Friday 24 January 2020 06:52 PM IST

ആ ‘ഗാഥ’ അല്ല ഈ ‘ഗാഥ’! പ്രിയൻ സമ്മാനിച്ച ഗാഥ, ലാലേട്ടൻ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയാകുമ്പോൾ

V.G. Nakul

Sub- Editor

gadha-new-1

ഗാഥ എന്ന് കേൾക്കുമ്പോൾ മലയാളി പേ്രക്ഷകർ ആദ്യം ഓർക്കുക ‘ഗാഥ ജാം’ എന്നാണ്. ‘ഐ ലവ് യൂ ഗാഥ’ എന്ന ക്യൂട്ട് ഡയലോഗുമായി, തന്റെ പിന്നാലെ നടക്കുന്ന ഉണ്ണികൃഷ്ണന്റെ ശല്യം സഹിക്ക വയ്യാതെ ‘ഇതു വല്യ ശല്യമായല്ലോ...’ എന്ന് തലയിൽ കൈവച്ച്, നിസ്സഹായയാകുന്ന ‘വന്ദന’ത്തിലെ ഗാഥ മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം മറ്റൊരു ഗാഥ, പ്രിയദർശൻ ചിത്രത്തിൽ തുടങ്ങി, മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കുന്നു. ‘ബിഗ് ബ്രദറി’ൽ സർജാനോ ഖാലിദിന്റെ നായികയായ ജെമിനി എന്ന കഥാപാത്രത്തിലൂടെ, പുതുതലമുറ അഭിനേത്രികളിൽ ശ്രദ്ധേയയാകുകയാണ് ഗാഥ എന്ന കൊച്ചിക്കാരി സുന്ദരി. തമിഴിൽ തുടങ്ങി മലയാളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ഗാഥ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

തുടക്കം പ്രിയദർശനൊപ്പം

മലയാളത്തിൽ എന്റെ ആദ്യത്തെ സിനിമയാണ് ‘ബിഗ് ബ്രദർ’. തമിഴിൽ, ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ റീമേക്ക് ‘നിമിർ’ ആണ് ആദ്യ സിനിമ. ‘നിമിറി’ൽ, ‘മഹേഷിന്റെ പ്രതികാര’ത്തിൽ ലിജോ മോൾ ആവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക്. വിദ്യ എന്നായിരുന്നു പേര്.

സിനിമാ പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റെത്. മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് വന്നത്. പഠിച്ചത് ഫാഷൻ ഡിസൈനിങ് ആണ്. സിനിമയില്‍ അവസരം കിട്ടുന്നതിനാണ് മോഡലിങ്ങിലേക്ക് എത്തിയത്. ഞാൻ പ്രിയദർശൻ സാറിന്റെ ടീമിന് എന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ടാണ് സാർ ‘നിമിറി’ലേക്ക് വിളിച്ചത്.

നിമിർ തന്ന അവസരം

ഞാൻ ‘നിമിറി’ൽ അഭിനയിച്ചത് സിദ്ദിഖ് സാറിന് അറിയാമായിരുന്നു. അങ്ങനെയാണ് എന്റെ ഫോട്ടോ അദ്ദേഹം കണ്ടത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചതനുസരിച്ച് സിദ്ദിഖ് സാറിനെ പോയി കണ്ടു. അദ്ദേഹം ഓക്കെ പറഞ്ഞു. മൂന്നു നായികമാരിൽ ഒരാളാണെന്ന് അപ്പോഴാണ് അറിഞ്ഞത്. ആദ്യ രണ്ടു സിനിമകളിലും ഇന്ത്യയിലെ വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനായത് വലിയ ഭാഗ്യം.

ബിഗ് ബ്രദർ

വലിയ ടീം, സെറ്റ്, ബിഗ് ബജറ്റ് മൂവി, സിദ്ദിഖ് സാർ, ലാലേട്ടൻ... വലിയ അനുഭവമായിരുന്നു ‘ബിഗ് ബ്രദർ’. ‘ബിഗ് ബ്രദറി’ൽ എന്റെ ആദ്യ ഷോട്ട് ലാലേട്ടനൊപ്പം ആയിരുന്നു. ഡയലോഗ് ഉള്ള സീൻ. സെറ്റിൽ ചെന്നപ്പോഴാണ് ആദ്യ സീൻ ലാലേട്ടന് ഒപ്പമാണ് എന്ന് അറിഞ്ഞത്. വലിയ ഡയലോഗ് ആയതു കൊണ്ട്, നന്നാകുമോ, പറയാൻ പറ്റുമോ, എത്ര ടേക്ക് പോകും തുടങ്ങി കുറേ പേടികളുണ്ടായിരുന്നു. പക്ഷേ, പേടിച്ചതു പോലെ സംഭവിച്ചില്ല. രണ്ട്, മൂന്ന് ടേക്കിൽ ഓക്കെയാക്കി. നന്നായി ചെയ്തു എന്ന് സിദ്ദിഖ് സാർ പറഞ്ഞു. എല്ലാവരും വളരെ സപ്പോർട്ടീവായിരുന്നു. വലിയ സന്തോഷം തോന്നി.

gadha-new-2

ലാലേട്ടൻ എന്ന യൂണിവേഴ്സിറ്റി

അഭിനയത്തിൽ ഒരു യൂണിവേഴ്സിറ്റിയാണ് ലേലേട്ടൻ. എനിക്കും സർജാനോയ്ക്കും ലാലേട്ടനൊപ്പം ഒരു പാട്ട് സീൻ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിൽ, ഷോട്ട് കഴിഞ്ഞാലും അദ്ദേഹം ഞങ്ങൾക്കൊപ്പം ഇരിക്കും. വിശേഷങ്ങൾ പറയും. അഭിനയിക്കുമ്പോൾ കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. എന്നെ സംബന്ധിച്ച് അതൊക്കെ വലിയ പാഠങ്ങളായിരുന്നു.