Friday 11 January 2019 05:35 PM IST : By സ്വന്തം ലേഖകൻ

‘എവിടെയോ കണ്ട പോലെ...’; ഞെട്ടിക്കുന്ന മേക്കോവറിൽ ഫാസിൽ, മരയ്ക്കാർ ലുക്ക് വൈറൽ

fasil-new-1

മോഹൻലാൽ എന്ന നടനവിസ്മയത്തെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് ഫാസിലാണ്. ഫാസിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു ലാലിന്റെയും തുടക്കം. പിന്നീടുള്ള അദ്ദേഹത്തിന്റെ കരിയറിലെ പല വൻ വഴിത്തിരിവുകളിലും ഫാസിൽ സിനിമകള്‍ക്ക് സുപ്രധാന പങ്കുണ്ട്.

മണിച്ചിത്രത്താഴ്, നോക്കെത്താദൂരത്ത് കണ്ണും നട്ട്, പപ്പയുടെ സ്വന്തം അപ്പൂസ്, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി, എണ്ണം പറഞ്ഞ പല മനോഹര സിനിമകളും മലയാളികൾക്കു സമ്മാനിച്ച ഫാസിൽ കുറച്ചു കാലമായി സംവിധാന രംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു.

fasil-new-2

ഇപ്പോഴിതാ അദ്ദേഹം അഭിനയ രംഗത്തു സജീവമാകുന്നു. അതും മോഹൻലാൽ ചിത്രങ്ങളിലൂടെ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിലും സുപ്രധാന കഥാപാത്രങ്ങളെയാണ് ഫാസിൽ അവതരിപ്പിക്കുക. അതിൽ മരയ്ക്കാറിലെ ഗറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. താടി നീട്ടി, തൊപ്പി വെച്ച് വൻ മേക്കോവറിലാണ് ഫാസിൽ ചിത്രത്തിലെത്തുക. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ കൂടുതൽ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വരുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഇരട്ടിയാകുന്നു. കഴിഞ്ഞ ദിവസം പ്രണവും കല്യാണിയുമൊത്തുള്ള ചിത്രത്തിലെ ഒരു നൃത്ത രംഗത്തിന്റെ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് മരയ്ക്കാറിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.