്സുള്ള ഒരു യുവതി വിധവയാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിസന്ധികളായിരുന്നു അവ. അജിയുടെ മരണശേഷം വെറുതെ വീട്ടിൽ ഇരിക്കുന്നതിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. മാനസികമായി അത് എന്നെ ബാധിക്കുമായിരുന്നു. മോളെ നന്നായി വളർത്താനും എനിക്ക് വരുമാനം വേണമായിരുന്നു. അങ്ങനെ അജി മരിച്ച് 6 മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ വീണ്ടും അവതാരകയായി. അഭിനയത്തിലേക്കു വരുന്നതു പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ്. അഭിനയം എന്റെ പാഷനാണ്. കുട്ടിക്കാലം മുതൽ ഭരതനാട്യം അഭ്യസിക്കുന്നു. വിവാഹത്തിനു മുമ്പേ അവതാരകയായും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സിനിമയിൽ എന്റെ തുടക്കം നിർമാതാവായാണ്. ‘ദ കാർ’ എന്ന ചിത്രം ഞാനും അജിയും ചേർന്നാണ് നിർമിച്ചത്. ഞാൻ ആദ്യമായി അഭിനയിച്ചത് ശ്യാമപ്രസാദ് സാർ സംവിധാനം ചെയ്ത ‘മണൽ നഗരം’ എന്ന സീരിയലിൽ ആണ്. അഭിനയിച്ച ആദ്യ സിനിമ കമൽ സാറിന്റെ ‘മഴ’. അഭിനയജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 19 വർഷം. 45 സിനിമകളിൽ അഭിനയിച്ചു. അതിൽ ‘മഴ’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ഇവർ’, ‘ആക്ഷൻ ഹീറോ ബിജു’, ‘കാഞ്ചി’, ‘കനൽ’, ‘ടേക്ക് ഓഫ്’ ഒക്കെ പ്രിയപ്പെട്ട സിനിമകളാണ്.

d5

മകളുടെ കല്യാണം എന്ന സ്വപ്നം

മോൾക്ക് ഞാനാണ് പേരിട്ടത്. മകൾ എന്നാണ് നന്ദനയുടെ അർത്ഥം. അവൾക്ക് ഇപ്പോൾ 25 വയസ്സായി. എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനു ശേഷം ഇറ്റലിയിലെ മിലാനിൽ ഉപരി പഠനവും കഴിഞ്ഞ് ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്നു. ഇനി കല്യാണം നോക്കിത്തുടങ്ങണം. മോളുടെ കല്യാണം ആണ് എന്റെ ഏറ്റവും വലിയ സ്വപ്നം.

d2

ഞാനാണ് മോളുടെ ബെസ്റ്റ് ഫ്രണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് അവളും. ഞങ്ങൾ ഒന്നിച്ച് ഒരുപാട് യാത്ര ചെയ്യും. ഞാൻ എല്ലാം മോളോട് ചോദിച്ചിട്ടാണ് ചെയ്യുക. അങ്ങനെ ഒരു കൂട്ടാണ് ഞങ്ങൾ തമ്മിൽ. അപ്പോൾ ഞങ്ങളുടെ ആ ബന്ധത്തെ പരുക്കേൽപ്പിക്കാത്ത ഒരാൾ അവളുടെ ജീവിതത്തിലേക്കു വന്നാൽ വളരെ സന്തോഷം.

അതിജീവിച്ച സങ്കടങ്ങൾ

എന്റെയും അജിയുടെയും പ്രണയവിവാഹമായിരുന്നു. വീട്ടുകാർ സമ്മതിച്ച് നടത്തിത്തരികയായിരുന്നു. ‘ദ കാർ’ എന്ന സിനിമയിലെ ആ കാർ ആക്സിഡന്റായാണ് അദ്ദേഹം മരിച്ചത്. 6 വർഷമേ ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാനായുള്ളൂ. അജി മരിച്ചതോടെ ഒറ്റപ്പെട്ടു എന്ന തോന്നലായിരുന്നു. അത് ഇപ്പോഴും ഉണ്ട്. ആ സമയത്ത് ചെറിയ ഡിപ്രഷനൊക്കെയുണ്ടായിരുന്നു. അതിനെയൊക്കെ കുറേ വർഷങ്ങളെടുത്ത്, പതിയെപ്പതിയെ അതിജീവിക്കുകയായിരുന്നു. ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് ഞാൻ താമസിക്കുന്നത്. ഞാൻ ഒറ്റ മോളാണ്.

d4

2020 എന്റെ വർഷം

2020 എന്റെ വർഷം ആകും എന്നു ഞാൻ വിശ്വസിക്കുന്നു. സംവിധാനം എനിക്ക് ഇഷ്ടമാണ്. 2020 ൽ അതും സംഭവിക്കാം. ഒപ്പം‘കരുണ’ എന്ന ഡാൻസ് ഡ്രാമയുടെ ജോലികള്‍ നടക്കുന്നു. ഒരു ഡ്രീം പ്രൊജക്ടാണ് കരുണ. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഷോ. ഞാനും മോളും ചേർന്നാണ് അവതരിപ്പിക്കുന്നത്. മോളും ഡാൻസ് പഠിച്ചിട്ടുണ്ട്. അതും 2020 ൽ വരും.