Friday 08 June 2018 05:02 PM IST : By സ്വന്തം ലേഖകൻ

അമൽ നീരദ്– ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു; ഇനി റിലീസിനായി കാത്തിരിപ്പ്

amal-neerad-fahad

ഫഹദ് ഫാസിൽ–അമൽ നീരദ് ജോഡി ഒരുമിക്കുന്ന പുതിയ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളികളേറെയായി. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഹിറ്റ് ജോഡികൾ ഒരുമിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വാനോളം.

വാഗമണ്ണിലും പരിസര പ്രദേശങ്ങളിലുമായി അതീവ രഹസ്യമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തെ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുമില്ല.

എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് പ്രതീക്ഷയേകുന്ന പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതായാണ് ഏറ്റവും പുതിയ വിവരം. ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ്, അൻവർ റഷീദ് എന്നിവർ ഒരുമിച്ചുള്ള ചിത്രവും ഇതോടൊപ്പം സോഷ്യൽ മീഡിയയിലെത്തിയിട്ടുണ്ട്.

faha

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മായാനദി ഫെയിം ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ഷറഫുദ്ദീൻ, ദിലീഷ് പോത്തൻ പറവ ഫെയിം അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഈ ചിത്രത്തിനു ശേഷമായിരിക്കും അമൽ നീരദ് മമ്മൂട്ടി ചിത്രം ബിലാലിലേക്ക് കടക്കുന്നത്.