Thursday 16 August 2018 12:41 PM IST : By സ്വന്തം ലേഖകൻ

ഞാനും കുടുംബവും സുരക്ഷിതരാണ്, എന്ത് സഹായം ആവശ്യമുണ്ടെങ്കിലും വിളിക്കുക, എല്ലാ സഹായത്തിനും ഞാന്‍ മുന്നിട്ടിറങ്ങുകയാണ്; പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജന്‍

DHARMAJAN

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജനും. താനും പ്രളയത്തില്‍ അകപ്പെട്ട് പോയെന്നും മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന സാഹചര്യമാണിതെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് ഫെയ്സ് ബുക്ക് വിഡിയോയില്‍ ധര്‍മ്മജന്‍ പറഞ്ഞു.

‘‘ഫെയ്സ് ബുക്കില്‍ ഞാനൊരു വിഡിയോ ഇട്ടിരുന്നു. ഞങ്ങളും പ്രളയത്തിൽ അകപ്പെട്ടു പോയി. അവസാനം രാത്രി എട്ടുമണിയോടു കൂടി ഒരു വഞ്ചിയില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയി. നോക്കിനില്‍ക്കേയാണ് വെള്ളം കൂടിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് കഴുത്തൊപ്പം വെള്ളമായി. കുട്ടികളും അമ്മമാരുമടങ്ങുന്ന ധാരാളം പേരെ രക്ഷിക്കേണ്ടതായി വന്നു. ഒരുപാട് പേരെ രക്ഷപ്പെടുത്തി. സഹായത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഞാനും കുടുംബവും സുരക്ഷിതരാണ്. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും വിളിക്കുക. എല്ലാ സഹായത്തിനും ഞാന്‍ മുന്നിട്ടിറങ്ങുകയാണ്. കുറേ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന അവസ്ഥയാണിത്. അത് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നമ്മള്‍ ചെല്ലണം’’. ധർമ്മജൻ പറയുന്നു.