Thursday 18 April 2019 03:18 PM IST : By സ്വന്തം ലേഖകൻ

‘എസ്ര’ ഇനി ഹിന്ദി പറയും! പൃഥ്വിയുടെ റോളിൽ ഇമ്രാൻ ഹാഷ്മി

ezra

മലയാളത്തിൽ ഹൊറർ സിനിമകൾക്ക് പുതിയ ഭാഷ്യമൊരുക്കിയ ‘എസ്ര’ ഹിന്ദിയിലേക്ക്. പൃഥ്വിരാജ് നായകനായ ചിത്രം ഇമ്രാൻ ഹാഷ്മിയെ നായകനാക്കിയാണ് ബോളിവുഡിൽ ഒരുക്കുക. മലയാളത്തിൽ ചിത്രമൊരുക്കിയ ജെയ്കെ തന്നെയാണ് ഹിന്ദിയിലും സംവിധായകൻ.

പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഭൂഷൺ കുമാർ, കുമാർമങ്ങാട് പതക്, കിഷൻ കുമാർ, അഭിഷേക് പതക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈ, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലയാളത്തിൽ വൻ വിജയം നേടിയ ‘എസ്ര’യിൽ പ്രിയ ആനന്ദായിരുന്നു നായിക. 2017 ൽ റിലീസ് ചെയ്ത ചിത്രത്തിൽ സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി, ആന്‍ ശീതള്‍, സുജിത് ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

അമിതാഭ് ബച്ചനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ ചിത്രവും ഇമ്രാൻ ഹാഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധായകൻ.