Wednesday 10 April 2019 11:33 AM IST : By സ്വന്തം ലേഖകൻ

ലൂസിഫറിന്റെ ഹരം നിറച്ച്, ഉഷ ഉതുപ്പിന്റെ ‘എമ്പുരാനേ’! തീം സോങ് ഹിറ്റ്

empuraane

ലൂസിഫറിലെ തീം സോങ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ‘എമ്പുരാനേ’ എന്നാരംഭിക്കുന്ന ഗാനം കഴിഞ്ഞ ദിവസമാണ് ആസ്വാദകരെ തേടിയെത്തിയത്.

മുരളി ഗോപി വരികളെഴുതി ദീപക് ദേവ് ഈണം പകർന്ന് ഉഷ ഉതുപ്പ് ആലപിച്ചിരിക്കുന്ന എമ്പുരാനേയുടെ സ്റ്റുഡിയോ വിഡിയോ ഉൾപ്പടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജും മുരളിഗോപിയും ദീപക് ദേവും പാട്ടിന്റെ പിറവിക്കു പിന്നിലെ കഥകൾ പറയുന്നതും വിഡിയോയിലുണ്ട്.

‘‘സിനിമയുടെ ക്രെഡിറ്റ്സിൽ ഒരു കോൺസെപ്റ്റ് വിഡിയോ വേണെന്നു തോന്നി. ഞാൻ ഒട്ടു ചിന്തിക്കാതെ തന്നെ ഇതിന്റെ വരികൾ മുരളി എഴുതുമെന്നു ദീപക്കിനോടു പറഞ്ഞു. കാരണം അതിന്റെ ഫുൾ പ്ലോട്ട് അറിയാവുന്ന ഒരാള്‍ വേണം ഈ ഗാനം എഴുതാനെന്നു തോന്നി. അങ്ങനെ നോക്കുമ്പോൾ ഏറ്റവും ഉചിതം മുരളി തന്നെയാണെന്ന് തോന്നി. മറ്റൊരു ഗാനരചയിതാവാണെങ്കിൽ ഒരു പക്ഷേ, എത്ര നമ്മൾ പറഞ്ഞു മനസ്സിലാക്കിയാലും സിനിമ കാണിച്ചാലും ചിലപ്പോൾ അവർ ഈ തീം മനസ്സിലാക്കുന്നതിനു പരിമിതിയുണ്ടാകും, മുരളിക്ക് ഈ സിനിമ അറിയാവുന്നതുപോലെ മറ്റാർക്കും ഈ സിനിമ അറിയില്ലല്ലോ. ഉഷാ ദീദിയെ വിളിച്ചപ്പോൾ വളരെ തിരക്കിലായിരുന്നു. പക്ഷേ, ഉഷാ ദീദി വന്നു പാടി. പാടിക്കഴിഞ്ഞപ്പോൾ ഈ ശബ്ദത്തിലല്ലാതെ മറ്റൊരു ശബ്ദത്തില്‍ അതു കേൾക്കാനാകില്ലെന്നു ബോധ്യമായി’’.– പൃഥ്വി പറയുന്നു.

പത്തുമിനിറ്റിൽ ഒരു മാജിക്കു പോലെ കിട്ടിയ ട്യൂണാണ് ഗാനത്തിന്റെതെന്ന് ദീപക് ദേവ്.

മികച്ച പ്രതികരണം നേടുന്ന ഗാനം ഇതുവരെ രണ്ടരലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ടുകഴിഞ്ഞു.