Friday 15 February 2019 09:35 AM IST : By സ്വന്തം ലേഖകൻ

‘ബെസ്റ്റ് കപ്പിള്‍ ഓഫ് ദി ഇയര്‍’! പിഷുവേട്ടനൊപ്പം സുന്ദരി ധർമ്മൻ: വ്യത്യസ്തമായ പ്രണയദിനാശംസകൾ വൈറൽ

pisharody-new

പ്രണയദിനം പ്രണയിക്കുന്നവരുടെ ദിവസമാണ്. കാമുകിമാർക്കൊപ്പമുള്ള ചിത്രവുമായി കാമുകൻമാരും കാമുകന്‍മാർക്കൊപ്പമുള്ള ചിത്രവുമായി കാമുകിമാരും ഭാര്യമാർക്കൊപ്പമുള്ള ചിത്രവുമായി ഭർത്താക്കൻമാരും ഭർത്താക്കൻമാർക്കൊപ്പമുള്ള ചിത്രവുമായി ഭാര്യമാരും പതിവിൻപടി ഈ പ്രണയദിനത്തിലും സോഷ്യൽ മീഡിയയെ അനുരാഗത്താൽ നനച്ചു. എന്നാൽ അതിൽ നിന്നൊന്നു മാറ്റിപ്പിടിക്കുന്ന, തകർപ്പൻ പ്രണയദിനാശംസകളുമായാണ് മലയാളത്തിന്റെ ഹാസ്യതാരം ധർമ്മജന്‍ ബോൽഗാട്ടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

സുഹൃത്തും സഹതാരവുമായ രമേഷ് പിഷാരടിയോടൊപ്പം താൻ പെൺവേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് പ്രണയദിനാശംസകളോടൊപ്പം ധർമ്മജന്‍ ഫെയ്സ്ബുക്കില്‍ ഷെയർ ചെയ്തത്. ഒരു സ്കിറ്റിന് മുൻപ് പകർത്തിയതാണ് ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഈ പഴയ ചിത്രം.

നിരവധി പേരാണ് ധർമ്മജന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ധര്‍മ്മജനേയും പിഷാരടിയേയും കളിയാക്കിയും അഭിനന്ദിച്ചും കമന്റുകളുണ്ട്. ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ എന്നാണ് പലരും പറയുന്നത്. ‘ബെസ്റ്റ് കപ്പിള്‍ ഓഫ് ദി ഇയര്‍’ എന്നു മറ്റു ചിലരും അഭിപ്രായപ്പെട്ടു. എന്തായാലും വാലന്റൈന്‍സ് ദിനത്തിലെ ഈ വ്യത്യസ്ത പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി മാറി.

മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഒന്നിച്ചാണ് ധർമ്മജനും പിഷാരടിയും താരങ്ങളായത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമയിലും ഇതിനോടകം സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു.