Thursday 19 April 2018 03:20 PM IST : By സ്വന്തം ലേഖകൻ

ആഷിക്ക് അബു ഏറ്റെടുത്തു! സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ ഈ.മ.യൗ. തിയേറ്ററിലേക്ക്

ee-ma-yau

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ.മ.യൗ തിയേറ്റര്‍ റിലീസിനു മുമ്പ് തന്നെ അവാര്‍ഡുകള്‍ വാരിക്കൂട്ടി പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്.  സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് നേടിക്കൊടുത്ത ചിത്രം മുമ്പ് രണ്ടു തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചില മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം കിട്ടിയിട്ടുള്ളതിനാലാണ് ചിത്രത്തിന്റെ റീലിസ് മുന്‍കൂട്ടി നിശ്ചയിച്ച തിയതിയില്‍ നിന്നും മാറ്റിയത് എ്‌നായിരുന്നു സംവിധായകന്റെ പ്രതികരണം. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാണ അവകാശം സംവിധായകനും നിര്‍മ്മാതാവുമായ ആഷിക്ക് അബു സ്വന്തമാക്കിയിരിക്കുകയാണ്.  

ഇതോടെ ചിത്രത്തിന്റെ റിലീസും ഉടന്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. ആഷിക്ക് അബു തന്നെയാണ് റിലീസ് വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മേയ്  4ന് ചിത്രത്തിന്റെ പ്രദര്‍ശനമുണ്ടാകും. ഡിസംബറില്‍ നടന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണമായിരുന്നു.  ചിത്രത്തിലെ അഭിനയത്തിന് പൗളി വത്സന്‍, മികച്ച ശബ്ദ സംവിധാനത്തിന് രംഗനാഥ് രവി എന്നിവര്‍ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.  പൗളി വത്സനെ കൂടാതെ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം നടത്തിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.  പി.എഫ് മാത്യൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ഈ.മ.യൗ നിര്‍മ്മിക്കുന്നത്.