Saturday 08 September 2018 11:18 AM IST : By സ്വന്തം ലേഖകൻ

22 വർഷം മുൻപ് ‘ഫയർ’ പറഞ്ഞത്; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നന്ദിത ദാസിന്റെ ട്വീറ്റ്

fire-3

സ്വവർഗ്ഗാനുരാഗം നിയമവിധേയമാക്കി പരമോന്നത നീതി പീഠത്തിന്റെ വിധി വരുമ്പോൾ 22 വർഷം മുന്‍പ് ഈ വിഷയം പറഞ്ഞ് ഒരു സിനിമ നേരിട്ട ദുരനുഭവങ്ങൾ മറവിയുടെ മാറാല നീക്കി വീണ്ടും ചർച്ചയാകുന്നു.

ഇന്ത്യൻ സിനിമയിലും പൊതു സമൂഹത്തിലും ‘ഫയർ’ എന്ന സിനിമയും ദീപ മേത്ത എന്ന സംവിധായകയും സൃഷ്ടിച്ച വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പരിധിയില്ല. സ്വവർഗ്ഗാനുരാഗം എന്ന വാക്ക് പോലും ഇന്ത്യയിലെ സാധാരണക്കാർ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാലത്ത്, സ്വവർഗാനുരാഗികളായ സഹോദരിമാരുടെ കഥ പറഞ്ഞ് 1996 സെപ്തംബർ 6 നായിരുന്നു ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫയറിന്റെ ആദ്യ പ്രദർശനം. അവിടം മുതൽ ഈ സിനിമ വിവാദങ്ങളുടെ പ്രിയ ഇരയായി. വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുടെ ശരങ്ങൾ ഫയറിനു നേരെ പാഞ്ഞു. സംവിധായക ദീപ മേത്ത വധഭീഷണി നേരിട്ടതുൾപ്പടെ ഇന്ത്യൻ പൊതു സമൂഹത്തിലും വാർത്തകളിലും ഫയർ വേഗത്തിൽ കത്തിപ്പടർന്നു.

ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ചില സംഘടനകള്‍ മുന്നോട്ടു വന്നതോടെ സെന്‍സര്‍ ബോർഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി.1998 നവംബർ 5 നായിരുന്നു ഇന്ത്യയിൽ ഫയറിന്റെ റിലീസ്.

ചരിത്രവിധിയുടെ പശ്ചാത്തലത്തിൽ ഫയറിന്റെ പ്രസക്തി ഓർമ്മിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ നായികമാരിൽ ഒരാളായ നന്ദിത ദാസിന്റെ ട്വീറ്റ്. ‘‘22 വർഷങ്ങൾക്ക് മുൻപ് ഫയർ എന്ന ചിത്രം സ്വവർഗാനുരാഗം എന്ന വിഷയത്തിലുള്ള സംവാദങ്ങളുടെ വിത്ത് പാകിയിരുന്നു, നീണ്ട രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ആ സംവാദങ്ങൾ അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു”. ഷബാന അസ്മിയും നന്ദിത ദാസുമായിരുന്നു ‘ഫയറി’ ൽ സ്വവര്‍ഗാനുരാഗികളായ സഹോദരിമാരായത്. എ.ആര്‍ റഹ്മാൻ തുടങ്ങി പ്രതിഭകളുടെ ഒരു സംഘം തന്നെ ഫയറിന്റെ പിന്നണിയിലുണ്ടായിരുന്നു.