Thursday 01 August 2024 04:32 PM IST : By സ്വന്തം ലേഖകൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദും നസ്രിയയും

fahadh-nazriya

കണ്ണീരും നഷ്ടങ്ങളും നിലവിളികളും ബാക്കിയാകുന്ന വയനാടിന്റെ മണ്ണിലേക്ക് കരുണയുടെ കരങ്ങൾനീട്ടി ഫഹദ് ഫാസിലും നസ്രിയയും. വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ സഹായമായി 25 ലക്ഷം രൂപ ഫഹദും നസ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി . ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ്. നേരത്തെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.