Friday 07 September 2018 02:29 PM IST : By സ്വന്തം ലേഖകൻ

സ്വപ്നത്തിലേക്ക് ആദ്യ ചുവടുവയ്പ്; മീനാക്ഷി ഡോക്ടർ മീനാക്ഷിയാകും

meenakshi-dileep

മീനാക്ഷിയെ അറിയാത്തവർ ചുരുക്കം. സിനിമയിലൊന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും ദിലീപിന്റെയും മഞ്ജുവാര്യറുടെയും മകൾ മീനാക്ഷി പ്രേക്ഷകർക്കിടയിൽ താരം തന്നെയാണ്. പ്രേക്ഷകർ ഒരു പക്ഷേ മീനാക്ഷിയുടെ സിനിമാ പ്രവേശത്തിനായി കാത്തിരുന്നിട്ടുമുണ്ട്. പല താരപുത്രൻമാരെയും പോലെ മീനാക്ഷിയും സിനിമയിലേക്കെത്തുമെന്നായിരുന്നു ആരാധക പ്രതീക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

എന്നാൽ ഇപ്പോഴിതാ തന്റെ കരിയർ എന്തെന്ന സൂചന നൽകിയിരിക്കുകയാണ് മീനാക്ഷി. അച്ഛന്റെ വഴിയേ സിനിമയിലേക്കല്ല മീനാക്ഷിയെത്തുന്നത്. ഡോക്ടർ ആകാനുള്ള തന്റെ സ്വപ്നത്തിലേക്ക് ആദ്യ ചുവടുവച്ചിരിക്കുകയാണ് ഈ താരപുത്രി. ചെന്നൈയിലെ ഒരു കോളജിൽ മീനാക്ഷി എംബിബിഎസിന് ചേർന്നിരിക്കുന്നുവെന്നാണ് പുതിയ വാർത്ത.

കാവ്യ മാധവന്റെ അച്ഛനാണ് ഈ സന്തോഷ വാർത്ത മാധ്യമങ്ങളുമായി പങ്കുവെച്ചത്. കാവ്യ അമ്മയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തന്നെ ഡോക്ടർ ആകണമെന്ന ആഗ്രഹം മീനാക്ഷി പങ്കുവെച്ചിരുന്നു.

മീനാക്ഷിയുടെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോളും തനിക്ക് മെഡിക്കൽ പ്രൊഫഷനാണ് താത്പര്യമെന്ന് മീനാക്ഷി പറഞ്ഞിരുന്നു. ഇതിനായി ഇക്കഴിഞ്ഞ നീറ്റും മീനാക്ഷി എഴുതിയിരുന്നു. എന്തായാലും മെഡിസിൻ പഠനത്തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷിയിപ്പോൾ.