Friday 14 June 2019 05:12 PM IST

അച്ഛനെ വിലക്കിയത് ഞങ്ങളെ ബാധിച്ചു! വിനയന്റെ മകൻ പറയുന്നു

Priyadharsini Priya

Sub Editor

vishnu-vinayan1

മലയാള സിനിമയിൽ നീതിക്ക് വേണ്ടി നിരന്തരം കലഹിച്ച ആളാണ് സംവിധായകൻ വിനയൻ. എട്ടുവർഷങ്ങൾക്കിപ്പുറം ആ പോരാട്ടം വിജയം കണ്ടു. നിലപാട് ശരിയെന്ന് തെളിഞ്ഞതിന്റെ ആഹ്ളാദത്തിനിടെ മറ്റൊരു സന്തോഷവും വിനയനെ തേടിയെത്തി. സിനിമാക്കാർക്കിടയിലെ ’റിബലും അഹങ്കാരിയുമായി’ മാറിയ ആ സംവിധായകന്റെ വഴിയേ മകനും സിനിമയിലെത്തി. ’ഹിസ്റ്ററി ഓഫ് ജോയി’ലെ നായകൻ വിനയന്റെ മകൻ വിഷ്ണുവാണ്. തുടക്കക്കാരന്റെ യാതൊരു പരിഭ്രമവുമില്ലാതെ വിഷ്ണു ‘വനിതാ ഓൺലൈനോട്’ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ സംസാരിക്കുന്നത് മറ്റൊരു വിനയനാണോ എന്നു തോന്നിപ്പോയി.

’ഹിസ്റ്ററി ഓഫ് ജോയ്’, പേരിൽ തന്നെ വ്യത്യസ്തത?

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. വലിയ കുഴപ്പമില്ലാത്ത അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും, മുഖ്യധാര മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പിന്നെ പുതുമുഖ ചിത്രമായതിന്റെ ക്ഷീണം തിയറ്ററിൽ നേരിടുന്നുണ്ട്. അത് മറികടക്കാൻ ഞങ്ങൾ പ്രൊമോഷൻ പരിപാടികൾ ചെയ്യുന്നുണ്ട്. പഠിക്കുമ്പോൾത്തന്നെ എനിക്കു സിനിമാ മോഹം ഉള്ളിലുണ്ടായിരുന്നു. അതു പക്ഷേ അഭിനയിക്കാനായിരുന്നില്ല. കഥയെഴുതി സംവിധാനം ചെയ്യണം എന്നായിരുന്നു പ്ലാൻ. എന്റെ കൂട്ടുകാരിൽ ചിലരൊക്കെ എഴുതുമായിരുന്നു. അതിൽ ഒരാളാണ് സംവിധായകൻ വിഷ്ണു ഗോവിന്ദ്. ’ഹിസ്റ്ററി ഓഫ് ജോയ്’ എനിക്ക് വിഷ്ണു മുഖേന വന്ന പ്രൊജക്റ്റാണ്. വിഷ്ണുവിന്റെ കയ്യിൽ ഒരു കഥയുണ്ടായിരുന്നു. അത് സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ, അതിലെ ഒരു പ്രധാന കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് വിഷ്ണു ചോദിച്ചു. രണ്ടുവർഷത്തോളമായി ഒരു സിനിമ ചെയ്യാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ. അഭിനയിച്ചു മുൻപരിചയം ഇല്ലെങ്കിലും ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ ഞാനതു രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

സംവിധായകന്റെ മകന് അഭിനയം എളുപ്പം വഴങ്ങിയോ?

ആദ്യം എനിക്ക് അഭിനയം പേടിയായിരുന്നു. ഒരേയൊരു ആശ്വാസം വിഷ്ണു കൂടെയുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. വിഷ്ണു ഒരു ആക്ടർ ട്രെയിനർ ആണ്. മറ്റുള്ളവരെ അഭിനയിക്കാൻ പഠിപ്പിച്ച് നല്ല പരിചയമുണ്ട്. സിനിമയിൽ ഒപ്പം പ്രവർത്തിച്ചവർ മിക്കവരും പുതുമുഖങ്ങളായിരുന്നു. മറ്റുചിലർ പരിചയ സമ്പത്ത് കുറഞ്ഞവരും. അങ്ങനെ ഞങ്ങൾ പരിചയക്കുറവുള്ള ആളുകൾ പരസ്പരം സപ്പോർട്ട് ചെയ്താണ് സിനിമ പൂർത്തിയാക്കിയത്. അതിന്റേതായ ദോഷവശങ്ങളും നല്ല വശങ്ങളും ഈ സിനിമയ്ക്കുണ്ട്.

vishnu-vinayan-family

സിനിമാ മോഹം പറഞ്ഞപ്പോൾ അച്ഛൻ പിന്തുണച്ചോ?

