സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് മാംഗല്യം. ആശ്വിൻ ഗണേശാണ് വരൻ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ. ഏറെ നാളത്തെ പ്രണയകാലത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ പ്രിയപ്പെട്ടവനെ നാളുകൾക്കു മുമ്പുതന്നെ ദിയ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്ക് പരിചയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോയും അശ്വിന്‍ പങ്കുവെച്ചിരുന്നു. സെപ്റ്റംബറില്‍ വിവാഹമുണ്ടാകുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.
ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും ചെയ്ത സാരിയില്‍ സുന്ദരിയായിരുന്നു ദിയ അഹാനയും ഇഷാനിയും ഹൻസികയും അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തികച്ചും ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. 'നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.' വിവാഹശേഷം അശ്വിനും ദിയയും പ്രതികരിച്ചു. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്.ഇനി ചടങ്ങുകള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിവാഹശേഷം തിരുവനന്തപുരത്തു തന്നെ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലായിരിക്കും ദിയയും ആശ്വിനും താമസിക്കുക. കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ.