Saturday 15 December 2018 11:03 AM IST : By സ്വന്തം ലേഖകൻ

ഓടുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഉപയോഗിക്കുന്ന ദുൽഖർ; അമളി പിണഞ്ഞ് മുംബൈ പൊലീസ്: വിഡിയോ

dq

നിയമം എല്ലാവർക്കും ബാധകമാണ്. ആളുകളുടെ വലുപ്പച്ചെറുപ്പം അതിനു ബാധകമല്ല. നിയമപാലകരായ പൊലീസുകാരുടെ നിലപാടും അതു തന്നെ. അത്തരമൊരു കരുതലിന്റെ ഭാഗമായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്. എങ്കിലും കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാത്തതിനാൽ ചെറിയ ഒരു അമളി പിണഞ്ഞെന്നു മാത്രം.

സംഭവമിങ്ങനെ: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തെറ്റാണ്. കണ്ടാൽ പൊലീസ് ഇടപെടുക തന്നെ ചെയ്യും. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദുൽഖർ സൽമാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുൽഖർ സൽമാൻ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഉപയോഗിക്കുമ്പോൾ, കാറിൽ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂർ “ഇത് വളരെ വിചിത്രമായി തോന്നുന്നു” എന്നും പറയുന്നുണ്ട്. ഇതെത്തുടർന്നാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്. “നിങ്ങളോട് ഞങ്ങൾ യോജിക്കുന്നു സോനംകപൂർ. ഡ്രൈവിങിനിടയിൽ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്നതും അങ്ങിനെയാണ്. തിരശീലയിലായാലും ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കില്ല”. സോനം കപൂറിനെ ടാഗ് ചെയ്ത പോസ്റ്റിൽ പൊലീസ് കുറിച്ചതിങ്ങനെ. എന്നാൽ തൊട്ടു പിന്നാലെ ഈ ട്വീറ്റിന് മറുപടിയുമായി സോനം രംഗത്തെത്തിയതോടെ കാര്യങ്ങളുടെ ദിശ മാറി.

“ഞങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി”. ദുൽഖറിനെ കൂടി ടാഗ് ചെയ്ത പോസ്റ്റിൽ സോനം കുറിച്ചു.“ഞങ്ങളെ സംബന്ധിച്ച് എല്ലാ മുംബൈക്കാരും സ്പെഷലാണ്. എല്ലാവരുടെയും കാര്യത്തിൽ ഞങ്ങൾക്ക് ഒരേ കരുതലാണ് ഉളളത്. നിങ്ങളുടെ സുരക്ഷയിൽ പാളിച്ചകളില്ലായിരുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്,” പൊലീസും ഉടൻ മറുപടി പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ വേഷമിടുന്ന ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു മുംബൈ പൊലീസ് ട്വീറ്റ് ചെയ്ത വിഡിയോ. ചിത്രത്തിൽ സോനം കപൂറാണ് ദുൽഖറിന്റെ നായിക.