അച്ഛന് ഞാൻ സിനിമയിൽ വരുന്നതിനോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. കാരണം അച്ഛൻ ആ സമയത്തെല്ലാം ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയായിരുന്നു. സിനിമ സംവിധാനം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുമായിരുന്നു. അച്ഛൻ സംവിധാനം ചെയ്ത ’ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ’ എന്ന സിനിമയുടെ കഥ എന്റേതാണ്. പഠിച്ചു കൊണ്ടിരുന്ന കാലത്ത് വെക്കേഷന് വന്നപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞ കഥയാണത്. പക്ഷെ അതിന്റെ തിരക്കഥയും സംഭാഷണവും അച്ഛൻ തന്നെയാണ് ചെയ്തിരിക്കുന്നത്.

ചിലപ്പോൾ തമാശയ്ക്ക് പറയുമായിരുന്നു, അഭിനയമാണ് കുറച്ചുകൂടി എളുപ്പമെന്ന്. അതുകൊണ്ടാണോ എന്നറിയില്ല, അഭിനയിക്കാൻ അവസരം വന്നപ്പോൾ എതിർത്തില്ല. കഥ കേട്ടപ്പോൾ അച്ഛന് ഇഷ്ടപ്പെട്ടു. ‘ചെയ്യൂ’ എന്നുമാത്രം പറഞ്ഞു. സിനിമ പൂർത്തിയായപ്പോൾ ആദ്യത്തെ ഷോ അച്ഛന് കാണിച്ചുകൊടുത്തു. അന്ന് ഒരുപാട് നിർദേശങ്ങൾ തന്നു. എവിടെയൊക്കെ മെച്ചപ്പെടുത്താം എന്നൊക്കെ പറഞ്ഞുതന്നു. എങ്കിലും അച്ഛൻ ഹാപ്പി ആയിരുന്നു. പ്രതീക്ഷകളേക്കാൾ നന്നായി ചെയ്തെന്നു പറഞ്ഞപ്പോൾ അവാർഡ് കിട്ടിയ സന്തോഷം തോന്നി. കുറച്ചു കൂടി ഫ്ലെക്സിബിൾ ആകണമെന്നും ഉപദേശിച്ചു. മകനാണെന്നു കരുതി വെറുതേയങ്ങ് പ്രോത്സാഹിപ്പിക്കുന്ന ആളല്ല അച്ഛൻ.

പഠനം വിദേശത്തായിരുന്നു?

എയ്‌റോസ്‌പേസ് എൻജിനീയറിങ് യുഎസിലാണ് പഠിച്ചത്. മാസ്‌റ്റേഴ്‌സ് കഴിഞ്ഞയുടൻ നാട്ടിലേക്ക് മടങ്ങി. പഠിച്ച വിഷയത്തിൽ ജോലിക്കൊന്നും ശ്രമിച്ചില്ല. ഇവിടെ വരുമ്പോൾ സംവിധാനത്തിൽ ആരുടെയെങ്കിലും അസിസ്റ്റന്റ് ആകണമെന്നായിരുന്നു പ്ലാൻ. തുടർന്ന് പഠിക്കാനുള്ള താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. മനസ്സിൽ സിനിമ മാത്രമായിരുന്നു. ആ സമയത്ത് എനിക്കും വിഷ്‌ണുവിനും ഒരു കോമൺ ഫ്രണ്ട് ഉണ്ട്. അദ്ദേഹത്തിന്റെ പേര് രഞ്ജിത് എന്നാണ്. അദ്ദേഹം ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ അസോസിയേറ്റായിരുന്നു. അദ്ദേഹത്തിന് മലയാളത്തിൽ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ആ ഒരു പ്രൊജക്റ്റിനു വേണ്ടി ഞാനും വിഷ്ണുവും എഴുതുകയായിരുന്നു. ഒരു ഒന്നൊന്നര കൊല്ലം ആ പ്രൊജക്റ്റിന്റെ പിന്നാലെ നടന്നു. കഥ പൂർത്തിയാക്കി പല നടന്മാരെയും നിർമ്മാതാക്കളെയും പോയി കണ്ടു. പക്ഷെ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ആ സിനിമ ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നില്ല. അപ്പോഴാണ് രഞ്ജിത്തേട്ടനെ സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ചിത്രം ചെയ്യാനായി തിരികെ വിളിക്കുന്നത്. അതോടെ ആ പ്രൊജക്റ്റ് അവിടെനിന്നു. ഇതിനു പിന്നാലെ നടന്നതുകൊണ്ട് ആരുടെയും അസിറ്റന്റായി ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. നിന്നുപോയ ആ പ്രോജക്റ്റ് ഇപ്പോഴും പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

