Monday 04 February 2019 02:18 PM IST : By സ്വന്തം ലേഖകൻ

‘അത്രയും ഭയം ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല, ആ വര്‍ഷം എന്റെ ജീവിതം മാറിമറഞ്ഞു’! പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ

dq-new

സിനിമയിലെത്തിയിട്ട് ഏഴു വർഷമേ ആയിട്ടുള്ളൂവെങ്കിലും അതിലൊക്കെ എത്രയോ മുകളിലാണ് മലയാളി പ്രേക്ഷകർക്ക് ദുൽഖർ സൽമാനോടുള്ള ഇഷ്ടം. മമ്മൂട്ടിയുടെ മകൻ എന്നതിനപ്പുറം തന്റെതായ ഒരു ഇടം സ്വന്തമാക്കുവാൻ ചുരുങ്ങിയ കാലത്തിനിടെ അദ്ദേഹത്തിനായി. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ തന്റെ സാന്നിധ്യമറിയാക്കാൻ ഇതിനോടകം ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്കായിട്ടുണ്ട്.

തന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ തിയേറ്ററിലെത്തി, ഏഴു വർഷം തികയുമ്പോൾ തന്നെ സ്നേഹിച്ച, പിന്തുണച്ച പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ഡി.ക്യു.

ദുൽഖറിന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഹൃദയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

‘എന്റെ ആദ്യ സിനിമ റിലീസായിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരു യാദൃശ്ചികതയെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി വയ്ക്കരുതെന്ന തോന്നലായിരുന്നു ഉള്ളിൽ. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും. എന്നാല്‍ ആ സിനിമയോട് ‘യേസ്’ പറഞ്ഞ സമയം മുതൽ എല്ലാം വളരെ സാധാരണമായി മുന്നോട്ടു പോയി. ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ ഞാന്‍ കണ്ടുമുട്ടിയതും. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെയാണ് എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തിയത്. ആ വര്‍ഷം എന്റെ ജീവിതം മൊത്തം മാറിമറഞ്ഞു. അതായിരുന്നിരിക്കാം നിയോഗം. ദൈവത്തിന്റെ ആഗ്രഹവും...’.– ദുൽഖർ കുറിച്ചു.

ഒപ്പം കുടുംബത്തിനും സിനിമയിലെ സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി പറയാനും ദുൽഖർ മറന്നില്ല.

ഇപ്പോൾ മലയാളത്തിൽ ഒരു യമണ്ടന്‍ പ്രേമകഥ, ഹിന്ദിയിൽ സോയ ഫാക്ടർ, തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൻ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം.