Wednesday 14 August 2019 02:58 PM IST

‘മലയാളിയുടെ മനസ്സ് കുടിയന്റേതു പോലെ, ‘വെള്ളമിറങ്ങിയാൽ’ ഒന്നും ഓർമ കാണില്ല’! തുറന്നു പറഞ്ഞ് ധർമജൻ

V.G. Nakul

Sub- Editor

d1

മറ്റൊരു പ്രളയകാലത്തെക്കൂടി കേരളം ഒരേ മനസ്സോടെ അതിജീവിക്കുകയാണ്. എങ്ങുനിന്നും നൻമയുടെ വിശേഷങ്ങൾ ഒഴുകിയെത്തുന്നു. വലിയ നൊമ്പരങ്ങൾക്കിടയിലും അത്തരം വാർത്തകൾ സൃഷ്ടിക്കുന്ന ആശ്വാസത്തിന്റെ ഇളം തെന്നൽ ഓരോ മനുഷ്യരെയും തഴുകുന്നു. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, ജാതി, മത, രാഷ്ട്രീയ വകതിരിവുകൾക്കു മീതേ മലയാളക്കര ഒരേ മനസ്സോടെ ഹസജീവികൾക്കു വേണ്ടി മനസ്സർപ്പിച്ചിരിക്കുന്ന ദിവസങ്ങൾ...

ഈ ദുരിത ഘട്ടം കടന്നാലും ഇതേ ഒത്തൊരുമ എക്കാലവും നിലനിൽക്കണമെന്നു കൊതിക്കുന്നവരാണ് ഓരോ മലയാളിയും. പക്ഷേ, കാലാകാലങ്ങളായി സഹൂഹത്തെ വേർതിരിക്കുന്ന, മനുഷ്യനെ പലതാക്കുന്ന അസംഖ്യം ചേരികൾ വീണ്ടും സമൂഹത്തില്‍ പിടിമുറുക്കി, ഇപ്പോൾ കാണുന്ന ഈ ഒത്തൊരുമയുടെ നൻമ കടപുഴകി വീഴുമെന്നു ഭയക്കുന്നവരും കുറവല്ല. മലയാളത്തിന്റെ പ്രിയ നടൻ ധർമജൻ ബോൾഗാട്ടിയും വേദനയോടെ തുറന്നു പറയുന്നതും അതു തന്നെ. കഴിഞ്ഞ പ്രളയകാലത്തും ഈ പ്രളയകാലത്തും തന്നെക്കൊണ്ടാകും വിധം സഹായങ്ങളുമായി ദുരിതമേഖലകളിലേക്കോടിയെത്തിയവരിൽ ഒരാള്‍ മലയാളത്തിന്റെ ഈ ചിരിയഴകായിരുന്നു.

‘‘നമ്മള്‍ കാണുന്നത് അതാണല്ലോ. പ്രളയം വരുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങൾ മാറും. രാഷ്ട്രീയക്കാർ തമ്മിലടി, മതങ്ങൾ തമ്മിലടി, മതങ്ങൾക്കുള്ളിൽ ജാതികൾ തമ്മിലടി ഒക്കെ തിരിച്ചു വരും. അവൻ നായര്, ഇവൻ ഈഴവൻ, മറ്റവൻ പുലയൻ എന്നൊക്കെ വീണ്ടും ചേരിതിരിക്കും. പ്രളയം വരുമ്പോൾ എല്ലാവരും ഒന്നാണ് ദൈവത്തിന്റെ മക്കളാണ് സ്നേഹമാണ് എന്നൊക്കെ പറഞ്ഞാലും വീണ്ടും പഴയതിലേക്കു തന്നെയല്ലേ മടങ്ങുക. അതു ശരിക്കും സങ്കടമാണ്’’.

d2

ധർമജൻ ‘വനിത ഓൺലൈനോ’ട് മനസ്സ് തുറന്നു.

‘‘കുടിയൻമാരുടെ വെള്ളമിറങ്ങുന്നതു പോലെയാണിതും. മഴവെള്ളം ഇറങ്ങിക്കഴിയുമ്പോൾ പഴയതൊന്നും ഓർമ കാണില്ല. അതാണ് തമാശ. വെള്ളം ഉള്ള സമയത്ത് ചെയ്തതൊന്നും മനസ്സിൻ നിന്നു മാഞ്ഞു പോയതു പോലെയാണ്’’.

പ്രളയം കഴിഞ്ഞാൽ വീണ്ടും തുടങ്ങും

പ്രളയം കഴിയുമ്പോൾ വീണ്ടും പഴയ പോലെ തമ്മിൽ തല്ലിയിട്ട് എന്താണ് ഗുണം, ദോഷമല്ലാതെ. തമ്മിൽ തല്ലിയിട്ടും കൊന്നിട്ടും എന്തു നേടാൻ. ചെറുതായൊന്നു ചിന്തിച്ചാൽ പോലും വലിയ മാറ്റം വരില്ലേ. ഈ ചേരി തിരിവിന്റെയൊക്കെ കഴമ്പില്ലായ്മ മനസ്സിലാക്കാൻ ഇതു പോലെ ഒരു പ്രളയം മതിയല്ലോ. അതു തിരിച്ചറിയാത്തതെന്താ. പക്ഷേ എനിക്കുറപ്പില്ല, പഠിക്കില്ല. മലയാളിയായതു കൊണ്ട് ഒന്നും പറയാനാകില്ല. കുറേ പേരെങ്കിലും ഈ നൻമ മനസ്സിൽ കാത്തു സൂക്ഷിക്കും എന്നു പ്രതീക്ഷിക്കാം. അവരെങ്കിലും തിരികെ പഴയതിലേക്കു പോകാതിരിക്കട്ടെ.

d3

സജീവമാകും

കഴിഞ്ഞ പ്രാവശ്യം എല്ലായിടത്തും ഓടിയെത്താൻ പറ്റി. ഈ വട്ടം സിനിമയുടെ തിരക്കിലായി. ഷൂട്ട് ഇൻ ഡോറിലായതിനാൽ മുടങ്ങിയിട്ടില്ല. രണ്ടു മൂന്നു ദിവസം ഗ്യാപ്പുണ്ട്. അപ്പോൾ സജീവമായി രംഗത്തുണ്ടാകും. പക്ഷേ, ഇപ്പോഴും സഹായങ്ങൾ എത്തിക്കുന്നുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് എറണാകുളത്തെ ധർമജന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഈ വർഷം അതുണ്ടായില്ല. അതിന്റെ ആശ്വാസവും അദ്ദേഹം പങ്കുവച്ചു.

d4

‘‘ഇപ്രാവശ്യം ദൈവം സഹായിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ തവണ പെട്ടു പോയി. ഞാനിപ്പോൾ അഭിനയിക്കുന്ന ‘ധമാക്ക’യുടെ അണിയറ പ്രവർത്തകരും സുഹൃത്തുക്കളും തൃശൂർ പ്രസ്ക്ലബും ചേർന്ന് 6 ലക്ഷം രൂപയുടെ സാധനങ്ങൾ ക്യാംപുകളിലേക്കു കൊടുത്തു. എന്റെ ‘ധർമൂസ് ഫിഷ് ഹബി’ന്റെ പതിനൊന്നു ഷോപ്പുകളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ ലഭിക്കുന്ന സാധനങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കും. കഴിഞ്ഞ പ്രാവശ്യം ഞാനും പിഷാരടിയുമൊക്കെ ചേർന്ന് ധാരാളം സഹായങ്ങൾ പലയിടങ്ങളിലായി എത്തിച്ചിരുന്നു. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇപ്രാവശ്യവും അതിനു കുറവു വരില്ല....