vishnu-vinayan3

അച്ഛനെ അസിസ്റ്റ് ചെയ്യാമായിരുന്നില്ലേ?

കുട്ടിക്കാലത്ത് മുതൽ എനിക്ക് സിനിമയോട് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. അച്ഛനും അതുപോലെ ഞാൻ സിനിമയിൽ വരുന്നത് ഇഷ്ടമായിരുന്നില്ല. മൂന്നു വർഷമായിക്കാണും സിനിമാ ഭ്രാന്ത് മൂത്തിട്ട്. അപ്പോൾ അച്ഛൻ സജീവമായി സിനിമ ചെയ്യാൻ സാധിക്കാതെ ഇരിക്കുകയാണ്. പഠനം കഴിഞ്ഞു ഞാൻ സിനിമയിലേക്ക് വരുന്നത് അച്ഛന് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു വലിയ ക്രൈസിസിനു ശേഷം അച്ഛൻ വീണ്ടും സിനിമ ചെയ്തു തുടങ്ങുന്നതേ ഉള്ളൂ. ആദ്യമായി അച്ഛന്റെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം കിട്ടിയത് ഇപ്പോഴാണ്. നടൻ കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ’ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് മുഴുവനായും ഞാൻ ഇരുന്നിട്ടുണ്ട്. ഒഫിഷ്യൽ ആയിട്ടല്ല എങ്കിലും വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു.

സിനിമയ്ക്കുള്ളിലെ ബുദ്ധിമുട്ടുകൾ വീട്ടിലും പ്രകടമായിരുന്നോ?

സിനിമയിൽ അച്ഛൻ എട്ടൊമ്പത് കൊല്ലം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. അതിനിടയ്ക്ക് മൂന്നോളം സിനിമകൾ ചെയ്യാൻ പറ്റിയെങ്കിലും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. സിനിമയിൽ നിന്നും കിട്ടിയ ആ കയ്പ്പേറിയ അനുഭവങ്ങൾ തന്നെയായിരിക്കും എന്റെ സിനിമാമോഹം പറഞ്ഞപ്പോൾ അച്ഛൻ വിലക്കാനുണ്ടായ കാരണവും. ഇവൻ എന്താണ് സിനിമയിൽ കാണിക്കാൻ പോകുന്നത് എന്നൊക്കെ അച്ഛൻ ചിന്തിച്ചിട്ടുണ്ടാകും. മക്കളെ സ്നേഹിക്കുന്ന ഏതു മാതാപിതാക്കളും ചിന്തിക്കുന്ന കാര്യമല്ലേ അത്. മര്യാദയ്ക്ക് ജോലി ചെയ്യാൻ കഴിയാത്തതിന്റെ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ അച്ഛന് ഉണ്ടായിരുന്നു. ആ ബുദ്ധിമുട്ടുകൾ അധികമൊന്നും ഞങ്ങളെ അറിയിച്ചിട്ടില്ല. അച്ഛന്റെ രീതി അതാണ്. വ്യക്തിപരമായ കാര്യത്തിന് വേണ്ടി മാത്രമായിരുന്നില്ല അച്ഛന്റെ പോരാട്ടം. ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ  ഉണ്ടാകാൻ പാടില്ല എന്ന ചിന്ത അച്ഛനുണ്ടായിരുന്നു.

