Monday 11 October 2021 03:20 PM IST : By സ്വന്തം ലേഖകൻ

‘എന്താ വേണുവേ...’ അവസാനത്തെ ആ ഫോൺ കോൾ: വേദനയോടെ ഫാസിൽ

fazil-venu

വേഷങ്ങളഴിച്ചു വച്ച് കാലയവനികയ്ക്കുള്ളിൽ മറയുകയാണ് മലയാളക്കരയുടെ പ്രിയപ്പെട്ട നെടുമുടി വേണും. ഓർക്കാനും അഭിമാനിക്കാനും ഒട്ടനവധി അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നെടുമുടി മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോൾ ഏറ്റവും വേദനിക്കുന്നൊരാൾ സംവിധായകൻ ഫാസിലായിരിക്കും. 53 വർഷം നീളുന്ന ആ സൗഹൃദത്തിനു നടുവിലേക്കാണ് ക്ഷണിക്കപ്പെടാത്ത അതിഥി പോലെ മരണം മരണം കടന്നു വരുന്നത്.

നടൻ എന്നതിനപ്പുറം തന്റെ സഹപാഠിയെ നഷ്ടപ്പെട്ട സങ്കടത്തിലാണ് സംവിധായകൻ ഫാസിൽ. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം വിളിച്ചതും ഫാസിലിനെ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

‘രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോൺ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോൾ. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുെകാണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് െതാട്ടുമുൻപായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു. അദ്ദേഹത്തിന്റെ മകൻ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്. വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേർപാട്. സിനിമയിലാണെങ്കിൽ ഒരു നാഷണൽ അവാർഡ് ലഭിച്ചില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം നേടി വേണു. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു.’ ഫാസിൽ മനോരമ ന്യൂസിനോട് പറയുന്നു.