Saturday 11 January 2020 04:44 PM IST

നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം കെട്ടിടം പൊളിച്ചത് നടൻ ദിലീപ്! ‘നാടോടി മന്നൻ’ സിനിമയും വിജി തമ്പിയും വൈറലാകുന്നു: വിഡിയോ കാണാം

Priyadharsini Priya

Sub Editor

കേരളത്തിൽ ആദ്യമായി നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് തകർത്തത് നടൻ ദിലീപോ? ഞെട്ടേണ്ട, മരട് ഫ്ളാറ്റ് സ്ഫോടനത്തിലൂടെ തകർത്തു തരിപ്പണം ആക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ ഉണ്ട്. തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി നിർമിച്ച ഒരു കെട്ടിട സമുച്ചയം മേയറുടെ നേതൃത്വത്തിൽ തകർക്കുന്നതിന്റെ വിഡിയോ. വിജി തമ്പി സംവിധാനം ചെയ്ത ‘നാടോടി മന്നൻ’ എന്ന സിനിമയിലെ ഒരു രംഗമാണത്. മേയറായി വേഷമിടുന്നത് ദിലീപും. സിനിമയിലെ രംഗങ്ങൾ ഇന്ന് മരടിൽ അതേപടി ആവർത്തിക്കുമ്പോൾ ചിത്രത്തിലെ രംഗവും വൈറലാവുകയാണ്.

നിയന്ത്രിത സ്ഫോടനവും കെട്ടിപ്പൊക്കിയ അംബര ചുംബിയായ കെട്ടിടം സ്ഫോടനത്തിലൂടെ തകർക്കലും മറ്റും കേട്ടുകേൾവി മാത്രമായിരുന്ന മലയാളിയുടെ മുന്നിലേക്കാണ് ചിത്രം എത്തുന്നത്. അന്ന് ‘കുറച്ച് ഓവറായി പോയില്ലേ’ എന്നു സംശയം പ്രകടിപ്പിച്ചവർ ഇന്ന് ആ സീനുകൾ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ചിത്രത്തിൽ കാണിക്കുന്ന സൈറൺ മുഴങ്ങലും ജനങ്ങളുടെ ആവേശവും ഫ്ളാറ്റ് തകർക്കലുമെല്ലാം അതേപോലെ ടിവിയിൽ കാണുമ്പോൾ ഞെട്ടിയില്ലെങ്കിൽ അല്ലേ അദ്‌ഭുതപ്പെടാനുള്ളൂ. 

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനധികൃതമായി കെട്ടിപ്പൊക്കിയ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കാൻ മേയർ ഉത്തരവിടുന്നതും പൊളിച്ചുനീക്കുന്നതുമാണ് സിനിമയുടെ ക്ലൈമാക്സ്. സംഗതി ചർച്ചയായതോടെ കാലത്തിനു മുൻപേ സഞ്ചരിച്ച  ‘നാടോടി മന്നിലെ’ അത്ഭുതത്തിന്റെ രഹസ്യം തേടി വനിത ഓൺലൈൻ വിജി തമ്പിയെ ബന്ധപ്പെട്ടു. ചിത്രീകരണത്തിനിടയിലും റിലീസിനു ശേഷവും താൻ ഏറ്റവും കൂടുതൽ ഉത്തരം പറഞ്ഞതും ഈ ചോദ്യത്തിനാണെന്ന് അദ്ദേഹം ഓർമിക്കുന്നു. 

"അന്ന് ഞാൻ നാടോടിമന്നൻ ചെയ്തപ്പോൾ ഇത് നടക്കുന്ന കാര്യമാണോ എന്നൊക്കെ ആളുകൾ ചോദിച്ചിരുന്നു. ഇന്ന് ഇതേ വിഷയം ചോദിച്ച് നിരവധി പേരാണ് രാവിലെ തൊട്ട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇത് റിയൽ ലൈഫിൽ നടക്കും എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അന്ന് സിനിമാറ്റിക് ആയിട്ട് ചെയ്തതാണ്. സിനിമയുടെ കഥ പോലെ തന്നെയുള്ള സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഫ്ലാറ്റ് പൊളിക്കുന്നത് മാത്രമല്ല, അനധികൃതമായി നിർമിച്ചു എന്ന സാമ്യത കൂടി സിനിമയുമായിട്ടുണ്ട്. 

സിനിമയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടം മേയർ ഇടപെട്ട് പൊളിക്കുന്നതായിട്ടാണ് കാണിക്കുന്നത്. മേയർക്ക് പകരം യഥാർത്ഥത്തിൽ കോടതിയായി എന്നതേ ഉള്ളൂ ഒരു വ്യത്യാസം. ഇങ്ങനെയൊരു ആശയം വന്നപ്പോൾ എന്തുചെയ്യാം എന്ന് ചിന്തിച്ചു. അന്ന് വിദേശങ്ങളിൽ ഇങ്ങനെ കെട്ടിടം പൊളിക്കുന്നത് സർവ സാധാരണമാണല്ലോ. അതാണ് സിനിമയിൽ ഇങ്ങനെയൊരു ക്ലൈമാക്സ് കൊണ്ടുവരാമെന്ന് ചിന്തിച്ചത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്തു നെറികേടും കാണിക്കുന്നവർക്കെതിരെ ഒറ്റയാൾ പട്ടാളമായി മേയർ പോരാടുന്നതാണ് സിനിമയിൽ. ഗ്രാഫിക്സ് വഴിയാണ് സിനിമയിൽ ഈ രംഗങ്ങൾ സൃഷ്ടിച്ചത്. ഇതിനുവേണ്ടി ധാരാളം ഹോംവർക്കുകൾ ചെയ്തിരുന്നു. കെട്ടിടം പൊളിക്കുന്നതിന്റെ ഒരുപാട് വിഷ്വൽസ് കണ്ടു. ഇത്തരത്തിൽ നിയന്ത്രിത സ്ഫോടനം നടത്തുന്ന ഒരു വിദേശി ഉദ്യോഗസ്ഥനുമായി സിനിമയ്ക്ക് വേണ്ടി സംസാരിച്ചു. ഗ്രാഫിക്സിൽ പെർഫെക്ഷൻ കിട്ടാൻ വേണ്ടി ഒരു വർഷത്തോളമാണ് ഞങ്ങൾ കാത്തിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ സിനിമ വൈകിയാണ് റിലീസ് ചെയ്തത്. മദ്രാസിലെ ഒരു കമ്പനിയാണ് ഗ്രാഫിക്സ് ഒരുക്കിയത്. 

വാട്ടർ ഫ്രണ്ട് ഉള്ള ഫ്ലാറ്റുകൾക്ക് വലിയ ഡിമാന്റ് ആയിരുന്നല്ലോ ഇതുവരെ. ഇനിമുതൽ ഇത്തരം പാർപ്പിടങ്ങൾ കാശ് കൊടുത്തു വാങ്ങാൻ ആളുകൾ മടിയ്ക്കും. അതുപോലെ അനധികൃതമായി കെട്ടിടം നിർമ്മിച്ച് പണം കൊയ്യുന്നവരും പിൻവാങ്ങും. കൈക്കൂലി വാങ്ങി എന്തു കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഇതൊരു പാഠമാണ്. ഇവിടെ നിയമം നടപ്പാവില്ല, ചോദ്യം ചെയ്യാൻ ആരുമില്ല, ആർക്കും എന്തും ചെയ്യാം എന്നൊരു ധാരണയുണ്ടായിരുന്നു ചിലർക്ക്. അത് ഇന്നത്തോടെ മാറിക്കിട്ടി. ഫ്ലാറ്റ് പൊളിച്ചത് നല്ലത് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. നിയമലംഘനം ഇനി ആവർത്തിക്കില്ലല്ലോ."- വിജി തമ്പി പറയുന്നു.  

Tags:
  • Movie News
  • Movies