Thursday 12 September 2024 04:05 PM IST : By സ്വന്തം ലേഖകൻ

സിനിമാ പീഡനം, നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

renjith-vanitha

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന ലൈംഗികാരോപണ കേസിൽ കുറ്റാരോപിതനായ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കോസ്റ്റൽ ഐജി ഓഫിസിലാണ് ചോദ്യംചെയ്യൽ. പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായ കോസ്റ്റൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്യുന്നത് എന്നാണു വിവരം.

ഒരു സിനിമയുടെ ചർച്ചയ്ക്കിടെ രഞ്ജിത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്നും ഇതു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാട്ടി ഒരി ബംഗാളി നടി നൽകിയ പരാതിയിലാണ് രഞ്ജിത്തിനെതിരെയുള്ള ആദ്യ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ ഐപിസി 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു.

2009 -10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും അവർ പറഞ്ഞു.

അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം മുറിയിലേക്ക് ക്ഷണിച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്ത് മാപ്പ് പറയണമെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. രഞ്ജിത്തിനെതിരായ  പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു. ആരെങ്കിലും സഹായിച്ചാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.

ബെംഗളുരുവിൽ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനു കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ കുറ്റാരോപിതരെ ചോദ്യം ചെയ്യുന്നത് ആരംഭിക്കുമെന്ന് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഏറ്റവുമാദ്യം ആരോപണവിധേയനായ ആളുകളിൽ രഞ്ജിത്തും ഉൾപ്പെടും. തുടർന്ന് അദ്ദേഹത്തിനു ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പദം രാജിവയ്ക്കേണ്ടി വന്നിരുന്നു.