ബാലനടിയായി സിനിമയിലെത്തി, നായിക നിരയിലേക്കുയർന്ന അഭിനേത്രിയാണ് എസ്തർ അനിൽ. ഇപ്പോള്‍ സിനിമയ്ക്കൊപ്പം പഠനത്തിലും ശ്രദ്ധ കൊടുക്കുന്ന താരം ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡെവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ്.
കഴിഞ്ഞ ദിനസം എസ്തർ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം വൈറൽ ആണ്. യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിന്റെ മുന്നിൽ നിന്നുള്ള ചിത്രവും തന്റെ ഒരു സ്കൂൾകാല ചിത്രവും പങ്കുവച്ചാണ് കുറിപ്പ്.
‘സാധാരണയായി സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല ഞാൻ. പക്ഷേ ഇന്നിവിടെ ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആൾക്കാരെ അവരുടേതായ അനുമാനങ്ങൾ മെനയാൻ വിടുകയാണ് പതിവ്. ‘ഓ, അവൾ ഒരു നായികയാകാൻ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെൺകുട്ടി’ എന്ന തരത്തിലാണ് പലരും കമന്‍റ് ചെയ്യാറുള്ളത്. ആ ഒരു നരേറ്റീവിനു പിന്നിൽ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതു പങ്കുവയ്ക്കുമ്പോൾ ഞാൻ എന്നെത്തന്നെ അഭിനന്ദിക്കുന്നു. ഇതൊരു ചെറിയ കാര്യമാണെങ്കിൽ പോലും. തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെൺകുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്.
ജീവിതത്തിൽ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നിൽക്കുന്ന കുറച്ചുപേരുണ്ട് അവരാരൊക്കെയാണെന്ന് അവർക്കറിയാം. നിങ്ങളുടെ സ്നേഹം എന്റെ മനസ്സ് നിറച്ചിരിക്കുന്നു. എന്റെ ചിറകുകൾക്ക് ശക്തിയില്ലാത്തപ്പോൾ ചിറകുകൾ നൽകാൻ നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായി തീർന്നേനെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഇവിടെ സോഷ്യൽ മീഡിയയിൽ ഞാൻ അധികം ഇടപഴകാറില്ല, ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകർ എന്ന് വിളിക്കാനാകുമോ എന്ന് പോലും എനിക്കറിയില്ല, കാരണം എനിക്ക് ആരാധകർ ഉണ്ടോ എന്നുപോലം അറിയില്ല. നിങ്ങളിൽ ചിലർ എന്നെ ആത്മാർഥമായി സ്നേഹിക്കുകയും എനിക്ക് ആത്മാർത്ഥമായി ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നാലുവയസ്സുകാരിയായ എന്നോടൊപ്പം പരാജയപ്പെടുക, പോരാടുക, പുതിയ ഉയരങ്ങളിലേക്ക് പറക്കുക എന്നതിന്റെ പുതിയപതിപ്പായ ഞാൻ കൈകോർക്കുന്നു’. –എസ്തർ കുറിച്ചു.
‘ഡിപോൾ പബ്ലിക് സ്കൂൾ കൽപ്പറ്റയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് വരെ’ എന്നാണ് പോസ്റ്റിനു താഴെ എസ്തറിന്റെ അമ്മ മഞ്ജു കമന്റിട്ടത്.