Saturday 17 November 2018 02:46 PM IST : By സ്വന്തം ലേഖകൻ

അവസാന നിമിഷം ദുൽഖർ പറഞ്ഞു, ‘വിക്രമാദിത്യൻ എനിക്ക് ചെയ്യാൻ പറ്റില്ല’; തളർന്നുപോയ ആ നിമിഷത്തെപ്പറ്റി ലാൽജോസ്

dq-vikramadhithyan432

ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് ലാൽ ജോസ് സംവിധാനം വിക്രമാദിത്യൻ. എന്നാൽ തിരക്കഥ വായിച്ചശേഷം ഓക്കേ പറഞ്ഞ ദുൽഖർ, സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ് പടം ചെയ്യാൻ താൽപര്യമില്ലെന്ന് അറിയിച്ചതായി ലാൽജോസ് വെളിപ്പെടുത്തി. ആകെ തളർന്നുപോയ ആ നിമിഷത്തെപ്പറ്റി മഴവില്‍ മനോരമയുടെ ‘നായികാ നായകന്‍’ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് ലാൽജോസ് വെളിപ്പെടുത്തിയത്. സംഭവത്തെപ്പറ്റി ലാൽ ജോസ് പറയുന്നതിങ്ങനെ;

"വിക്രമാദിത്യൻ സിനിമയുടെ സ്ക്രിപ്റ്റ് ദുൽഖറിനെ വായിച്ചുകേൾപ്പിച്ചു. അദ്ദേഹത്തിനു കഥയും ഇഷ്ടമായി. എന്നാൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് ദുൽഖർ വിളിച്ചു പറഞ്ഞു. ‘ലാലുവേട്ടാ എനിക്ക് ഈ സിനിമ െചയ്യാൻ പറ്റുമെന്ന് തോന്നണില്ല. ആകെ ടെൻഷന്‍ ആണ്. ഞാൻ ഈ സിനിമ ചെയ്യുന്നില്ല.’ അപ്പോഴേക്കും ഞാൻ എല്ലാ സെറ്റപ്പും റെഡിയാക്കി കഴിഞ്ഞിരുന്നു. ആളുകൾക്ക് അഡ്വാൻസ് കൊടുത്തു, പാട്ട് കംപോസ് ചെയ്തു. സിനിമ ചെയ്യാൻ തനിക്ക് കോൺഫിഡൻസ് ഇല്ലെന്നായിരുന്നു ദുൽഖർ പറയുന്നത്. കഥയിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടാണോ എന്ന് ഞാൻ ദുൽഖറിനോടു ചോദിച്ചു. എന്നാൽ കഥ നല്ലതാണെന്നായിരുന്നു മറുപടി. തിരക്കഥയുടെ കുഴപ്പമാണോ എന്നു ചോദിച്ചപ്പോൾ അതും അല്ലെന്നു പറഞ്ഞു. പിന്നീട് സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെൻഷനാകുന്നതെന്ന് ദുൽഖർ പറഞ്ഞു.

അമ്മയാണ് ജോലിയ്ക്കായി വന്ന നോട്ടിഫിക്കേഷൻ മറച്ചുവച്ച് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് ആദിത്യൻ അറിയുന്ന രംഗമുണ്ട്. അത് അറിഞ്ഞ ശേഷം മരിച്ചുപോയ അച്ഛന്റെ യൂണിഫോം ധരിച്ച് അമ്മയ്ക്കു മുന്നിൽ വന്ന് ഡയലോഗ് പറയുന്നതാണ് സീൻ. അതുകഴിഞ്ഞാണ് ആ കഥാപാത്രം നാടുവിടുന്നത്. ആ രംഗമാണ് ദുൽഖറിനെ അലട്ടിയിരുന്നത്. താൻ എത്ര ആലോചിച്ചിട്ടും അതെങ്ങനെ ചെയ്യുമെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞു. അപ്പോഴാണ് എനിക്ക് സമാധാനമായത്. ‘നിനക്ക് പിടികിട്ടണ്ട, നീ ഇങ്ങുവന്നാൽ മതി നമുക്ക് പിടികിട്ടിച്ച് തരാമെന്നു’ ഞാൻ പറഞ്ഞു.

vikramadhithyan-dq12

എന്നെ വിശ്വാസമുണ്ടെങ്കിൽ സെറ്റിലേയ്ക്ക് പോരൂ എന്ന് ദുല്‍ഖറിനോടു പറഞ്ഞു. പിന്നീട് ഷൂട്ട് തുടങ്ങി, ഈ രംഗം ഷൂട്ട് ചെയ്യുന്നതിനു മുമ്പേ നിരവധി രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ആദ്യം പറഞ്ഞ ഭീകരമായ ടെൻഷൻ ഉണ്ടായിരുന്നില്ല. ഷോട്ട് തുടങ്ങുന്നതിനു മുമ്പ് എന്നോട് ചോദിച്ചു, എന്താണ് ലാലുവേട്ടൻ വിചാരിക്കുന്നതെന്ന്. ഞാൻ ഒന്നും വിചാരിക്കുന്നില്ലെന്നും സിറ്റുവേഷൻ എന്താണെന്ന് വിവരിച്ചു കൊടുക്കുകയും ചെയ്തു.

അമ്മ ഇത്രയും വലിയൊരു ചതി നിന്നോട് ചെയ്തിരിക്കുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്യാൻ കാരണം അമ്മയാണെന്നു തോന്നുന്ന അവസ്ഥയിൽ നിൽക്കുന്ന മകൻ. അതു മനസ്സിൽ ഉൾക്കൊള്ളാൻ പറഞ്ഞു. അകത്തുപോയി വാതിൽ അടച്ചുനിൽക്കുക, ആ ഷർട്ട് ധരിച്ച് പുറത്തുവന്ന് അമ്മയുടെ മുഖത്ത് നോക്കുമ്പോൾ നിനക്ക് എന്താണോ തോന്നുന്നത് അത് അഭിനയിക്കുക. ഇതാണ് ദുൽഖറിനു ഞാൻ പറഞ്ഞുകൊടുത്തത്. പക്ഷെ, ഫസ്റ്റ് ടേക്കിൽ തന്നെ രംഗം ഓക്കെ ആയിരുന്നു. കാരണം അത് രണ്ടാമതൊരു ടേക്കിലേയ്ക്കു പോകാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ദുല്‍ഖർ അഭിനയിക്കുമ്പോൾ തന്നെ സ്വാഭാവികമായി കരഞ്ഞിരുന്നു."