Saturday 16 November 2019 09:42 AM IST

എന്നെ കുടുക്കിയത് വീട്ടുകാർ തന്നെയാകാം! കെണിയിലായത് ചെയ്യാത്ത കുറ്റത്തിന്; പ്രേക്ഷകരുടെ സീതയ്ക്ക് പറയാനുണ്ട് ചിലത്

V.G. Nakul

Sub- Editor

d1

‘‘പുതിയ ധന്യയാണ് ഞാൻ. അനുഭവങ്ങളിൽ നിന്നു കുറേ കാര്യങ്ങൾ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാൻ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ എല്ലാം കുട്ടിക്കളിയായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റെതായ തീരുമാനങ്ങൾ കുറവായിരുന്നു. പക്ഷേ, പ്രശ്നങ്ങൾ വന്നപ്പോൾ സ്വന്തമായ ഒരു സ്റ്റാൻഡ് എല്ലാക്കാര്യത്തിലും വേണം എന്നു പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റൂ എന്നും മനസ്സിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്ന തിരിച്ചറിവുണ്ടായി’’ പറയുന്നത് ധന്യ മേരി വർഗീസ്,. ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ കരുത്തിൽ സ്ഫുടം ചെയ്തു പുതിയ തിരിച്ചറിവുകൾ ആർജിച്ചെടുത്തവൾ.

മലയാളസിനിമയിൽ തന്റെതായ ഇടം സ്വന്തമാക്കി മുൻനിര താരമായി തുടരവേയാണ് ധന്യ മേരി വർഗീസ് നടൻ ജോണിനെ വിവാഹം കഴിച്ച് അഭിനയ ജീവിതത്തോട് വിട പറഞ്ഞത്. മധുപാലിന്റെ ആദ്യ സംവിധാനം സംരംഭമായ ‘തലപ്പാവി’ലെ നായികാ വേഷമാണ് ധന്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. തുടർന്ന് ലിജോ ജോസ് പെല്ലിശേരിയുടെ ആദ്യ ചിത്രം ‘നായകനി’ലെ നായികാ വേഷമുൾപ്പടെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ധന്യയെ തേടി വന്നു. വിവാഹത്തോടെ സിനിമ വിടുമ്പോൾ ഹ്രസ്വകാലത്തെ കരിയറിനിടെ നല്ല നടി എന്ന പേര് സ്വന്തമാക്കിയിരുന്നു.

വിവാഹ ശേഷം കുടുംബജീവിതവുമായി മുന്നോട്ടു പോകുന്നതിനിടെ ധന്യ വീണ്ടും വാർത്തകളിൽ നിറഞ്ഞത് ഒരു തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ്. ഭർത്താവിന്റെ കുടുംബം ഉൾപ്പെട്ട ഒരു റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യ അറസ്റ്റിലായത് പ്രേക്ഷകരിൽ സൃഷ്ടിച്ച ഞെട്ടൽ ചെറുതല്ല. എന്നാൽ താൻ അതിൽ വലിച്ചിഴയ്ക്കപ്പെടുകയും ചതിക്കപ്പെടുകയുമായിരുന്നു എന്ന് ധന്യ തുറന്നു പറയുന്നു. ആ ദുരനുഭവങ്ങൾ നൽകിയ വേദനയും മാനസിക പ്രയാസങ്ങളുമാണ് തന്നെ കരുത്തയാക്കിയതെന്നും ഇന്നല്ലെങ്കിൽ നാളെ തന്റെ നിരപരാധിത്വം ജനം മനസിലാക്കുമെന്നും അവർ വിളിച്ചു പറഞ്ഞു.

ഇപ്പോഴിതാ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ധന്യ അഭിനയ രംഗത്തേക്കു മടങ്ങി വന്ന ‘സീതാകല്യാണം’ എന്ന പരമ്പര പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ജീവിതത്തിലെ ദുരിത ഘട്ടങ്ങളെക്കുറിച്ചും അഭിനയ ജീവിതത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ചും ധന്യ വനിത ഓൺലൈനിൽ മനസ്സ് തുറക്കുന്നു.

d4

ഇടവേള അവസാനിപ്പിച്ച സീത

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘സീതാ കല്യാണ’ത്തിൽ അഭിനയിച്ചത്. അതിൽ അഞ്ച് വർഷവും അഭിനയം നിർത്തി എന്ന തീരുമാനത്തിൽ ആയിരുന്നു. തിരികെ വരാം എന്നു തീരുമാനിച്ച ശേഷം ഒരു വർഷത്തിനുള്ളിൽ മാത്രമാണ് നല്ല കഥാപാത്രത്തിനു വേണ്ടി കാത്തിരുന്നത്. അതിനിടെ ‘സീതാകല്യാണ’ത്തിൽ അവസരം ലഭിച്ചു.

കല്യാണം കഴിഞ്ഞ്, മകൻ ജനിച്ച ശേഷം കുടുംബത്തിന്റെയും അവന്റെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് അഭിനയം പൂർണമായും നിർത്താം എന്നു തീരുമാനിച്ചത്. അതിനിടെ മകൻ വളർന്നു, ചില കുടുംബ പ്രശ്നങ്ങളും ഉണ്ടായി. അപ്പോൾ പിന്നെ എന്തുകൊണ്ട് വീണ്ടും അഭിനയിച്ചു കൂടാ എന്ന തോന്നൽ വന്നു. ഭർത്താവിന്റെയും എന്റെ കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു. അങ്ങനെയാണ് തിരിച്ചു വരാൻ തീരുമാനിച്ചത്. ‘സീതാ കല്യാണ’ത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. വളരെ പോസിറ്റീവ് ആയ വേഷം. എന്റെ ചിന്തയുമായി ചേർന്നു പോകുന്നു എന്നു തോന്നി. എന്റെ ആദ്യ സീരിയൽ ആണ് ‘സീതാകല്യാണം’.

തുടക്കം തമിഴിൽ

അഭിനയ ജീവിതം തുടങ്ങിയിട്ട് 12 വർഷത്തിൽ കൂടുതൽ ആയി. ആദ്യ സിനിമ തമിഴിൽ ആയിരുന്നു, ‘തിരുടി’. അതിൽ നായികയായി. മലയാളത്തിൽ ആദ്യ ചിത്രം ‘നൻമ’ ആണ്. അതൊക്കെ കോളജിൽ പഠിക്കുമ്പോൾ, സിനിമയെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങും മുൻപ് അഭിനയിച്ചവയാണ്. പക്ഷേ, ‘തലപ്പാവ്’ ആണ് ബ്രേക്ക് ആയത്. നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടതും കൂടുതൽ അവസരങ്ങൾ വന്നതും അതിനു ശേഷമാണ്. പിന്നീട് ‘നായകൻ’ എന്ന ചിത്രത്തിൽ നായികയായി. ഇതിനോടകം മലയാളത്തിൽ 17 സിനിമകളിൽ അഭിനയിച്ചു. അതിൽ നായിക, സഹനായിക, വില്ലൻ, സ്വഭാവ, അതിഥി വേഷങ്ങൾ ഉണ്ട്.

പ്രേരണ കുടുംബം

വീട്ടിൽ നിന്നുള്ള പിന്തുണയാണ് അഭിനയ രംഗത്തേക്ക് എത്തുവാനുള്ള കാരണം. അച്ഛനും അമ്മയ്ക്കും വലിയ താൽപര്യമായിരുന്നു. കുട്ടിക്കാലം മുതൽ നൃത്തം പഠിപ്പിച്ചു. നൃത്തത്തിൽ അഭിനന്ദനങ്ങൾ കിട്ടിയപ്പോൾ, എന്നെ അഭിനയ രംഗത്തേക്ക് എത്തിക്കണമെന്ന് അവർക്കു തോന്നി. ഡാൻസിൽ നിന്ന് മോഡലിങ്ങിലേക്ക് കടന്നു. അതിനിടെ യാദൃശ്ചികമായാണ് തമിഴിൽ നിന്ന് അവസരം ലഭിച്ചത്.

d2

പ്രണയം വിവാഹം

ഒരു ചാനൽ പ്രോഗ്രാമിനാണ് ഞങ്ങൾ ആദ്യം കാണുന്നത്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട ഡാന്‍സ് പ്രാക്ടീസിനിടെ പരിചയപ്പെട്ടു. അതു കഴിഞ്ഞ് വളരെ അടുത്തു തന്നെ ഒന്നിച്ച് യു.എസിലേക്ക് ഒരു ട്രിപ്പ് വന്നു. അങ്ങനെ സുഹൃത്തുക്കളായി. 35 ദിവസത്തെ ട്രിപ്പായിരുന്നു. ഒരു മാസം റിഹേഴ്സൽ ഉണ്ടായിരുന്നു. ജോൺ ആണ് പ്രപ്പോസ് ചെയ്തത്. വീട്ടിൽ ചോദിക്കണമെന്ന് ഞാൻ പറഞ്ഞു. പിന്നീട് എല്ലാം ഒരു അറേഞ്ച്ഡ് മാര്യേജിന്റെ രീതിയിലായിരുന്നു. 2012 ജനുവരിയിലായിരുന്നു വിവാഹം. മകൻ ജൊഹാൻ.

കാത്തിരുന്ന കൗതുകം

ഞാൻ ആദ്യം ടെലിവിഷനിൽ അഭിനയിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം ദേവൂട്ടി’ എന്ന ടെലിഫിലിമിൽ ആണ്. ‘മഴവിൽ മനോരമ’യുടെ തുടക്കത്തിൽ ആണ് അത് വന്നത്. മധുപാൽ സാർ ആയിരുന്നു സംവിധാനം. അതിൽ ജോൺ ആയിരുന്നു നായകൻ. ഞങ്ങൾ യു.എസ് ട്രിപ്പിന് പോയപ്പോഴാണ് ആ അവസരം വന്നത്. അപ്പോൾ കല്യാണം ഉറപ്പിച്ചിരുന്നു. പക്ഷേ മധുപാൽ സാർ അതറിഞ്ഞിരുന്നില്ല.

d5

ഈ സ്നേഹം കൊതിച്ചു

‘സീതാ കല്യാണ’ത്തിന് നല്ല അഭിപ്രായം കിട്ടുന്നു. പക്ഷേ, ഈ അംഗീകാരവും സ്നേഹവും ലഭിക്കുമോ എന്നു സംശയമുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഒരു പുതിയ തുടക്കമാണ് ‘സീതാകല്യാണം’. മാനസികമായി കൂടുതൽ സ്വസ്ഥയായി.

സീതാകല്യാണത്തില്‍ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ആളുകൾക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും എന്നു പേടിയുണ്ടായിരുന്നു. വായിക്കുന്ന വാർത്തകള്‍ മാത്രമേ അവർക്കറിയൂ. വ്യക്തിപരമായി എന്നെക്കുറിച്ച് ധാരണയുണ്ടാകില്ല. പക്ഷേ, ആദ്യത്തെ ആഴ്ച തന്നെ നല്ല റേറ്റിങ് കിട്ടി. അതോടെ പ്രേക്ഷകർ കൈ വിട്ടിട്ടില്ല എന്നു മനസ്സിലായി.

d3

ഇത് പുതിയ ധന്യ

ഒരു പുതിയ ധന്യയാണ് ഞാൻ. അനുഭവങ്ങളിൽ നിന്നു കുറേ കാര്യങ്ങൾ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാൻ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ ഒരു കുട്ടിക്കളിയുണ്ടായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റെതായ തീരുമാനങ്ങൾ കുറവായിരുന്നു. പക്ഷേ, പ്രശ്നങ്ങൾ വന്നപ്പോൾ സ്വന്തമായ ഒരു സ്റ്റാൻഡ് എല്ലാക്കാര്യത്തിലും വേണം എന്നു പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റൂ എന്നും മനസ്സിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്ന തിരിച്ചറിവുണ്ടായി. ആളുകളെ പൂർണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാൻ പഠിപ്പിച്ചത് അനുഭവങ്ങളാണ്. കാണുന്നതും ചിരിച്ചു കാണിക്കുന്നതും എല്ലാം ഒരേപോലെ ആയിരിക്കണം എന്നില്ല. പിന്നില്‍ അവരുടെതായ സ്വകാര്യമായ ലക്ഷ്യങ്ങൾ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ഞാൻ ആ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇല്ല. വന്നു പെട്ടു എന്നതാണ് സത്യം. അതിൽ എന്റെ പേര് ഉപയോഗിക്കണം എന്ന് താൽപര്യമുള്ളവർ ഉണ്ടായിരുന്നു. ഒരു പക്ഷേ, വീട്ടുകാർ തന്നെ ആയിരിക്കാം. എനിക്ക് അങ്ങനെ ഫീൽ ചെയ്തു. അവരവരുടെ കുറ്റങ്ങൾ മറയ്ക്കാൻ വേണ്ടിയാകാം. എന്തെങ്കിലും വന്നാൽ എന്റെയും ഭർത്താവിന്റെയും പേരാകും അവരെ സുരക്ഷിതരാക്കുക എന്നു തോന്നിക്കാണും.

നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് നാളെ ഇത് തെളിയിക്കപ്പെടും, ഓവർകം ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതായിരുന്നു ധൈര്യം. ഞാൻ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ചു നിർത്തി. ആത്മഹത്യ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണ എടുത്തു പറയണം. കേസ് തുടങ്ങിയപ്പോൾ തന്നെ മോനെ എന്റെ വീട്ടിൽ ഏൽപ്പിച്ചിരുന്നു. ജോണിന് വലിയ വിഷമമായിരുന്നു. തന്റെ ബിസിനസ് കാരണം എനിക്ക് ഈ പ്രശ്നം ഉണ്ടായല്ലോ എന്ന സങ്കടമായിരുന്നു. എന്റെ ഫാമിലിയും ആ സമയത്ത് വളരെയേറെ അപമാനിക്കപ്പെട്ടു. മാനസികമായി എല്ലാവരും തളർന്നു. ജോണും ആ സംഭവത്തിനു ശേഷം കുറേ മാറി. കൂടെ നിൽക്കുന്നവർ ഒറ്റപ്പെടുത്തുകയെന്നാൽ വലിയ പ്രയാസമാണ്. ഏറ്റവും കൂടുതൽ വിശ്വസിക്കുന്നവർ ഒറ്റപ്പെടുത്തുന്നത് ഞങ്ങൾ രണ്ടു പേരും നേരിട്ടു. ഇപ്പോൾ എന്തും നേരിടാം എന്ന മനക്കരുത്തുണ്ട്. ഭർത്താവും മോനുമടങ്ങുന്ന കുടുംബവും ജോലിയുമാണ് ഇപ്പോൾ എന്റെ ലോകം. എനിക്ക് ഇനി അതുമതി.