Friday 09 October 2020 09:31 AM IST : By സ്വന്തം ലേഖകൻ

ലക്ഷണങ്ങളില്ലാതെ കോവിഡ്, 21 ദിവസത്തെ ക്വാറന്റീൻ, ഒടുവിൽ നെഗറ്റീവ്! അനുഭവം പങ്കുവച്ച് ഗൗതമി നായർ

gauthami-nar

കോവിഡിൽ നിന്നും മുക്തയായി നടി ഗൗതമി നായർ. ഇരുപത്തിയൊന്ന് ദിവസം ക്വാറന്റീനിൽ ആയിരുന്നുവെന്നും ഒടുവിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയെന്നും താരം സോഷ്യൽമീഡിയയിൽ കുറിച്ചു.

തന്റെ സഹോദരിക്കും കോവിഡ് പോസിറ്റിവ് ആയതായും താരം കുറിച്ചിട്ടുണ്ട്.

പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും പ്രൈമറി കോണ്ടാക്റ്റിൽ ഉൾപ്പെട്ടിരുന്നതുകൊണ്ടാണ് ടെസ്റ്റ് നടത്താൻ തോന്നിയതെന്നും താരം.‘തിരുവനന്തപുരം ശ്രീചിത്രയിൽ റീസേർച്ചർ ആയി ജോലി നോക്കുകയാണ്. അവിടെയുള്ള സുഹൃത്തിന്റെ ഡിപ്പാർട്മെന്റിൽ കുറച്ചുപേർ കോവിഡ് പോസിറ്റീവ് ആയിരുന്നു, ആ വഴിക്കാണ് എനിക്കും കോവിഡ് ബാധിച്ചതെന്നു കരുതുന്നു. ഇടയ്ക്കിടെ ശക്തമായ തലവേദനയും വയറിനു വേദനയും ഉണ്ടായിരുന്നതൊഴിച്ചാൽ മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സഹോദരിക്കും കോവിഡ് ബാധിച്ചതോടെ വീട്ടിലുള്ള പ്രായമായവർക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ ആലപ്പുഴയുള്ള വീട്ടിലേക്ക് താമസം മാറി ക്വാറന്റീനിൽ തുടരുകയായിരുന്നു.’–ഗൗതമി മനോരമ ഓൺലൈനോട് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ സഹോദരി നാട്ടിൽ അവധിക്കു വന്നപ്പോഴാണ് കോവിഡ് പ്രതിസന്ധി ഉണ്ടാവുകയും തിരികെ പോകാൻ കഴിയാതാവുകയും ചെയ്തതത്. കോവിഡ് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ തനിക്ക് വീണ്ടും ജോലിക്ക് കയറാൻ കഴിയുമെന്നും സഹോദരിക്ക് ഓസ്‌ട്രേലിയലിലേക്ക് മടങ്ങിപ്പോകാൻ കഴിയുമെന്നും ഗൗതമി പറയുന്നു.