Wednesday 26 September 2018 12:04 PM IST : By സ്വന്തം ലേഖകൻ

സായ് പല്ലവിയുടെ നൃത്തച്ചുവടുകൾക്ക് മുൻപിൽ അടി തെറ്റി ബാഹുബലി; ഫിദയിലെ ഗാനത്തിന് 15 കോടി കാഴ്ചക്കാർ

fida

മലയാളികളുടെ ‘പ്രേമം പെണ്ണ്’ സായ് പല്ലവിയുടെ നൃത്തച്ചുവടുകൾക്ക് മുൻപിൽ സാക്ഷാൻ ബാഹുബലിക്ക് പോലും അടി തെറ്റി. സായ് നായികയായ തെലുങ്ക് ചിത്രം ‘ഫിദ’യിലെ ‘വച്ചിന്തെ മെല്ലാ മെല്ലഗ വച്ചിന്തെ…’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിംഗിൽ ബാഹുബലി ഗാനങ്ങളെ മറികടന്ന് 15 കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. നാല് ലക്ഷത്തിനടുത്ത് ലൈക്കും ഗാനം സ്വന്തമാക്കിയിട്ടുണ്ട്.

ബാഹുബലിയുടെ ആദ്യഭാഗത്തെ ‘കോന് ഹെ വോ…കോന് ഹെ വോ’ എന്ന ഗാനത്തേയും ബാഹുബലി രണ്ടാം ഭാഗത്തിലെ ‘സാഹോരെ ബാഹുബലി’യേയും പിന്നിലാക്കിയാണ് ‘ഫിദ’യിലെ ഗാനം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 13 കോടിയായിരുന്നു ബാഹുബലി ഗാനങ്ങൾക്ക് ലഭിച്ച വ്യൂസ്.

ഒരു കല്യാണവീടിന്റെ അന്തരീക്ഷത്തിലുള്ള ‘ഫിദ’യിലെ പാട്ടുസീനിന്റെ പ്രധാന ഹൈലൈറ്റ് സായ് പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ്. 2017 സെപ്റ്റംബര്‍ 23 നാണ് ഈ ഗാനം യു ട്യൂബില്‍ അപ്ലോഡ് ചെയ്തത്. ശക്തികാന്ത് കാര്‍ത്തികാണ് ‘വച്ചിന്തെ’ യുടെ സംഗീതം. സുദല അശോക് തേജിന്റേതാണ് വരികൾ. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ആലാപനം.