Thursday 07 February 2019 12:26 PM IST : By സ്വന്തം ലേഖകൻ

ബാലൻ വക്കീലിന്റെ ‘കോമഡിവാദം’ 21 നു തുടങ്ങും; ചിത്രത്തിന് വൻ വരവേൽപ് നല്‍കാന്‍ ഫാൻസ്

dileep

ഹാസ്യത്തിനു പ്രാധാന്യമുള്ള നായക വേഷങ്ങളിലൂടെയാണ് ദിലീപ് താരമായത്. കുടുംബ പ്രേക്ഷകരും കുട്ടികളും താരത്തെ ഏറ്റെടുത്തതും ഇത്തരം സിനിമകളിലൂടെയായിരുന്നു. ആ വിഭാഗത്തിലേക്കാണ് താരത്തിന്റെ പുതിയ ചിത്രമായ കോടതിസമക്ഷം ബാലൻ വക്കീലിന്റെയും വരവ്. കാലങ്ങൾക്കു ശേഷമുള്ള ദിലീപിന്റെ കോമഡി പടം എന്നതാണ് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കുന്നത്. ട്രെയിലറും പോസ്റ്ററുകളും അതിന്റെ സൂചന തരുന്നു. ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. ബാലൻ വക്കീലിന് വമ്പൻ വരവേൽപ് നല്‍കാനാണ് ദിലീപ് ഫാൻസിന്റെ തീരുമാനം.

കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ രണ്ടു ചിത്രങ്ങളിലും ഗൗരവപ്രകൃതമുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി.

ബാലൻ വക്കീലിൽ വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷനും ത്രില്ലും കോർത്തിണക്കിയ മുഴുനീള എന്റർടെയ്നറാകും ചിത്രം.

2 കൺട്രീസിനു ശേഷം അജുവും മംമ്തയും സുരാജും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്നതും മറ്റൊരു ഹൈലൈറ്റാണ്. പ്രിയ ആനന്ദ്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, പ്രഭാകർ, സിദ്ദിഖ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സാണ് ചിത്രം നിർമിക്കുന്നത്.