Thursday 10 January 2019 05:11 PM IST : By സ്വന്തം ലേഖകൻ

‘‘ആരെയും മദ്യലഹരിയിൽ കാണരുത്, എല്ലാവരും ആറുമണിക്കൂറെങ്കിലും ഉറങ്ങണം’’; വൈറലായി ‘പോത്തേട്ടൻ ടിപ്സ്’: വിഡിയോ

dileesh-new

സംവിധാനം ചെയ്ത രണ്ടു സിനിമകള്‍ കൊണ്ടു തന്നെ ഒരു ബ്രാന്‍ഡ് നെയിമായി വളരാൻ ദിലീഷ് പോത്തനു സാധിച്ചു. ആരാധകർ ആ പ്രതിഭയെ ‘പോത്തേട്ടൻസ് ബ്രില്യൻസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

സംവിധാനത്തിനൊപ്പം ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണിപ്പോൾ താരം. ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാക്കളിലൊരാളുമായ ശ്യാം പുഷ്കരൻ പങ്കു വച്ച ഒരു വിഡിയോയിൽ, സിനിമയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഷൂട്ടിംഗ് വേളകളിൽ പാലിക്കേണ്ട രീതികളെക്കുറിച്ച് ‘കുമ്പളങ്ങി നൈറ്റ്സ്’ ടീമിനോട് സംസാരിക്കുന്ന ദിലീഷിനെയാണ് കാണുന്നത്.

‘‘എല്ലാവരുടെയും ടീം സ്പിരിറ്റ് നിർബന്ധമാണ്. എന്ത് ഇഷ്യു ഉണ്ടെങ്കിലും തുറന്നു പറയുക. നല്ല റിസൽറ്റ് ഉണ്ടാക്കുക എന്നതാണ് പ്രധാനം. കളിയാക്കലുകളും ദേഷ്യപ്പെടലുകളും പിണക്കങ്ങളുമെല്ലാം അതിന്റെ സ്പിരിറ്റിൽ കാണാനും വർക്കിന്റെ പ്രഷർ ടൈം കഴിയുമ്പോഴേക്കും പഴയ സൗഹൃദത്തിലേക്ക് എത്താനും നിങ്ങൾക്ക് പറ്റും. നമ്മുടേത് 60 ദിവസത്തെ ഷെഡ്യൂളാണ്. കുറച്ചുദിവസം കഴിയുമ്പോൾ നിങ്ങൾക്ക് ബോറടിച്ചേക്കാം. സ്വാഭാവികമായും പാർട്ടികളൊക്കെ വരാം. അതെല്ലാം നമ്മുടെ ഡിപ്പാർട്ട്മെന്റിനു അകത്താക്കാൻ ശ്രമിക്കുക. മറ്റു ഡിപ്പാർട്ട്മെന്റുകളുമായുള്ള കള്ളുകുടിയൊക്കെ മാക്സിമം ഒഴിവാക്കുക. നമ്മുടെ ലൂസ് ടോക്കുകൾ ഒക്കെ നമുക്കിടയിൽ തന്നെ നിൽക്കണം. ആരെയും മദ്യലഹരിയിൽ കാണാൻ ഇടയാവരുത്. എല്ലാവരും മിനിമം ആറുമണിക്കൂറെങ്കിലും ഉറങ്ങണം. ഈ 60 ദിവസം കഴിയുമ്പോഴും എല്ലാവരും ഹെൽത്തി ആയിരിക്കണം. ആരും ക്ഷീണിതരാവരുത്. അസുഖങ്ങൾ വരുമ്പോൾ അതിനെ സൈന്റിഫിക് ആയി ഡീൽ ചെയ്യുക. കൃത്യമായി മരുന്നു കഴിക്കുക”. പോത്തന്റെ വാക്കുകളിങ്ങനെ.

ഈ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മാത്യു തോമസ് എന്ന പുതുമുഖവും നിർണ്ണായക വേഷത്തിലെത്തുന്നു. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.