Wednesday 06 June 2018 05:35 PM IST : By സ്വന്തം ലേഖകൻ

‘ത്രസിപ്പിക്കുന്ന സാന്നിദ്ധ്യമായി വിനായകൻ’; ഹോളിവുഡ് മേക്കിംഗിൽ ധ്രുവനച്ചത്തിരം ടീസർ

dn

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഉദ്വേഗഭരിതമായ രംഗങ്ങളും പങ്കുവച്ച് ഗൗതം ധ്രുവനച്ചത്തിരത്തിന്റെ പുതിയ ടീസർ. ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിംഗും വിക്രമിന്റെ സ്റ്റൈലൻ ലുക്കുമാണ് ടീസറിന്റെ ഹൈലൈറ്റ്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ ശബ്ദസാനിധ്യമാണ് മറ്റൊരു ആകർഷണം.

ടീസറിൽ വിനായകനെ കാണിക്കുന്നില്ല. വിക്രത്തെ കൂടാതെ സിമ്രാൻ, പാർഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി എന്നിവരെയും കാണാം. റിഥു വർമയാണ് നായിക.

എല്ലാ ചിത്രത്തിനും യാത്രയുണ്ടെന്നും അത് ചിലപ്പോൾ നീണ്ടുപോയേക്കാമെന്നും ടീസർ പോസ്റ്റ് ചെയ്ത് ഗൗതം മേനോൻ കുറിച്ചു. സിനിമയുടെ അവസാന ഷെഡ്യൂൾ ആരംഭിച്ചെന്നും ഈ ടീസർ വിക്രം സാറിന് സമർപ്പിക്കുന്നുവെന്നും ഗൗതം പറഞ്ഞു.

സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്.

മനോജ് പരമഹംസ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ ചിത്രീകരിച്ചത് ജോമോൻ ടി ജോണ്‍ ആയിരുന്നു. പിന്നീട് തിരക്കുകാരണം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. ലൈക പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്.