അക്കാലത്ത് പലരും ചോദിക്കുമായിരുന്നു, പ്രശ്നം ഒത്തുതീർപ്പാക്കി കൂടെ എന്ന്. അച്ഛന്റെ പ്രശ്നങ്ങൾ ഒരുപക്ഷെ അവിടെ തീരുമായിരിക്കും. പക്ഷെ നാളെ ഈ പ്രശ്നങ്ങൾ മറ്റാർക്കെങ്കിലും ആയിരിക്കും നേരിടേണ്ടി വരുന്നത്. പൂർണ്ണമായ പരിഹാരം വേണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്. വലിയൊരു മാറ്റം ഉണ്ടാവണമെങ്കിൽ പോരാടണം. ഈ എട്ടു വർഷത്തെ പോരാട്ടം കൊണ്ട് കുറേ മാറ്റങ്ങൾ സിനിമാ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ആർക്കും സിനിമ ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ ഇവിടെയുണ്ട്. കുറച്ചു നല്ല കാര്യങ്ങൾ ഇതുമൂലം ഉണ്ടായി. ഇക്കാര്യങ്ങളെ കുറിച്ച് ഞങ്ങൾ വീട്ടിലുള്ളവർക്ക് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനെ പൂർണ്ണമായും സപ്പോർട്ട് ചെയ്തു മുന്നോട്ടുപോവുകയായിരുന്നു ഞങ്ങൾ.

vishnu-vinayan2

പുതിയ പ്രൊജക്റ്റുകൾ ?

രണ്ടു മൂന്ന് ഓഫറുകൾ വന്നിട്ടുണ്ട്. പിന്നെ കഥയൊക്കെ കേൾക്കുന്നുണ്ട്. ഒപ്പം ഒരു പടം കമ്മിറ്റ് ചെയ്തു. ’ഹിസ്റ്ററി ഓഫ് ജോയു’ടെ ആർട്ട് ഡയറക്റ്റർ അനിൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഞാനും തമിഴ് നടൻ പശുപതിയുമാണ് ചിത്രത്തിൽ. ’കുണ്ടുമങ്കര ഇടത്തോട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ഷൂട്ടിങ് ജനുവരിയിൽ തുടങ്ങും.

സിനിമയിൽ സൗഹൃദങ്ങളുണ്ടോ? പ്രണയം?

ഞാൻ പഠിച്ചത് വിദേശത്താണ്. അതുകൊണ്ട് എനിക്ക് സിനിമയിൽ കാര്യമായി സുഹൃത്തുക്കളില്ല. വിഷ്ണു മാത്രമാണ് എന്റെ സുഹൃത്ത്. ഫഹദ് ഫാസിലിനോടാണ് മലയാളത്തിൽ ആരാധന തോന്നിയിട്ടുള്ളത്. ഞാൻ കാണാൻ ആഗ്രഹിക്കുന്നതും ഫഹദ് ഫാസിലിന്റെ സിനിമകളാണ്. ഈയൊരു മേഖലയോടു വല്ലാത്ത പ്രണയമാണ് ഇപ്പോൾ. ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ആത്മവിശ്വാസം തരുന്നത് അഭിനയമാണ്. സംവിധായകനാകാൻ അനുഭവ സമ്പത്ത് അത്യാവശ്യമാണ്. ഇപ്പോൾ അഭിനയത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. പ്രധാന വേഷം മാത്രമേ ചെയ്യൂ എന്ന വാശിയില്ല. വേഷം ചെറുതാണെങ്കിലും അഭിനയപ്രാധാന്യമുള്ള സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.

പിന്നെ ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതു പൊളിഞ്ഞു. ഇപ്പോൾ ഫ്രീയാണ്. പക്ഷേ എപ്പോൾ വേണമെങ്കിലും പ്രണയിക്കാം, ഞാൻ റെ‍‍ഡിയാണ്.. സിനിമ അല്ലാതെ ഒരു കൂട്ടുകാരിയുള്ളത് മോശമല്ലല്ലോ?