Wednesday 19 September 2018 11:43 AM IST : By സ്വന്തം ലേഖകൻ

നസ്രിയയെ ഹൃദയത്തോടെ ചേർത്തു നിർത്തി ഫഹദ്; വനിത ഫിലിം അവാർഡ്സ് വേദിയിലെ പ്രണയനിമിഷം പുനർജനിച്ചപ്പോൾ–വിഡിയോ

fahadh

സിനിമയിലെ പ്രണയത്തിന് റീ ടേക്കുകളുണ്ടാകാം. പക്ഷേ ജീവിതത്തിലോ? വെള്ളിത്തിരയില്‍ അപൂർവ്വ സുന്ദര പ്രണയഗാഥകൾ രചിച്ച രണ്ട് പേർ, അവർ ജീവിതത്തിലും ഒരുമിക്കുമ്പോൾ അവിടെ റീ ടേക്കുകൾക്കും അതിഭാവുകത്വങ്ങൾക്കും ഒന്നും സ്ഥാനമുണ്ടാകില്ല....ജാഡകളില്ലാത്ത, കറകളഞ്ഞ നല്ല ഒന്നാന്തരം ശുദ്ധ പ്രണയം മാത്രം. അതും പരിധികളില്ലാതെ.

ജീവിതം തന്നെ പ്രണയസുരഭിലമാക്കി മുന്നോട്ടു പോകുന്ന ഫഹദ്–നസ്രിയ ദമ്പതിമാരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈഗോയും സ്വാർത്ഥതയുമെല്ലാം അലങ്കാരമാക്കുന്ന ദമ്പതിമാരുടെ കാലത്ത് കരുതലിന്റേയും കറകളഞ്ഞ സ്നേഹത്തിന്റേയും പ്രതിനിധികളാകുകയാണ് പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട താരജോഡികൾ. പൊതു ഇടങ്ങളിലും വേദികളിലുമെല്ലാം നസ്രിയയെന്ന നല്ലപാതിയെ സ്നേഹപൂർവ്വം ചേർത്തു നിർത്തുന്ന ഫഹദിനെ നാം എത്രയോ തവണ കണ്ടിരിക്കുന്നു.

തന്നിലെ വിജയങ്ങൾക്കു പിന്നിലെ ചാലക ശക്തിയായ പ്രിയതമയെ ഫഹദ് ഹൃദയത്തോട് ചേർത്ത് നിർത്തിയ മുഹൂർത്തമായിരുന്നു 2018ലെ വനിത ഫിലിം അവാർഡ്സ്. അന്ന് മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഏറ്റുവാങ്ങിയപ്പോൾ നിഴൽവെട്ടത്തിലെ നിറനിലാവായി നസ്രിയയും ഉണ്ടായിരുന്നു. പതിനായിരങ്ങളെ സാക്ഷിയാക്കി ആ ധന്യവേദിയിൽ വച്ച് ഫഹദ് തന്റെ നല്ല പാതിയെ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ അത് സിനിമയിൽ പോലും കാണാനാകാത്ത പ്രണയ സുന്ദര നിമിഷമായി.

‘എന്നെ ഇട്ടിട്ടു പോകാത്ത പ്രിയതമയ്ക്ക്...എന്നെ സഹിക്കുന്ന നല്ലപാതിക്ക്...എന്റെ വിജയങ്ങൾക്കു പിന്നിലെ വനിതയ്ക്ക്....’–കുസൃതിയൊളിപ്പിച്ച ഫഹദിന്റെ ആ വാക്കുകൾ ആ കരുതലിന്റെ സംസാരിക്കുന്ന തെളിവുകളായിരുന്നു.

നസ്രിയ–ഫഹദ് പ്രണയകാവ്യത്തിലെ ഒറ്റപ്പെട്ട നിമിഷമായിരുന്നില്ല അത്. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും നല്ലപാതിയെ ചേർത്തു നിർത്തുന്ന എത്രയോ നിമിഷങ്ങൾ അവർക്കിടയിൽ പിറന്നിരിക്കുന്നു. അതിലെ ഏറ്റവും ഒടുവിലത്തെ പ്രണയ നിമിഷത്തിനായിരുന്നു ഇൻഫോപാർക്ക് സാക്ഷിയായത്.

ഇക്കുറി ഫഹദ്–നസ്രിയ പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയാകാനുള്ള നിയോഗം ഒരു കൂട്ടം ടെക്കികൾക്കായിരുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തരസമ്മേളനം കൊക്കൂൺ–11ന്റെ പ്രചാരണ പരിപാടിയായിരുന്നു താരദമ്പതിമാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധനേടിയത്.

ഉദ്ഘാടനശേഷം വേദിയിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് വിളിച്ച് അരികിലേക്ക് ചേർത്തുനിര്‍ത്തി. ‘ഞാൻ ഉദ്ഘാടനം ചെയ്യാമെന്നും നസ്രിയ സംസാരിക്കാമെന്നുമാണ് കരുതിയത് എന്ന് ഫഹദ് പറഞ്ഞപ്പോൾ ആ പ്ലാൻ ഞാൻ മാറ്റി എന്ന് നസ്രിയ ചിരിച്ചുകൊണ്ടു പറഞ്ഞു. പക്ഷേ അപ്പോഴും നസ്രിയയെ ചേർത്തുനിർത്തി ഫഹദ് പ്രസംഗം തുടരുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ആ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

എന്തായാലും ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന കാലത്ത് റീ ടേക്കുകളോ തിരുത്തലുകളോ ഇല്ലാത്ത ഫഹദ്–നസ്രിയ പ്രണയമങ്ങനെ തുടരുകയാണ്, പരിധികളില്ലാതെ.